'ജില്ലയില്‍ പൊലിസ് സഹായത്തോടെ സി.പി.എം അക്രമം അഴിച്ചുവിടുന്നു'
കോഴിക്കോട്: ജില്ലയുടെ വടക്കന്‍ ഭാഗങ്ങളില്‍ പൊലിസിനെ കൂട്ടുപിടിച്ച് സി.പി.എം ബി.ജെ.പി പ്രവര്‍ത്തകര്‍ക്കു നേരെ അക്രമമഴിച്ചുവിടുകയാണെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ടി.പി.ജയചന്ദ്രന് ആരോപിച്ചു.
തെളിവുകള്‍ സഹിതം പരാതിനല്‍കിയിട്ടും മിക്ക സംഭവങ്ങളിലും പൊലിസ് കേസെടുക്കാതിരിക്കുകയാണ്. എടുത്ത കേസുകളില്‍ ദുര്‍ബലമായ വകുപ്പുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഡി.വൈ.എഫ്.ഐയില്‍ നിന്ന് യുവമോര്ച്ചയിലെത്തിയ രണ്ട് യുവാക്കളെ ബാലുശ്ശേരി സന്ധ്യാ തിയേറ്ററില്‍ സംഘംചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം ബാലുശ്ശേരി സി.ഐയ്ക്ക് പരാതിനല്‍കിയിട്ടും നടപടിയെടുത്തിട്ടില്ല. കഴിഞ്ഞ 25ന് രാത്രി തിയേറ്ററില്‍ സിനിമാപ്രദര്‍ശനത്തിനിടെ ദേശിയഗാനാലാപന സമയത്ത് കൂക്കിവിളിച്ചതിനെ ചോദ്യം ചെയ്തതിനാണ് തിയേറ്ററിന് പുറത്ത് വെച്ച് അര്ജുന്, ശരത് എന്നിവരെ ബ്ലോക്ക് നേതാവിന്റെ നേതൃത്വത്തില്‍ ഇരുപതോളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചത്.
കോഴിക്കോട് റെയില്‍വേ സ്റ്റേഷന്റെയും സ്റ്റീല്കോംപ്ലക്സിന്റെയും വികസനത്തിനായി കേന്ദ്രം ആവിഷ്കരിച്ച പദ്ധതികളുടെ പിതൃത്വം മറ്റുള്ളവര്‍ ഏറ്റെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പത്രസമ്മേളനത്തില്‍ കെ.വി.സുധീര്‍, ടി.വി.ഉണ്ണികൃഷ്ണന്, ടി.അനൂപ്, രാജേഷ് കായണ്ണ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."