HOME
DETAILS
MAL
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ മോശം പരാമര്‍ശവുമായി പ്രതിഭ എം.എല്‍.എ
backup
April 05 2020 | 04:04 AM
ആലപ്പുഴ: മാധ്യമപ്രവര്‍ത്തകര്‍ ശരീരം വിറ്റു ജീവിക്കുന്നതാണ് നല്ലതെന്ന മോശം പരാമര്‍ശവുമായി സി.പി.എം എം.എല്‍.എ യു. പ്രതിഭ. കോവിഡ്- 19 പ്രതിരോധപ്രവര്ത്തനത്തെച്ചൊല്ലി ഡി.വൈ.എഫ്.ഐയും പ്രതിഭയും തമ്മിലുള്ള പോര് വാര്‍ത്തയായതിനു പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകരെ ആക്ഷേപിച്ച് പ്രതിഭ രംഗത്തുവന്നത്.
മാധ്യമപ്രവര്‍ത്തനത്തെക്കാള്‍ നല്ലത് ശരീരം വിറ്റു ജീവിക്കുന്നതാണെന്നും വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീകളുടെ കാല് കഴുകിയ വെള്ളം കുടിച്ചുകൂടേ എന്നുമൊക്കെയിരുന്നു പ്രതിഭ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞത്. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാതെ പ്രതിഭ ഓഫിസ് പൂട്ടി വീട്ടിലിരിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ നേതാക്കള്‍ സമൂഹമാധ്യമത്തിലൂടെ പരാതി ഉന്നയിച്ചിരുന്നു. സംഭവത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരോട് സി.പി.എം ജില്ലാനേതൃത്വം വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെയാണ് വനിതാ മാധ്യമപ്രവര്‍ത്തകരെയടക്കം അധിക്ഷേപിച്ച് പ്രതിഭ ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ടത്.
ഇതു വലിയ വിവാദമാകുകയും എം.എല്‍.എയെ പാര്‍ട്ടി അതൃപ്തി അറിയിക്കുകയും ചെയ്തതിനു പിന്നാലെ എങ്ങും തൊടാതെയുള്ള വിശദീകരണവുമായി പിന്നീട് പ്രതിഭ രംഗത്തുവന്നു. തെറ്റിദ്ധാരണ ഉണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ടെങ്കിലും ഒരു സ്ത്രീയെന്ന പരിഗണന വേണ്ട, കേരളത്തിലെ അതിഥി തൊഴിലാളികളോടു കാണിക്കുന്ന മര്യാദപോലും ചില മാധ്യമപ്രവര്‍ത്തകര്‍ തന്നോടു കാണിച്ചില്ലെന്ന കുറ്റപ്പെടുത്തലുമുണ്ട്.
പ്രതിഭയുടെ പരാമര്‍ശങ്ങളില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പൊതുപ്രവര്‍ത്തകരുടെ സമൂഹമാധ്യമങ്ങളില്‍ വരുന്ന പോസ്റ്റുകളും കമന്റുകളും മറ്റും വാര്‍ത്തയാകുന്നത് പുതിയ സംഭവമല്ല. എം.എല്‍.എയ്ക്ക് അതൃപ്തിക്കിടയാക്കിയ വാര്‍ത്ത ഏകപക്ഷീയമോ വ്യക്തിഹത്യ നിറഞ്ഞതോ അല്ല. എന്നാല്‍ അതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ മോശമായി ചിത്രീകരിക്കാനാണ് ശ്രമമുണ്ടായതെന്നും യൂനിയന്‍ ജില്ലാ കമ്മിറ്റി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."