സഹിഷ്ണുതയുടെ കംബോഡിയന്‍ കാഴ്ചകള്‍
മറ്റൊരവസരത്തിലുമില്ലാത്ത വിധം ഒരുമിച്ചു കൂടുകയും സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുന്ന മാസമായതിനാല്‍ തന്നെ, മുസ്‌ലിംകള്‍ എണ്ണിത്തീര്‍ക്കാവുന്നയത്ര മാത്രം ജനസംഖ്യയുള്ള നാടുകളിലെ മുസ്‌ലിംജീവിതത്തെ തൊട്ടറിയാന്‍ ഏറ്റവും ഉചിതമായ സമയം റമദാനാണ്. ബുദ്ധമത വിശ്വാസികള്‍ക്ക് സിംഹഭൂരിപക്ഷമുള്ള കംബോഡിയ ഇതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല. കിഴക്ക് വിയറ്റ്‌നാമും പടിഞ്ഞാറ് തായ്‌ലന്‍ഡും വടക്ക് ലാവോസും അതിരിടുന്ന രാജ്യമാണ് കംബോഡിയ. മലേഷ്യന്‍ ഉപദ്വീപില്‍ നിന്നു വടക്കു പടിഞ്ഞാറു ഭാഗത്തേക്ക് 2,100 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അവിടെയെത്താം.
നോമ്പു തുറക്കുന്നതിന്റെ മൂന്നു മണിക്കൂര്‍ മുന്‍പ് കംബോഡിയന്‍ തലസ്ഥാനമായ പ്‌നോം പെനിലെ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ ഞങ്ങള്‍ വിമാനമിറങ്ങി. ഏതാനും മലേഷ്യന്‍ കറന്‍സികള്‍ കംബോഡിയന്‍ റിയലിലേക്കു മാറ്റിയതിനു ശേഷം ഞങ്ങള്‍ പുറത്തിറങ്ങി. സമാന്‍ സര്‍വകലാശാലയിലെ സെമിനാറില്‍ പ്രബന്ധമവതരിപ്പിക്കുന്ന സുഹൃത്ത് സുഹൈല്‍ ഹിദായയെ സ്വീകരിക്കാനെത്തിയ വിദ്യാര്‍ഥി റോബിന്‍ ബണ്ണിനോടൊപ്പം ഞങ്ങള്‍ താമസത്തിനായി ബുക്ക് ചെയ്ത ഹോട്ടലിലേക്കു തിരിച്ചു.
പ്‌നോം പെന്‍ പട്ടണം പ്രതീക്ഷിച്ചതിന് തീര്‍ത്തും വിരുദ്ധമായിരുന്നു. അഞ്ചു വര്‍ഷത്തിനു ശേഷം മുഖഛായ തന്നെ മാറുമെന്നു തോന്നിപ്പിക്കുംവിധം പട്ടണം മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. റോഡിലെ അനിയന്ത്രിത തിരക്കും വേഗതയും സാന്ദ്രതയും കൊല്‍ക്കത്തയിലെ ഹൗറ പാലത്തെ അനുസ്മരിപ്പിച്ചു. പട്ടണത്തിന്റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന മിഡ്‌ലാന്‍ഡ് ത്രീ സ്റ്റാര്‍ ഹോട്ടലില്‍ സാമഗ്രികള്‍ വച്ച് യാത്രാ ക്ഷീണമകറ്റി നോമ്പു തുറക്കാനുള്ള സൗകര്യങ്ങള്‍ തേടി ഞങ്ങള്‍ പുറത്തിറങ്ങി. കുടിക്കാനുള്ള വെള്ളവും ഈത്തപ്പഴവും ആദ്യമേ കരുതിയിരുന്നുവെങ്കിലും പിന്നീടുള്ള ആഹാരം ഉറപ്പു വരുത്താനായി ഞങ്ങള്‍ ലക്ഷണമൊത്തെന്നു തോന്നിയ ഒരു റെസ്റ്റോറന്റില്‍ കയറി. ഹലാല്‍ ഹോട്ടലുകളോ റസ്റ്റോറന്റുകളോ കണ്ടെത്താന്‍ സമയമില്ലാത്തതിനാല്‍ മാംസാഹാരങ്ങളൊന്നും കഴിക്കാന്‍ ഉദ്ദേശ്യമില്ലായിരുന്നെങ്കിലും ഒരു പൊടിക്കു പോലും ഇംഗ്ലീഷ് സംസാരിക്കാനറിയാത്ത വെയ്റ്ററുടെ കൈയില്‍ നിന്നു മൃഷ്ടാന്നമൊപ്പിക്കാനും വില കൊടുത്തു തിരിച്ചുപോരാനും ഏറെ പാടുപെട്ടു.
അങ്കോര്‍വാട്ട്
ഒന്‍പതാം നൂറ്റാണ്ടു മുതല്‍ പന്ത്രണ്ടാം നൂറ്റാണ്ടു വരെയുള്ള കാലയളവില്‍ വിയറ്റ്‌നാം മുതല്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെ വിശാലമായിക്കിടന്ന ഖെമര്‍ (ഗവാലൃ) ഭരണകൂടത്തിലെ ഭരണാധികാരിയായിരുന്ന സൂര്യവര്‍മന്‍ രണ്ടാമന്‍ നിര്‍മിച്ച മനോഹര ക്ഷേത്ര സമുച്ചയമാണ് അങ്കോര്‍വാട്ട് (അിഴസീൃ ംമ)േ. പ്‌നോം പെന്‍ സിറ്റിയില്‍ നിന്ന് മുന്നോറോളം കി.മീ അകലെയുള്ള സിയം റീപ്പ് എന്ന പ്രദേശത്താണിതുള്ളത്്. കംബോഡിയന്‍ ഖെമര്‍ ഭാഷയില്‍ വാട്ട് എന്നാല്‍ പഗോഡ, ക്ഷേത്രം എന്നും അങ്കോര്‍ എന്നാല്‍ പട്ടണം എന്നുമാണര്‍ഥം. അങ്കോര്‍വാട്ട് എന്നാല്‍ ക്ഷേത്രങ്ങളുടെ പട്ടണം എന്നര്‍ഥം. കേവലം ക്ഷേത്ര സമുച്ചയം എന്നതിലുപരി റോഡുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവയടങ്ങുന്ന ഖെമര്‍ ഭരണകൂടത്തിന്റെ തലസ്ഥാന നഗരിയായിരുന്നു അങ്കോര്‍വാട്ട്. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ 30 വര്‍ഷമെടുത്തു പണിതു തീര്‍ത്ത അങ്കോര്‍വാട്ട് ഇന്ന് ലോകത്തെ ഏറ്റവും വലിയ മതകീയ സ്മാരക മന്ദിരമാണ്. കംബോഡിയയുടെ ദേശീയപതാകയില്‍ സ്ഥാനം പിടിച്ച ഈ സമുച്ചയം സംരക്ഷിക്കാനായി ആഗോളതലത്തില്‍ യുനെസ്‌കോക്കുകീഴില്‍ വലിയ തോതിലുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നുണ്ട്. പല ഭാഗങ്ങളുടെയും സംരക്ഷണത്തിന് ഇന്ത്യയും സഹായിച്ചിട്ടുണ്ട്. പലയിടങ്ങളിലും ഇന്ത്യാ-കംബോഡിയ സര്‍ക്കാരുകളുടെ സഹകരണ സംരംഭമാണെന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചത് കാണാം. ഹിന്ദു രാജാവായിരുന്ന സൂര്യവര്‍മന്‍ മരിച്ചു രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷം ബുദ്ധമതരാജാവായിരുന്ന ജയവര്‍മന്‍ ഏഴാമന്‍ ഈ സമുച്ചയം ബുദ്ധ ക്ഷേത്രങ്ങളായി പ്രഖ്യാപിക്കുകയും അവയുടെ ചുറ്റുവട്ടങ്ങളില്‍ ബായണ്‍, പ്രീ ഖാന്‍, താ പ്രോം തുടങ്ങിയ പേരുകളില്‍ പല ക്ഷേത്ര സമുച്ചയങ്ങളും നിര്‍മിക്കുകയുമുണ്ടായി. ഖെമര്‍ ഭരണകൂടത്തിന്റെ പരമ്പരാഗത ശത്രുക്കളായിരുന്ന ഛാം വംശത്തിന്റെ രാജാവായിരുന്നു ജയവര്‍മന്‍. പില്‍ക്കാലത്ത് പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഒരു ഛാംപ രാജാവ് ഇസ്‌ലാം മതം സ്വീകരിച്ചതിനെ തുടര്‍ന്ന് പ്രസ്തുത വംശത്തില്‍ ഇസ്‌ലാമിന് ഏറെ പ്രചാരം ലഭിച്ചു. ഇന്ന് കംബോഡിയയിലെയും വിയറ്റ്‌നാമിലെയും മുസ്‌ലിം ജനസംഖ്യയുടെ ഭൂരിഭാഗവും ഛാം വംശജരും മലായ് വംശജരുമാണ്.
ബുദ്ധ ഭക്തന്മാര്‍ കൈകൂപ്പിയാണ് ആരെയും ക്ഷേത്രകവാടത്തില്‍ സ്വീകരിക്കുന്നത്. ക്ഷേത്ര സമുച്ചയത്തിന് ചുറ്റും 100 മീറ്ററോളം വീതിയില്‍ തടാകം നിര്‍മിച്ചിരിക്കുന്നു. നാലിഞ്ചോളം വ്യാസമുള്ള കൊത്തുപണികള്‍ മുതല്‍ ഗൗതമബുദ്ധന്റെ ഭീമന്‍ കല്ലു ശില്‍പങ്ങളടക്കമുള്ള വളരെ സൂക്ഷ്മവും അത്രമേല്‍ സ്ഥൂലവുമായ വൈവിധ്യമാര്‍ന്ന കരവിരുത് ആരുടെയും മനം കവരും. കണ്ണുകള്‍ വിടര്‍ന്നു ചിരിക്കുന്ന ബുദ്ധന്റെ മുഖം നൂറുകണക്കിന് അടി ഉയരത്തില്‍ നാലുവശങ്ങളിലായി കൊത്തി വച്ച അനേകം കല്‍ത്തൂണുകള്‍ അങ്കോര്‍വാട്ടിന്റെ പ്രൗഢിക്ക് മാറ്റുകൂട്ടുന്നു.
അങ്കോര്‍വാട്ടിനു പുറമെ അനുബന്ധമായി ജയവര്‍മരാജാവ് നിര്‍മിച്ച ബായണ്‍, പ്രീ ഖാന്‍, താ പ്രോം തുടങ്ങിയ സമുച്ചയങ്ങളും സന്ദര്‍ശിച്ചു. ഭീമന്‍ കല്ലുകള്‍ കൊണ്ടാണ് ഓരോന്നിന്റെയും നിര്‍മിതി. ഒരു നാലുനില കെട്ടിടത്തിന്റെയത്ര ഉയരത്തില്‍ കല്ലുഗോപുരങ്ങള്‍ നിര്‍മിച്ചിരിക്കുന്നു. അവയുടെ ഉള്ളിന്റെയുള്ളില്‍ ശ്രീകോവിലുകളും. ചില ക്ഷേത്രങ്ങളുടെ ഉള്‍ഭാഗത്തെ ചുമരുകളില്‍ വെടിയുണ്ട തറച്ച പോലെ ധാരാളം ദ്വാരങ്ങളുണ്ട്. വൈദ്യുതിയോ മറ്റോ ഇല്ലാത്ത കാലത്ത് ഉള്‍ഭാഗങ്ങളിലെ വെളിച്ചം പ്രതിഫലിപ്പിക്കാന്‍ വേണ്ടി ഇന്ദ്രനീലം, മരതകം, വജ്രം, റൂബി തുടങ്ങിയ വിലപിടിപ്പുള്ള കല്ലുകള്‍ വച്ചുപിടിപ്പിച്ചിരുന്നതിന്റെ അടയാളങ്ങളാണ് അവയെന്ന് ഗൈഡ് വിശദീകരിച്ചു.
നാനൂറിലേറെ ചതുരശ്ര ഏക്കറില്‍ വിശാലമായി പരന്നുകിടക്കുന്ന അങ്കോര്‍വാട്ട് ചരിത്ര വിദ്യാര്‍ഥികള്‍ക്ക്, പ്രത്യേകിച്ച് മതതാരതമ്യ പഠനം നടത്തുന്നവര്‍ക്കു പാഠപുസ്തകമാണ്. ചുവരുകള്‍ മുഴുവന്‍ ഹിന്ദു ഇതിഹാസങ്ങളുടെയും പുരാണങ്ങളുടെയും ചിത്രീകരണങ്ങള്‍ കൊണ്ട് സമൃദ്ധമാണെങ്കിലും പിന്നീട് അവ ബുദ്ധമതത്തിന്റെ കേന്ദ്രമായി മാറിയ ചരിത്രം ഏറെ താല്‍പര്യജനകമാണ്. മുവ്വായിരത്തോളം വര്‍ഷം പഴക്കമുള്ളതും (ബി.സി 1500-2000) പുരാതന ഹിന്ദുസംസ്‌കാരത്തിന്റെ (ആര്യന്മാരുടെ) അടിസ്ഥാന ഗ്രന്ഥവുമായ ഋഗ്വേദത്തില്‍ മൃഗബലിക്കും അവയുടെ ബലിയര്‍പ്പണത്തിനും വലിയ പ്രാധാന്യം നല്‍കിയതായി കാണാം. എന്നാല്‍ അക്കാലത്ത് ഇന്ത്യയിലുണ്ടായിരുന്ന ആര്യന്മാരല്ലാത്ത ജനതയുടെ മതസങ്കല്‍പങ്ങള്‍ മൃഗബലി പോലുള്ള കര്‍മാചാരങ്ങള്‍ക്കെതിരായിരുന്നു. അതുകൊണ്ടുതന്നെ ആര്യന്മാരും ഇന്ത്യന്‍ ജനതയും തമ്മില്‍ പല പ്രത്യയശാസ്ത്ര സംഘട്ടനങ്ങളും യുദ്ധങ്ങളും നടന്നിട്ടുണ്ടെന്നു ചരിത്രം പറയുന്നു. ആര്യമതത്തിന്റെ ആശയങ്ങള്‍ അഹിംസയിലധിഷ്ഠിതമായ ബുദ്ധമതാശയങ്ങള്‍ക്കു വഴിമാറിക്കൊടുത്തതിന്റെ മൂര്‍ത്ത സാക്ഷ്യങ്ങളിലൊന്നായി അങ്കോര്‍വാട്ടിനെ വിലയിരുത്താം.
ജെനോസൈഡ് മ്യൂസിയം
ജെനോസൈഡ് എന്നാല്‍ കൂട്ടക്കൊല എന്നര്‍ഥം. 1975ല്‍ അമേരിക്കയുടെയും മറ്റു പടിഞ്ഞാറന്‍ രാജ്യങ്ങളുടെയും മുതലാളിത്തം പോലെയുള്ള ആശയങ്ങള്‍ കംബോഡിയന്‍ ജനതയെ കളങ്കപ്പെടുത്തിയെന്നും അതിനു പരിഹാരമായി രാജ്യത്തു പുതിയ സംവിധാനം വേണമെന്നും ആവശ്യപ്പെട്ട് ഖെമര്‍ റൂഷ് എന്ന ഒരു കമ്മ്യൂണിസ്റ്റ് ഗ്രൂപ്പ് രംഗത്തെത്തുകയുണ്ടായി. തീവ്ര മാവോയിസ്റ്റായ പോള്‍ പോട്ട് എന്ന സ്വേഛാധിപതിക്കു കീഴില്‍ ഭരണം പിടിച്ചെടുത്ത ഇവര്‍ കംബോഡിയയുടെ പേര് ഡെമോക്രാറ്റിക് കംപൂച്ചിയ എന്നാക്കുകയും ചെയ്തു. ഖെമര്‍ റൂഷിന്റെ പ്രത്യയശാസ്ത്ര നവീകരണത്തോടു വിസമ്മതിച്ചു നിന്നവരെ തിരഞ്ഞുപിടിച്ചു തടവിലാക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. മുസ്‌ലിംകള്‍, ബുദ്ധന്മാര്‍, ക്രിസ്ത്യാനികള്‍ തുടങ്ങി എല്ലാ മതക്കാരും പ്രത്യേകം പീഡിപ്പിക്കപ്പെട്ടിരുന്നു. 1975നും 1979നുമിടയില്‍ ഇങ്ങനെ രണ്ടു മില്യനോളം ജനങ്ങളെ ഇവര്‍ കൂട്ടക്കൊലക്കിരയാക്കിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ജനങ്ങളെ പീഡിപ്പിക്കാനും കൂട്ടക്കൊലക്കിരയാക്കും തടവിലിടാനും ഖെമര്‍ റൂഷ് പ്രധാനമായും ഉപയോഗപ്പെടുത്തിയ തുവോല്‍ സ്‌ളെങ് എന്ന പ്രദേശം, പ്‌നോം പെന്നിലെ പ്രധാന നദിയായ മെക്കോങ്ങ് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്.
വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും മ്യൂസിയത്തിനകത്തേക്ക് പ്രവേശനം സൗജന്യമാണ്. മ്യൂസിയത്തിനകത്തും പുറത്തും ഭീതിപ്പെടുത്തുന്ന ശാന്തതയായിരുന്നു. മെക്കോങ് നദിയെ തഴുകിയെത്തുന്ന സുഗന്ധമുള്ള കാറ്റ് തുവോല്‍ സ്‌ളെങില്‍ എത്തുമ്പോള്‍ നിശബ്ദമായ ആര്‍ത്തനാദങ്ങളുടെയും മരണത്തിന്റെയും താഴ്‌വരയായ ഈ പ്രദേശത്തെവിടെയോ പോയി വിലയം പ്രാപിക്കുന്നു.
തുവോല്‍ സ്‌ളെങിലെ ഒരു സ്‌കൂളിന്റെ മൂന്നു നിലയുള്ള മൂന്ന് കെട്ടിടങ്ങളാണ് പോള്‍പോട്ട് തന്റെ ഇരകളെ കൊല്ലാകൊല ചെയ്യാന്‍ ഉപയോഗിച്ചത്. എസ്-12 എന്നാണ് ജയിലുകളാക്കി മാറ്റിയതിനു ശേഷം ഈ കെട്ടിടങ്ങള്‍ക്ക് ഖെമര്‍ റൂഷ് നല്‍കിയ പേര്. തടവുകാര്‍ മരണം കാത്തുകിടന്ന കട്ടിലുകളും അവരുപയോഗിച്ച പായകളും അതേപടി വച്ചിട്ടുണ്ട്. അഭ്യസ്ത വിദ്യരായ തടവുകാര്‍ക്കു മാത്രമാണു കട്ടിലും പായയും അനുവദിച്ചിരുന്നത്. സാധാരണക്കാരുടെ തടവറകള്‍ ഒന്നര മീറ്റര്‍ വീതിയും മൂന്നു മീറ്റര്‍ നീളവും പരുക്കന്‍ തറയുമുള്ള ഇഷ്ടികക്കൂടുകളാണ്. ഓരോ ഇഷ്ടികക്കൂടിന്റെ മൂലയിലും തറയില്‍ ഉറപ്പിച്ച ചങ്ങലകളും വച്ചിരിക്കുന്നു. ഓരോ തടവറയിലും ഇരുമ്പിന്റെ ചെറിയൊരു പെട്ടിയുമുണ്ട്. തടവുകാര്‍ പ്രാഥമികകര്‍മങ്ങള്‍ നിറവേറ്റിയിരുന്നത് ആ പെട്ടികളിലായിരുന്നത്രേ! കൊല്ലപ്പെട്ടവരുടെ തലയോട്ടികള്‍ അടുക്കിവച്ച ചില്ലലമാരകള്‍ക്കരികെ നിന്ന് ഫോട്ടോ എടുത്തപ്പോള്‍ ഒരു നിമിഷത്തേക്കെങ്കിലും ഞാനൊരു സാഡിസ്റ്റായോ എന്നു തോന്നിപ്പോയി. ചില അലമാരകളിലെ തലയോടുകളുടെ നെറുകയില്‍ അര സെന്റീമീറ്റര്‍ വ്യാസത്തില്‍ ദ്വാരങ്ങളുണ്ട്. ആ ദ്വാരങ്ങളുടെ ആഘാതമെന്നോണം തലയോട്ടികള്‍ നാലു ഭാഗമായി പിളര്‍ന്നതും കാണാമായിരുന്നു. തടവുകാരെ ജീവനോടെ ഡ്രില്ലറുപയോഗിച്ച് കൊന്നതിന്റെ അടയാളമാണവയെന്ന് ഗൈഡ് വിശദീകരിക്കുന്നതു കേട്ടപ്പോള്‍ ശരിക്കും സ്തബ്ധനായിപ്പോയി. തടവുകാരെ കൈകാലുകള്‍ ബന്ധിച്ചു തലകീഴായി ശ്വാസം മുട്ടിച്ചു കൊല്ലാനുപയോഗിച്ച ഇരുമ്പു വീപ്പയ്ക്കുള്ളിലേക്ക് എത്തിനോക്കാന്‍ ധൈര്യം വന്നില്ല. ഇരകളെ കൊളുത്തിയിടാന്‍ ഉപയോഗിച്ച നീളമുള്ള ഇരുമ്പു കൊളുത്തുകള്‍ ചില മുറികളിലെ ചുവരിനോടു ചാരി അടുക്കിവച്ചിരിക്കുന്നു.
വളര്‍ന്നു വരുന്ന കുഞ്ഞുങ്ങളെ മസ്തിഷ്‌ക പ്രക്ഷാളനം ചെയ്തു തങ്ങളുടെ ആശയത്തിന്റെ അടിമകളാക്കിമാറ്റാന്‍ ഖെമര്‍ റൂഷ് ശ്രമിച്ചിരുന്നു. അതിന് വേണ്ടി അവര്‍ക്ക് ആയുധ പരിശീലനവും നല്‍കി. അത്തരം ചില കുട്ടികളുടെ സഹതാപമുണര്‍ത്തുന്ന ചിത്രങ്ങള്‍ മ്യൂസിയത്തിന്റെ ചുവരുകളില്‍ പതിച്ചിട്ടുണ്ട്. വിപ്ലവത്തിന്റെ തീക്ഷ്ണതക്കു പകരം അവരുടെ കണ്ണുകളില്‍ മുറ്റിനില്‍ക്കുന്നതു വിവരണാതീതമായ ദൈന്യതയാണ്. തടവുകാരെ മറ്റൊരു വിചിത്രമായ ശിക്ഷയ്ക്കു കൂടി ഖെമര്‍ റൂഷ് വിധേയമാക്കിയിരുന്നു; യാതൊരു ക്രമമോ ഔചിത്യമോ പാലിക്കാതെ ആണ്‍ തടവുകാരെയും പെണ്‍തടവുകാരെയും വരിവരിയായി നിര്‍ത്തും, ശേഷം അവരില്‍ ഓരോരുത്തരെ ദമ്പതികളായി പ്രഖ്യാപിക്കും, അവര്‍ ഒരുമിച്ച് ജീവിക്കുന്നുണ്ടോയെന്ന് അന്വേഷിക്കുകയും ചെയ്യും. ഇത്തരം നിര്‍ബന്ധിത വിവാഹത്തിനു വിധേയരായ ഒരുപാടു പേരുടെ ചിത്രങ്ങള്‍ മ്യൂസിയത്തില്‍ പതിച്ചു വച്ചിട്ടുണ്ട്. പലരും ഇന്നു ജീവിച്ചിരിക്കുന്നുമുണ്ടത്രെ. ഞങ്ങളുടെ സംഘത്തിലുണ്ടായിരുന്ന ഒരു സമാന്‍ സര്‍വകലാശാലാ വിദ്യാര്‍ഥിയുടെ മാതുലനും ഭാര്യയും അത്തരം ദമ്പതികളാണെന്ന് അവന്‍ പറഞ്ഞു. ഇങ്ങനെ ഒരേസമയം മനംപിരട്ടലും വേദനയുമുളവാക്കിയ കാഴ്ചകളായിരുന്നു
ജെനോസൈഡ് മ്യൂസിയം നിറയെ.
മ്യൂസിയത്തില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍ രണ്ടു വയോധികന്മാര്‍ രണ്ടു വ്യത്യസ്ത കോണുകളില്‍ മാറിയിരിക്കുന്നുണ്ടായിരുന്നു. ടൂറിസ്റ്റുകള്‍ അവര്‍ക്കു ചുറ്റും കൂടിനില്‍ക്കുന്നണ്ട്. എസ്-21 ല്‍ 20,000ത്തിലധികം പേര്‍ ഓരോ ദിവസവും മരണം കാത്തുകിടന്നപ്പോള്‍ പോള്‍പോട്ടിന്റെ ഛായാചിത്രങ്ങള്‍ വരക്കുകയും മറ്റു സഹായങ്ങള്‍ നല്‍കുകയും ചെയ്തതുകൊണ്ടു മാത്രം കൊല്ലാതെ വിട്ട ബൗ മെങ്ങും ചും മെയ്യും ആയിരുന്നു അവര്‍. മോചിതരായ ഇരകളുടെ സംഘടനയായ ഢശരശോ െഅീൈരശമശേീി ീള ഉലാീരൃമശേര ഗമാുൗരവശമയുടെ സജീവ പ്രവര്‍ത്തകര്‍ കൂടിയാണിവര്‍. തങ്ങളുടെ ജയിലനുഭവങ്ങളെഴുതിയ പുസ്തകങ്ങള്‍ വില്‍ക്കാനും ടൂറിസ്റ്റുകള്‍ക്കു മുഖം കാണിക്കാനും ഫോട്ടോക്ക് പോസ് ചെയ്യാനും വേണ്ടി ഇവരെല്ലാ പ്രഭാതത്തിലും മ്യൂസിയത്തിലെത്തുന്നു.
മുസ്‌ലിം വിശേഷങ്ങള്‍
ഹലാല്‍ ഹോട്ടലുകള്‍ കണ്ടെത്താനും ഇംഗ്ലീഷ് സംസാരിക്കുന്ന സ്വദേശികളെ കണ്ടെത്താനുമാണ് പ്‌നോം പെനില്‍ ഏറെ ബുദ്ധിമുട്ടേണ്ടി വന്നത്. ഞങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ നിന്നു പ്രദേശത്തെ പ്രമുഖ പള്ളിയായ അല്‍ സെര്‍ക്കല്‍ മസ്ജിദിലേക്ക് ഒന്നര കി.മീ ദൂരമേ ഉള്ളുവെങ്കിലും വിദേശികളാണെന്നു മനസിലാക്കിയാല്‍ യാതൊരു തത്വദീക്ഷയുമില്ലാതെ യു.എസ് ഡോളറില്‍ വില പറയുന്ന ടാക്‌സിക്കാരുടെയും ടുക് ടുക് ഡ്രൈവര്‍മാരുടെയും പകല്‍ കൊള്ളയില്‍ നിന്നു രക്ഷനേടാന്‍ ഒരു സ്വദേശിയുടെ സാന്നിധ്യം അനിവാര്യമായിരുന്നു. കംബോഡിയന്‍ റിയലിനു സമാനമായി പ്‌നോം പെനില്‍ യു.എസ് ഡോളറും സ്വീകരിക്കുന്നതിനാല്‍ ചുരുങ്ങിയത് അഞ്ച് ഡോളര്‍ മുതലാണ് ടുക് ടുക് ഡ്രൈവര്‍മാര്‍ പോലും വിലയിടുന്നത്. നമ്മുടെ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ സൈക്കിള്‍ റിക്ഷയുടെ കംബോഡിയന്‍ പതിപ്പാണ് ടുക് ടുക്. തായ്‌ലാന്‍ഡിലും ഇവ വ്യാപകമായി കാണാം. ടുക് ടുക് ഒന്നുകൂടി പരിഷ്‌കരിച്ചാല്‍ നമ്മുടെ നാടുകളിലെ ഓട്ടോ റിക്ഷയായി. സ്വദേശികളെയാരെയും കണ്ടുമുട്ടിയില്ലെങ്കിലും അല്‍ സെര്‍ക്കല്‍ മസ്ജിദിലേക്ക് ജുമുഅ നിസ്‌കരിക്കാനായി ഒരു വിധം ഞങ്ങള്‍ എത്തിച്ചേര്‍ന്നു.
യു.എ.ഇ ബിസിനസുകാരനായ ഈസ ബിന്‍ നസീര്‍ അല്‍ സെര്‍ക്കലിന്റെ സാമ്പത്തിക സഹായത്തോടെ മനോഹരമായ ഒട്ടോമന്‍ ആര്‍ക്കിടെക്ചറില്‍ ഒറ്റത്താഴികക്കുടത്തില്‍ പണിതീര്‍ത്ത അല്‍സെര്‍ക്കല്‍ കംബോഡിയയിലെ ഏറ്റവും വലിയതും മനോഹരവുമായ പള്ളിയാണ്. 2015ല്‍ കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ സെന്‍ തന്നെയാണ് ഇത് മുസ്‌ലിംകള്‍ക്ക് ഔദ്യോഗികമായി തുറന്നുകൊടുത്തത്. പള്ളിയുടെ അകത്തളം ചാരുതയാര്‍ന്ന ഖുര്‍ആനിക വചനങ്ങളടങ്ങുന്ന കൊത്തുപണികളാല്‍ സമൃദ്ധമാണ്. പ്രധാന കെട്ടിടത്തിനു പുറത്ത് ഇരുവശങ്ങളിലുമുള്ള താഴികക്കുടങ്ങളില്‍ വിശ്രുത അറബ് കവി ഇമാം ബൂസ്വീരിയുടെ പ്രവാചകാപദാന കാവ്യമായ ബുര്‍ദയുടെ പ്രസിദ്ധ ഈരടികള്‍ മനോഹരമായി കൊത്തിവച്ചിട്ടുണ്ട്. ജുമുഅ കഴിഞ്ഞ് നോമ്പു തുറക്കാനുള്ള സമയത്തിനിടെ സ്വദേശികളായ പലരെയും പള്ളിയില്‍ കണ്ടുമുട്ടി. തായ്‌ലന്‍ഡിലും ഇന്തോനേഷ്യയിലും സഊദി അറേബ്യയിലും പഠിക്കുന്ന ഒഴുക്കോടെ അറബി സംസാരിക്കുന്ന ഒരുപറ്റം സ്വദേശി ചെറുപ്പക്കാരെ അവിടെ കണ്ടു. ഹലാല്‍ ഹോട്ടലുകള്‍ കണ്ടെത്താനും മറ്റു പല ആവശ്യങ്ങള്‍ക്കും അവരുടെ സ്‌നേഹംനിറഞ്ഞ സഹകരണം ഞങ്ങളെ അത്ഭുതപ്പെടുത്തി. കംബോഡിയയില്‍ ഇസ്‌ലാമിക വിദ്യാഭ്യാസം സെക്കന്‍ഡറി വരെ മാത്രമേയുള്ളൂവെങ്കിലും സഊദി അറേബ്യ അടക്കമുള്ള രാജ്യങ്ങളുടെ സ്‌കോളര്‍ഷിപ്പില്‍ ഉന്നത വിദ്യാഭ്യാസം നടത്തുന്ന നല്ലൊരളവോളം ചെറുപ്പക്കാരുടെ സജീവസാന്നിധ്യം അവിടെ കാണാനായി.
കംബോഡിയയില്‍ ഏറ്റവുമധികം പള്ളികളുള്ളത് 80 ശതമാനത്തോളം മുസ്‌ലിംകള്‍ വസിക്കുന്ന കംപൂങ്ങ് ഛാം എന്ന പ്രദേശത്താണ്. പ്‌നോം പെന്‍ സിറ്റിയില്‍ വിരലിലെണ്ണാവുന്ന ഏതാനും ജുമുഅ പള്ളികളേ ഉള്ളൂ. അവയില്‍ ഏറ്റവും പഴക്കം ചെന്നത് 1813ല്‍ നിര്‍മിക്കപ്പെട്ട നൂറുല്‍ ഇഹ്‌സാന്‍ മസ്ജിദാണ്. ഖെമര്‍ റൂഷ് ഭരണകാലത്ത് കേടുപാടുകളൊന്നും സംഭവിച്ചില്ലെങ്കിലും അവരത് ഒരു പന്നിവളര്‍ത്തല്‍ കേന്ദ്രമാക്കി മാറ്റുകയുണ്ടായി. തുടര്‍ന്ന് 1990കളില്‍ പൊളിച്ചുനീക്കുകയും കുവൈത്തിന്റെ സഹായത്തോടെ തദ്സ്ഥാനത്തു പുതിയൊരു പള്ളി നിര്‍മിക്കുകയും ചെയ്തു. പട്ടണത്തിന്റെ ഹൃദയഭാഗത്തുകൂടെ ഒരു വെള്ളിയരഞ്ഞാണം പോലെ ഒഴുകുന്ന മെക്കോങ് നദിയുടെ മുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഇരുവശങ്ങളിലും സ്വര്‍ണഛായം പൂശിയ പഗോഡകളുടെ ഗോപുരങ്ങളും ഇടക്കിടെ ചില നിസ്‌കാരപ്പള്ളികളുടെ മിനാരങ്ങളും ചേര്‍ന്നു നയനഹാരിയായ കാഴ്ചകള്‍ കാണാം.
ജുമുഅക്ക് ശേഷം നോമ്പു തുറക്കുന്നതു വരെ പള്ളിയും പരിസരവും വളരെ സജീവമായിരിന്നു. പ്‌നോം പെന്‍ സിറ്റിക്കകത്തും പുറത്തും വസിക്കുന്ന, സാധാരണക്കാരും ഉദ്യോഗസ്ഥരും, വിദ്യാര്‍ഥികളുമടങ്ങുന്ന ധാരാളം പേര്‍ നോമ്പു തുറക്കായി എത്തിച്ചേരുമെങ്കിലും തറാവീഹിനാണ് കൂടുതല്‍ ആളുകള്‍ പള്ളിയിലെത്തുന്നത്. മഗ്‌രിബ് മുതല്‍ ഇശാഅ് വരെയുള്ള ഇടവേളയില്‍ വിലപിടിപ്പുള്ള ആഡംബര കാറുകള്‍ കൊണ്ട് പള്ളിയങ്കണം നിറയും. അല്‍സെര്‍ക്കല്‍ മസ്ജിദിന്റെ അണ്ടര്‍ ഗ്രൗണ്ടില്‍ തയാറാക്കിയ വിശാലമായ ഹാളിലാണ് ഞങ്ങള്‍ നോമ്പു തുറന്നത്. നോമ്പു തുറപ്പിക്കാനും തുറക്കാനും 90 ശതമാനവും ചെറുപ്പക്കാരാണ് മുന്‍പന്തിയിലുള്ളത്. മലേഷ്യയില്‍ ഏറെ പ്രചാരമുള്ള തായ്‌ലന്‍ഡിലെ തനത് വിഭവമായ തോം യാം, വിവിധതരം ജ്യൂസുകള്‍, പഴങ്ങള്‍, സ്പ്രിങ് റോള്‍, ചിക്കനും ബീഫും ചേര്‍ത്തുണ്ടാക്കിയ അരി വിഭവങ്ങള്‍ തുടങ്ങിയവയായിരുന്നു പ്രധാന ഇഫ്താര്‍ വിഭവങ്ങള്‍. തറാവീഹ് നിസ്‌കാരം കഴിയുന്നതു വരെ പള്ളിയുടെ അകവും പുറവും കുട്ടികളുടെയും മുതിര്‍ന്നവരുടെയും സാന്നിധ്യത്താല്‍ നിറഞ്ഞിരുന്നു. വളരെ വിശാലമായ പള്ളിയങ്കണത്തില്‍ പന്തു തട്ടിയും സൈക്കിളോടിച്ചും കളിപ്പാട്ടങ്ങള്‍ നിരത്തിയും കളിക്കുന്ന കുഞ്ഞു ബാല്യങ്ങള്‍ നിസ്‌കരിക്കാന്‍ വരുന്ന ആരുടെയും മനം കവരും. അവരില്‍ ബുദ്ധമതക്കാരും മുസ്‌ലിംകളും ക്രിസ്ത്യാനികളുമുണ്ട്. നമ്മുടെ നാടുകളിലെ പോലെ സഹിഷ്ണുതയുടെ ആദ്യപാഠങ്ങള്‍ അവര്‍ അഭ്യസിക്കുന്നത് ഇത്തരം കളിയിടങ്ങളില്‍ നിന്നു തന്നെയായിരിക്കണം.
95 ശതമാനം ബുദ്ധമത വിശ്വാസികളുള്ള കംബോഡിയന്‍ ജനത 1.6 ശതമാനം മാത്രമുള്ള മുസ്‌ലിംകളോടു പുലര്‍ത്തുന്ന കലവറയില്ലാത്ത സഹിഷ്ണുത ഏറെ അനുകരണീയമാണ്. സര്‍ക്കാര്‍തല ജോലി ലഭിക്കണമെങ്കില്‍ മതവിശ്വാസികളല്ലെന്നു രേഖാമൂലം പ്രഖ്യാപിക്കേണ്ട സ്ഥിതിയുള്ള കമ്മ്യൂണിസ്റ്റ് വിയറ്റ്‌നാമിനും മുസ്‌ലിം ന്യൂനപക്ഷങ്ങളെ ജീവനോടെ ചുട്ടുകൊല്ലുന്ന മ്യാന്‍മര്‍ ഭരണകൂടത്തിനും കംബോഡിയന്‍ ബുദ്ധിസ്റ്റ് ജനതയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും ഒരുപാടു പഠിക്കാനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."