ജീവിതം പകുത്തുകിട്ടിയ മുജീബ് അലി തിരക്കിലാണ് മറ്റുള്ളവര്‍ക്ക് ജീവന്‍രക്ഷാ മരുന്ന് എത്തിക്കാന്‍
കൊച്ചി: സുമനസുകളുടെ കാരുണ്യംകൊണ്ട് ജീവിതം പകുത്തുകിട്ടിയ മുജീബ് അലി തിരക്കിലാണ്. ലോക്ക് ഡൗണ്‍ കാരണം ജീവന്‍രക്ഷാ മരുന്ന് കിട്ടാന്‍ വഴിയില്ലാതെ ദുരിതമനുഭവിക്കുന്ന തന്നെപ്പോലുള്ളവര്‍ക്ക് അത്യാവശ്യ മരുന്ന് എത്തിക്കാന്‍.
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവരില്‍ നിന്ന് മുജീബ് അലിയുടെ ഫോണിലേക്ക് കോളുകള്‍ വന്നു കൊണ്ടിരിക്കുകയാണ്.
50 ശതമാനം വരെ വിലക്കുറവില്‍ എറണാകുളത്ത് മാത്രം ലഭിക്കുന്ന അത്യാവശ്യ ജീവന്‍രക്ഷാമരുന്നുകള്‍ എങ്ങനെയെങ്കിലും എത്തിക്കാന്‍ കഴിയുമോയെന്ന് ചോദിച്ചുകൊണ്ട്. തന്റെ വരുമാനമാര്‍ഗമായ ടാക്‌സി കാറില്‍ ഒരു സഹായിയെയും വച്ചുകൊണ്ട് മുജീബ് തെക്കുവടക്ക് ഓടുകയാണ്; അത്യാവശ്യക്കാര്‍ക്ക് മരുന്ന് എത്തിച്ചുകൊടുക്കാന്‍. നെടുമ്പാശ്ശേരി അത്താണിയില്‍ വാടകവീട്ടില്‍ ഭാര്യക്കും നാല് മക്കള്‍ക്കുമൊപ്പം കഴിയുന്ന മുജീബ് അലിക്ക് അഞ്ചുവര്‍ഷം മുന്‍പാണ് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. സുമനസുകളുടെ സഹായത്താല്‍ 23 ലക്ഷം രൂപ സമാഹരിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. ജീവിതമാര്‍ഗമായി ഒരാള്‍ വാഹനവും വാങ്ങിക്കൊടുത്തു. ഈ കാറില്‍ പാക്കേജ് ഓട്ടം നടത്തിയാണ് വരുമാനമാര്‍ഗം കണ്ടെത്തിക്കൊണ്ടിരുന്നത്. ലോക്ക് ഡൗണ്‍ വന്നതോടെ വരുമാനം നിലച്ചു. അതിനേക്കാള്‍ വലിയ പ്രതിസന്ധിയായി മുന്നിലെത്തിയത് അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവര്‍ക്ക് ദൈനംദിനം കഴിക്കേണ്ട ജീവന്‍രക്ഷാ മരുന്നുകളുടെ ക്ഷാമമായിരുന്നു.
കിഡ്‌നി ട്രാന്‍സ്പ്ലാന്റ് ഫാമിലി ട്രസ്റ്റ് പ്രസിഡന്റ് കൂടിയായ മുജീബിന് തന്റെ കാര്യം മാത്രം നോക്കിയാല്‍ പോരായിരുന്നു. സംഘടനയിലുള്ള അംഗങ്ങളും പരിചയമുള്ള മറ്റുള്ളവരും എറണാകുളത്തെത്തി മരുന്നുവാങ്ങാന്‍ വിഷമിക്കുന്നതായി അറിഞ്ഞു.
നേരത്തെ മെഡിക്കല്‍ പരിശോധനയ്ക്ക് എറണാകുളത്തെത്തുമ്പോള്‍ മരുന്നുവാങ്ങി മടങ്ങുകയായിരുന്നു പതിവ്. എന്നാല്‍, ലോക്ക് ഡൗണ്‍ കാരണം ട്രെയിന്‍, ബസ് സര്‍വിസുകള്‍ നിലച്ചതോടെ മരുന്നു വാങ്ങാന്‍ വഴിയില്ലാതെ വിഷമത്തിലായവരാണ് എന്തെങ്കിലും വഴിയുണ്ടോയെന്ന് ചോദിച്ച് ഇദ്ദേഹത്തെ വിളിച്ചത്. തുടര്‍ന്നാണ് വാഹനച്ചെലവ് സ്വയംവഹിച്ച് മരുന്ന് എത്തിക്കാന്‍ തീരുമാനിച്ചത്.
ജീവന്‍രക്ഷാ മരുന്നുകള്‍ വാങ്ങി തന്റെ കാറില്‍ ഒരു സഹായിയുമായി അദ്ദേഹം മലപ്പുറം കോട്ടക്കല്‍ വരെ മരുന്ന് എത്തിച്ചുനല്‍കി. അതിനപ്പുറം രാമനാട്ടുകരയിലേക്കും മറ്റും അവിടെ നിന്നുള്ള ചില സുഹൃത്തുക്കള്‍ വഴി മരുന്ന് എത്തിച്ചുകൊടുത്തു. അതിനിടെയാണ് കാസര്‍കോട് നിന്ന് ഒരു രോഗി അത്യാവശ്യം മരുന്ന് എത്തിക്കുമോയെന്ന് ചോദിച്ച് വിളിച്ചത്.
യാത്രയ്ക്കിടയില്‍ കാസര്‍കോട് രജിസ്‌ട്രേഷനുള്ള ആംബുലന്‍സ് മുന്നോട്ടുപോകുന്നത് കണ്ടപ്പോള്‍ കാറില്‍ ആംബുലന്‍സിനെ മറികടന്ന് തടഞ്ഞുനിര്‍ത്തി ഡ്രൈവറുടെ സഹായം തേടുകയായിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍ സഹായിച്ചതോടെ കാസര്‍കോട്ടെ രോഗിക്കും മരുന്ന് എത്തിക്കാനായി. ഇപ്പോള്‍ തിരുവനന്തപുരത്ത് നിന്നും മറ്റും ആളുകള്‍ മരുന്നുതേടി വിളിക്കുന്നുണ്ട്.
പക്ഷേ എത്തിക്കാന്‍ വഴിയില്ലാതെ പ്രയാസപ്പെടുകയാണ് മുജീബ്. അതോടൊപ്പം മറ്റൊരു പ്രതിസന്ധിയും മുന്‍പിലുണ്ട്. ഒരു മാസം 15,000 രൂപയുടെ മരുന്നുവേണം ഇദ്ദേഹത്തിന് തന്നെ. ജീവിതമാര്‍ഗമായ ടാക്‌സിയുടെ ഓട്ടംകൂടി നിലച്ചതോടെ അതിന് എന്ത് ചെയ്യുമെന്ന് അറിയാത്ത സ്ഥിതിയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."