ഉപ്പുവെള്ളം കുടിച്ച് അഴീക്കോട്
കണ്ണൂര്‍: തെരഞ്ഞെടുപ്പ് കാലത്ത് ഏറെ ചര്‍ച്ചയായ വിഷയമാണ് അഴീക്കോട് ഭാഗങ്ങളിലെ കുടിവെള്ള പ്രശ്‌നം. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങളായിട്ടും കുടിവെള്ളത്തിന്റെ കാര്യത്തില്‍ ഇന്നും യാതൊരു പരിഹാരവും കണ്ടിട്ടില്ലെന്നാണ് ഇവിടത്തുകാരുടെ പാരാതി.
വേനല്‍ കടുത്തതോടെ കുടിവെള്ള പ്രശ്‌നം രൂക്ഷമായിരിക്കുകയാണ് അഴീക്കോട് ഭാഗങ്ങളില്‍. നിരവധി പദ്ധതികള്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. പ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം
ത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം ഉപ്പുവെള്ളം കിണറുകളിലെത്തുന്നതാണ്. നിലവില്‍ മൂന്നുനിരത്ത്, പൊയ്തുകടവ്, ചാല്‍ബീച്ച് പരിസരം, ഉപ്പായിച്ചാല്‍, അഴീക്കല്‍ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഉപ്പുവെള്ള പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. ഉപ്പുവെള്ളം ഉറവയായി കിണറുകളില്‍ എത്തുന്നതോടെ ഇവിടത്തെ കിണറുകളെല്ലാം ഉപയോഗശൂന്യമാണിപ്പോള്‍. കുളിക്കാനുംഅലക്കാനും പോലും ഇവ ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നാണ് വീട്ടുകാരുടെ പരാതി. പുഴയില്‍ നിന്നു പ്രദേശത്തേക്കു കയറുന്ന ഉപ്പുവെള്ളം നിയന്ത്രിക്കാന്‍ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് തടയണകള്‍ സ്ഥാപിക്കാറുണ്ട്. വാര്‍ഷാവര്‍ഷം നടക്കുന്ന ഈ പ്രവൃത്തി കൊണ്ട് വലിയ വ്യത്യാസമൊന്നും കാണുന്നുമില്ല. മൂന്നുനിരത്ത് കവലയ്ക്കു സമീപം ഒഴുകുന്ന തോടുകളില്‍പോലും ഉപ്പിന്റെ അംശം കൂടുതലായി പൊങ്ങി നില്‍ക്കുന്നതു കാണാം. നേരത്തെ കര പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കിണര്‍ നിര്‍മിച്ച് വെള്ളം പമ്പ് ചെയ്യാനുള്ള സംവിധാനം ആവിഷ്‌കരിച്ചിരുന്നു. എന്നാല്‍ വേനല്‍ കടുക്കുന്നതോടെ കിണറുകളില്‍ ജലം ക്രമാതീതമായി താഴുന്നതിനാല്‍ ഈ പദ്ധതിയും ജനങ്ങളുടെ രക്ഷയ്‌ക്കെത്തുന്നില്ല.
വീടുകളിലേക്ക് വെള്ളം എത്തിക്കുന്നതിനായി ഇപ്പോള്‍ വാട്ടര്‍ അതോറിറ്റിയുടെ ലൈനുകളാണ് പ്രദേശത്തുകാരുടെ ഏകആശ്രയം. റോഡുകളുടെയും മറ്റും അറ്റകുറ്റപ്പണിയെ തുടര്‍ന്ന് പൈപ്പുകള്‍ പൊട്ടുന്നതു കാരണം പ്രദേശത്തുകാരുടെ കുടിവെള്ളം പതിവായി മുടങ്ങാറുമുണ്ട്. അഴീക്കല്‍പോര്‍ട്ട്, വളപട്ടണം പ്ലൈവുഡ് ഫാക്ടറി തുടങ്ങിയ തൊഴിലിടങ്ങളിലേക്കുള്ള ഇതരസംസ്ഥാനക്കാര്‍ അഴീക്കോട് മേഖലയിലാണ് കൂടുതലായും തമ്പടിച്ചിരിക്കുന്നത്.
പഞ്ചായത്തിന്റെ പൊതുടാപ്പുകളില്‍ നിന്നും വെള്ളം ശേഖരിച്ചാണ് ഇവര്‍ കഴിച്ചു കൂട്ടുന്നത്. വലിയ ബാരലുകളില്‍ വെള്ളം ശേഖരിക്കാനെത്തുന്ന ഇതരസംസ്ഥാനക്കാരുടെ നീണ്ട നിരയാണ് ഇവിടെ ഓരോ ടാപ്പിനു മുന്നിലും കാണാനാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."