സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിക്ക് 2.13 കോടി അനുവദിച്ചു
കല്‍പ്പറ്റ: വന്യമൃഗങ്ങളോട് പോരടിച്ച്് ജീവന്‍ കയ്യില്‍പിടിച്ചുള്ള ചെട്യാലത്തൂര്‍ വനഗ്രാമത്തിലെ കുടുംബങ്ങളുടെ ദുരിത ജീവതിത്തിന് അറുതിയാകുന്നു. വയനാട് വന്യജീവി സങ്കേതത്തിലെ ചെട്ട്യാലത്തൂര്‍ സെറ്റില്‍മെന്റില്‍ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയിലെ 48 ഗുണഭോക്താക്കള്‍ക്ക് ആദ്യഗഡുവായ 2,13,00,000 രൂപ അനുവദിച്ചതോടെയാണ് ഇവരുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദുരിതത്തിന് ആശ്വാസമാകുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി സംസ്ഥാന ധനകാര്യവകുപ്പ് 13.50 കോടി രൂപയാണ് ജില്ലാ കലക്ടറുടെ അക്കൗണ്ടിലേക്ക് ജൂണ്‍ രണ്ടിന് നിക്ഷേപിച്ചിരുന്നത്. ഇതില്‍ നിന്നാണ് 48 കുടുംബങ്ങള്‍ക്കുള്ള രൂപയുടെ ചെക്ക് കലക്ടര്‍ എസ്. സുഹാസ് കൈമാറിയത്.
തലമുറകളായി വനഗ്രാമത്തില്‍ താമസിച്ചുവന്നിരുന്ന ചെട്യാലത്തൂര്‍കാര്‍ക്ക് ജീവിതം ദുസഹമായത് വന്യമൃഗശല്യം രൂക്ഷമായതോടെയാണ്. നൂറിലേറെ കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. അതില്‍ പകുതിയിലേറെയും ഗോത്രവര്‍ഗ കുടുംബങ്ങളാണ്. ഇവിടെ ഇതുവരെ വൈദ്യുതിയോ നല്ലവഴിയോ ലഭിച്ചിട്ടില്ല. സമീപത്തുള്ള ബത്തേരി-പാട്ടവയല്‍ അന്തര്‍സംസ്ഥാന പാതയിലെത്തണമെങ്കില്‍ മൂന്നു കിലോമീറ്റര്‍ ദൂരം വനപാതയിലൂടെ നടന്നുവരണം. വരുന്നവഴിയില്‍ എപ്പോള്‍ വേണമെങ്കിലും ആന, കടുവ, കരടിയടക്കമുള്ളവയുടെ മുന്നിലകപ്പെടാം. സന്ധ്യ മയങ്ങിയാല്‍ പിന്നെ പുറത്തിറങ്ങാന്‍ പറ്റില്ല. കുട്ടികളെ പഠിക്കാന്‍ വരെ വിടാന്‍പറ്റാത്ത അവസ്ഥയാണ്.
ഗ്രമത്തില്‍ ആകെയുള്ള എല്‍.പി സ്‌കൂളിലെ പഠനം പൂര്‍ത്തിയായല്‍പിന്നെ പലരും മക്കളെ പഠിക്കാന്‍ വിടാറില്ല. താല്‍പ്പര്യമില്ലാഞ്ഞിട്ടല്ല, മക്കളുടെ ജീവനില്‍ പേടിയുള്ളത് കൊണ്ടാണ്. തുടര്‍ പഠനത്തിന് 20 കിലോമീറ്റര്‍ സഞ്ചരിച്ച് ബത്തേരിയിലെത്തണമെന്നതാണ് മറ്റൊരു കാര്യം. അതിനായി അതിരാവിലെ കാട്ടുവഴിയിലൂടെ വേണം ബസ് കിട്ടുന്ന സ്ഥലത്തെത്താന്‍. വൈകിട്ട് തിരച്ചെത്തുമ്പോഴേക്കും ഏഴ് മണിയാവും. ഒരു ബസ് കിട്ടാതിരിക്കുകയോ ഇല്ലാതിരിക്കുകയോ ചെയ്താല്‍ പിന്നെ പറയേണ്ടതുമില്ല. ഇത്തരത്തില്‍ പുറത്തുപോയി പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ കാടിന് പുറത്ത് കാത്തുനിന്നാണ് കൂട്ടി മടങ്ങുന്നത്. പലപ്പോഴും ആനയുടെ മുന്നിലകപ്പെട്ട് പലര്‍ക്കും പരുക്കേറ്റ സംഭവമുണ്ടായിട്ടുണ്ട്.
എതായാലും പദ്ധതിയുടെ നടത്തിപ്പിനായി സംസ്ഥാന ധനകാര്യവകുപ്പ് തുക അനുവദിച്ചത് ഏറെ ആശ്വാസത്തോടെയാണ് ഈ കുടുംബങ്ങള്‍ കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."