പ്രതീക്ഷയേറ്റി വന വിസ്തൃതി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പ്രതീക്ഷയേറ്റി സംസ്ഥാനത്ത് വന വിസ്തൃതി വര്‍ധിക്കുന്നതായി കണക്കുകള്‍. കേന്ദ്ര, സംസ്ഥാന വനം വകുപ്പുകളുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ചു 2016 മുതല്‍ കേരളത്തിന്റെ വന വിസ്തൃതിയില്‍ വര്‍ധനവ് ഉണ്ടാകുന്നുണ്ട്.
വനം, പരിസ്ഥിതി മന്ത്രാലയം കഴിഞ്ഞ ഡിസംബറില്‍ പുറത്തിറക്കിയ വന സര്‍വേ റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ വന വിസ്തൃതി 2017നെ അപേക്ഷിച്ചു 823.29 ച.കി.മീ (ചതുരശ്ര കിലോമീറ്റര്‍ ) വര്‍ധിച്ചുവെന്നു വ്യക്തമാക്കുന്നു. 2017 ലെ വന സര്‍വെയുമായി താരതമ്യം ചെയ്യുമ്പോള്‍ 4.05 ശതമാനത്തിന്റെ വര്‍ധനവ്.
റിപ്പോര്‍ട്ട് അനുസരിച്ച് വന വിസ്തൃതി വര്‍ധിച്ച സംസ്ഥാനങ്ങളില്‍ കേരളത്തിന് മൂന്നാം സ്ഥാനമാണ് ഉള്ളത്. ഒന്നാമത് കര്‍ണാടകയും രണ്ടാമത് ആന്ധ്രാ പ്രദേശുമാണ്. ഇതോടൊപ്പം 2015 മുതല്‍ 19 വരെയുള്ള കാലയളവിനിടയില്‍ കേരളത്തിലെ 15.82 ഹെക്ടര്‍ വന ഭൂമി മറ്റു ആവശ്യങ്ങള്‍ക്കായി മാറ്റിയെടുത്തെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാന വനം വകുപ്പിന്റെ 2017- 18ലെ അഡ്മിനിസ്ട്രേറ്റീവ് റിപ്പോര്‍ട്ട് അനുസരിച്ച് 11521.813 ച.കി.മീ ആണ് കേരളത്തിന്റെ വന വിസ്തൃതി. വന വിസ്തൃതി വര്‍ധിപ്പിക്കുന്നതിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. പരിസ്ഥിതി പ്രാധാന്യമുള്ള കണ്ടല്‍ക്കാടുകളും പുറമ്പോക്ക് ഭൂമിയും റിസര്‍വ് വനമായി പ്രഖ്യാപിക്കാത്ത വന പ്രദേശങ്ങളും റിസര്‍വ് വനമായി പ്രഖ്യാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. കണ്ണൂര്‍ ജില്ലയില്‍ ഇതുവരെ 237.92 ഹെക്ടര്‍ ഭൂമി റിസര്‍വ് വനമായി പ്രഖ്യാപിച്ചു.
തൃശൂരില്‍ 3.38 ഹെക്ടര്‍ ഭൂമിയും വനമേഖലയുടെ ഭാഗമാക്കി. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ യഥാക്രമം 3.85, 20.78, 2.82 ഹെക്ടര്‍ കണ്ടല്‍ കാടുകള്‍ വനമേഖലയുടെ ഭാഗമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."