പാട്ടും കൈമുട്ടും ദീപവുമല്ല, ഇറ്റലിയിലെ വീടുകളില്‍ നിന്നുയരുന്നത് മഹാമാരിയും വിശപ്പും തളര്‍ത്തിയ നെടുവീര്‍പ്പുകള്‍
ലോക്ക്ഡൗണിന്റെ ആദ്യ ദിവസങ്ങളില്‍ ഇറ്റലിയിലെ ബാല്‍ക്കണികളില്‍ നിന്ന് സംഗീതമുയര്‍ന്നിരുന്നു. അതിനൊപ്പം കൈത്താളങ്ങള്‍ ആരവമിട്ടിരുന്നു. കത്തിച്ചു പിടിച്ച ദീപങ്ങള്‍ നൃത്തം വെച്ചിരുന്നു, എല്ലാം ശരിയാവും എന്ന് അവര്‍ ഒന്നു ചേര്‍ന്ന് പാടിയിരുന്നു. എന്നാല്‍, ലോക്ക്ഡൗണ്‍ തുടങ്ങി മൂന്നാഴ്ച പിന്നിട്ട ഇറ്റലിയുടെ തെരുവുകള്‍ക്ക് മരണത്തിന്റെ മണമാണ്. ബാല്‍ക്കണിയിലേക്കു തുറക്കുന്ന വാതിലുകളുടെ വിടവുകളിലൂടെ എത്തി നോക്കുന്നത് ഭീതിയിലേക്കും അനിശ്ചിതത്വത്തിലേക്കു തുറന്നു വെച്ച കണ്ണുകളാണ്. ഇനിയൊന്നും ശരിയാവാന്‍ പോവുന്നില്ലെന്നൊരു യാതാര്‍ത്ഥ്യം കണ്‍മിഴിച്ചു നില്‍ക്കുന്നിണ്ടിപ്പോള്‍ അവര്‍ക്കു മുന്നില്‍.
അവിടുത്തെ തെരുവുകളില്‍ പക്ഷേ ഇപ്പോഴും ആള്‍ക്കൂട്ടമുണ്ട്. അത് ആരവം കൂട്ടാനല്ല. അന്നത്തെ വയറു നിറക്കാന്‍ വല്ലതും തടയുമ എന്ന് തേടിയിറങ്ങിവരുടേതാണ്. വിശപ്പെന്ന ഭീമനു മുന്നില്‍ കൊവിഡെന്ന ഭീകരനെ മറന്നു പോവുന്ന ചില നിമിഷങ്ങളില്‍ നിന്നുള്ള ഇറങ്ങി നടത്തങ്ങളാണ്.
'ദിവസങ്ങളായി അവര്‍ പാട്ടു മറന്നു പോയിരിക്കുന്നു. ഭീകരന്‍ വൈറസിനെയല്ല അവരിപ്പോള്‍ ഭയക്കുന്നത്. വിശപ്പിനെയാണ്. പട്ടിണിയെയാണ്'-ഒരു പുരോഹിതന്‍ പറയുന്നു. ഭക്ഷണ സാധനങ്ങല്‍ ലഭിക്കുന്ന കടകള്‍ക്കു മുമ്പില്‍ നീണ്ട വരികളാണ്. നാളുകലായി ജോലിയില്ല. ആളുകളുടെ കയ്യില്‍ പണമില്ല. പല കടക്കാരും ആളുകള്‍ക്ക് സൗജന്യമായി സാധനങ്ങള്‍ നല്‍കാന്‍ നിര്‍ബന്ധിതരാകുകയാണ്. പലയിടത്തും കൊള്ളയും കവര്‍ച്ചയും നടക്കുന്നു.
പ്രതിസന്ധികള്‍ക്ക് തടയിടാന്‍ എല്ലാ മുനിസിപ്പാലിറ്റികള്‍ക്കും 4.3 ബില്യണ്‍ യൂറോ നല്‍കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും മതിയാവില്ലെന്നാണ് മേയര്‍മാര്‍ പറയുന്നത്. ഇത് ജനങ്ങള്‍ക്ക് ഭക്ഷണത്തിന് ഉപയോഗിച്ചാല്‍ മറ്റൊരാവശ്യവും നടക്കില്ലെന്നാണ് ഇവര്‍ പറയുന്നത്.
സാമ്പത്തികമായി മുന്‍പന്തിയില്‍ നിന്നിരുന്ന രാഷ്ട്രങ്ങളുടെ അവസ്ഥയാണിത്. ഭൂരിഭാഗം ജനതയും അരപ്പട്ടിണിയിലും മുഴുപ്പട്ടിണിയിലും കഴിയുന്ന ഇന്ത്യപോലൊരു രാജ്യത്ത് കൊവിഡ് പിടിമുറുക്കിയാല്‍ എന്താവും എന്ന് കണ്ടറിയാം. കൊവിഡ് വ്യാപനം ഭീതിദമായ അവസ്ഥയില്‍ എത്തിയിട്ടും നമിപ്പോഴും കൈമുട്ടിയും ദീപം തെളിച്ചുമിരിക്കുകയാണല്ലോ നമ്മല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."