കൊറോണ വ്യാപനം ദ്രുത ഗതിയിൽ; ആശ്വാസ പദ്ധതികൾ ധാരാളമെങ്കിലും, ആശങ്കയോടെ ഗൾഫ് പ്രവാസികൾ
റിയാദ്: ഗൾഫ് മേഖലയിൽ കൊറോണ വ്യാപനം വർധിക്കുന്നത് പ്രവാസികളിൽ ഏറെ ആശങ്ക പരത്തുന്നു. ഏറെ പ്രതിസന്ധിയിലായ പ്രവാസ ലോകത്തെ സഹായിക്കാനായി ഗൾഫ് ഭരണ കൂടങ്ങൾ വിവിധ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും പ്രവാസ ലോകത്ത് ആശങ്ക വിട്ടൊഴിയുന്നില്ല. ദിനം പ്രതി വർദ്ധിക്കുന്ന രോഗ നിരക്കും മരണ നിരക്കും തൊല്ലൊരു ആശങ്കയോടെയല്ലാതെ നോക്കിക്കാണാൻ കഴിയുന്നില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ സഊദിയിൽ 331 വൈറസ് ബാധ കേസുകളും നാല് മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്‌തത്. നേരത്തെ കണക്കു കൂട്ടിയിരുന്നതിനേക്കാളും കാര്യങ്ങൾ കൈവിട്ടു പോകുന്നുവെന്ന ആശങ്ക ഇതോടെ വർദ്ധിക്കുകയാണ്.
പ്രതിസന്ധികൾ തീർന്ന് ഇനി എന്ന് ജോലിക്ക് പോകാൻ കഴിയുമെന്ന ആശങ്കയിലാണ് സാധാരണ തൊഴിലാളികൾ. മലയാളികൾ ഏറെയുള്ള ബൂഫിയ, ബഖാല, ചെറുകിട സ്ഥാപനങ്ങൾ എന്നിവയിലൂടെ ജീവിതം തള്ളി നീക്കുന്നവർ നിലവിലെ സാഹചര്യത്തിൽ നിത്യ വരുമാനമില്ലാതെ ദുരിതത്തിലാകുന്നതിനു പുറമെ നാട്ടിലേക്ക് പണമയക്കാൻ കഴിയാതെ പ്രതിസന്ധിയിലാണ്. നിലവിലെ അവസ്ഥയിൽ ഇവരെ ആശ്രയിച്ച് കഴിയുന്ന മലയാളി കുടുംബങ്ങളും ഏറെ നെടു വീർപ്പോടെയാണ് കാര്യങ്ങൾ വീക്ഷിക്കുന്നത്.
കോവിഡ്-19 പ്രതിസന്ധിയിൽ നിന്ന് കരകയറിയാൽ പോലും ലക്ഷക്കണക്കിനു മലയാളികളടക്കമുള്ള പ്രവാസികളുടെ ജോലികൾ ത്രിശങ്കുവിലാണ്. കൊറോണ വൈറസ് പ്രതിസന്ധി ഗൾഫ് മേഖലയിൽ പതിനേഴ് ലക്ഷം തൊഴിലുകൾ നഷ്ടമാകുമെന്ന കണക്കുകൾ കഴിഞ്ഞയാഴ്ചയാണ് പുറത്ത് വന്നത്. .
ദുബായിൽ സ്വകാര്യ കമ്പനികളിലെ ജീവനക്കാരെ വെട്ടിക്കുറക്കാൻ കമ്പനികൾക്ക് അനുവാദം നൽകിക്കഴിഞ്ഞു. മാത്രമല്ല നില നിർത്തുന്ന തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറക്കാനും കമ്പനികൾക്ക് അനുവാദവുമുണ്ട്`. കൊറോണാ കാല സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് കമ്പനികൾക്ക് കര കയറാൻ വേണ്ടിയാണ് ഇങ്ങനെ തൊഴിൽ മന്ത്രാലയം അനുമതി നൽകുന്നതെന്നാണ് വിശദീകരണം.
ശമ്പളത്തോടെയോ അല്ലാതെയോ അവധി നൽകി വീട്ടിലിരുന്ന് ജോലി ചെയ്യാൻ പറയാൻ കമ്പനികൾക്ക് അധികാരമുണ്ട്. മുസ്‌ലിം ലോകത്തിന്റെ ഹൃദയമായ മക്കയും മദീനയും മുഴുസമയ കർഫ്യുവിലായിട്ട് നാളുകളായി. കൂടാതെ, സഊദിയുടെ മറ്റു മേഖലകളായ ദമാം, ഖത്വീഫ്, തായിഫ് , എന്നിവിടങ്ങളിൽ കർഫ്യു സമയം ദീർഘിപ്പിക്കുകയും ജിദ്ദയും റിയാദും പല പ്രവിശ്യകളും 24 മണിക്കൂർ കർഫ്യു പ്രഖ്യാപിക്കുകയും ചെയ്‌തതോടെ ആളുകൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതി വിശേഷമാണുള്ളത്. സഊദിക്ക് പുറമെ മുഴുവൻ ഗൾഫ് രാജ്യങ്ങളിലും ഇതേ അവസ്ഥയാണുള്ളത്. സന്നദ്ധ സംഘങ്ങളെയും മറ്റും ആശ്രയിച്ച് കഴിയുന്നവരുടെ എണ്ണവും ദിനം പ്രതി വർധിക്കുകയാണ്. നിലവിലെ അവസ്ഥ ഏറെ കാലം തുടർന്നാൽ എന്തായിരിക്കും സ്ഥിതിയെന്ന അങ്കലാപ്പിലാണ് പ്രവാസ ലോകം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."