കൊറോണക്കാലത്തെ മനുഷ്യസ്നേഹ കഥ: ഹൃദ്യമായി യുവാവിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്
കോഴിക്കോട്: കൊവിഡ് കാലത്തെ ഭീതികള്‍ക്കിടയില്‍ മനുഷ്യ സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും ഉദാത്തമായ കഥകള്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഇതിനിടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ സഹോദരിയെയും കൊണ്ട് ചികിത്സയില്‍ കഴിയുന്ന യുവാവിനുണ്ടായ അനുഭവം സമൂഹ മാധ്യങ്ങളില്‍ വൈറലാവുന്നു.
അഞ്ചുദിവസമായി നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ആയിട്ട്. മഹാമാരിക്കാലത്ത് വിജനമായ റോഡുകളും അടഞ്ഞു കിടക്കുന്ന അങ്ങാടിയും.അവശ്യവസ്തുക്കള്‍ ലഭിക്കുവാന്‍ പോലും പാട് പെടുന്ന സാഹചര്യം.സഹോദരിക്ക് ഇളനീര്‍ വെള്ളം മാത്രം കൊടുക്കുവാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു.
ആളനക്കമില്ലാത്ത അങ്ങാടിയിലൂടെ എങ്ങോട്ടെന്നില്ലാതെ നട്ടുച്ച വെയിലത്തു യുവാവ് ഏറെ ദൂരം നടന്നു. കവലയില്‍ നിര്‍ത്തിയിട്ട പൊലിസ് വാഹനത്തിന്റെ അരികില്‍ ചെന്ന് കാര്യം പറഞ്ഞു. ഇളനീര്‍ കിട്ടാന്‍ സാധ്യതയുള്ള ഭാഗങ്ങളൊക്കെ അവര്‍ പറഞ്ഞു കൊടുത്തു.പക്ഷേ എവിടെനിന്നും കിട്ടിയില്ല.നിരാശനായി ഹോസ്പിറ്റലിലേക്ക് തിരിച്ചു നടന്നു. റോഡില്‍
ക്ലീനിങ് ജോലി ചെയ്യുന്നവരോടും,മുന്നില്‍ കാണുന്നവരോടൊക്കെ ഇളനീര്‍ കടഉണ്ടോ എന്ന് അന്ന്വേഷിച്ചു കൊണ്ടേയിരുന്നു. നട്ടുച്ച വെയിലിന്റെ തീഷ്ണതയില്‍ ഒരു ചെറിയ കവര്‍ തൂക്കിയിട്ട് സൈക്കിള്‍ ചവിട്ടി വരുന്ന ഒരു കദര്‍ കുപ്പായക്കാരന്‍ യുവാവിന്റെ മുന്നിലൂടെ കടന്നുപോയി.അയാളെ പിറകില്‍ നിന്നും കൈമുട്ടി വിളിച്ചു.
ഇനി യുവാവിന്റെ വാക്കുകള്‍ നേരിട്ടു വായിക്കാം.
'ചേട്ടാ നിങ്ങള്‍ വരുന്ന ഭാഗത്ത് എവിടെയെങ്കിലും ഇളനീര്‍ വില്‍ക്കുന്നത് കണ്ടിട്ടുണ്ടോ 'ചേട്ടന്‍ പറഞ്ഞു 'ഇപ്പോള്‍ എവിടെ കിട്ടാനാണ് മോനെ ഞാന്‍ എവിടെയും കണ്ടിട്ടില്ല
ചേട്ടന്‍ എന്നോട് കാര്യങ്ങള്‍ തിരക്കി ഞാന്‍ പറഞ്ഞു അവള്‍ വല്ലതും കുടിച്ചിട്ട് നാല് ദിവസമായി. ഇന്ന് ഡോക്ടര്‍ പറഞ്ഞത് ഇളനീര്‍ കിട്ടുമെങ്കില്‍ കുറേശേ കൊടുത്തു നോക്കാമെന്നാണ് പക്ഷെ 'നടന്നു പോകാന്‍ പറ്റുന്നിടത്തൊക്കെ പോയി നോക്കി റൂമിലേക്ക് തിരിച്ചു പോവുകയാണ് ഞാന്‍.
ഞാന്‍ ഇവിടെയുള്ള ആളല്ലെന്നും താമരശ്ശേരിയില്‍ നിന്നും പത്തുമുപ്പതു കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി മരുന്ന് വാങ്ങാന്‍ വന്നതാണെന്നും അയാള്‍ പറഞ്ഞു.
എന്നാല്‍ ശെരി എന്നും പറഞ്ഞു ഞാന്‍ തിരികെ നടന്നു. അധികം ദൂരെയെത്തിയില്ല അപ്പോഴെക്കും
അദ്ദേഹം എന്നെ തിരികെ വിളിച്ചു എനിക്ക് തെങ് കയറ്റമായിരുന്നു ജോലിയെന്നും ഇവിടെ അടുത്തുള്ള ഒരു വീട്ടില്‍ ഞാന്‍ മുമ്പ് തെങ് കയറിയിരുന്നെന്നും ഞാന്‍ ഒന്ന് പോയി നോക്കട്ടെയെന്നും പറഞ്ഞ് അയാള്‍ എന്റെ ഫോണ്‍ നമ്പര്‍ വാങ്ങി.
സൈക്കിളിന് വേഗത കൂട്ടി അയാള്‍ വന്ന വഴിക്കേക്ക് തിരിച്ചു പോയി.ഞാന്‍ വലിയ പ്രതീക്ഷയില്ലാതെ വീണ്ടും നടന്നു. പാളയം ഭാഗത്ത് ഇളനീര്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് കേട്ട് വീണ്ടും ശ്രമം തുടങ്ങി. അവിടേക്ക് പോകുന്ന വഴിയില്‍ എന്റെ ഫോണില്‍ ഒരു വിളി വന്നു.
'മോനെവിടെയാ ഉള്ളത് ഇളനീര്‍ കിട്ടി. ഞാന്‍ ബേബി ഹോസ്പിറ്റലിന്റെ ഗേറ്റിന്റെ അടുത്ത് നില്‍പ്പുണ്ട് 'എന്റെ മറുപടി വാക്കുകള്‍ പൂര്‍ണമായില്ല തൊണ്ട ഇടറുന്നുണ്ടായിരുന്നു. ഞാന്‍ അവിടേക്ക് ഓടുകയായിരുന്നു.തീഷ്ണമായ വെയിലില്‍ നെറ്റിയിലും കവിള്‍ തടങ്ങളിലും വിയര്‍പ്പു കണങ്ങള്‍ ഒലിച്ചിറങ്ങുമ്പോള്‍ കണ്ണുനീര്‍ തുള്ളികളും അതിനൊപ്പം ചേര്‍ന്നു.
കദറിന്റെ വെള്ളമുണ്ടുമുടുത്തു തേച്ചു മിനുക്കിയ കുപ്പായമിട്ട് നെറ്റിയില്‍ നീളക്കുറി വരച്ചു അസുഖമായിട്ട് ഗുളിക വാങ്ങുവാന്‍ വന്ന ആ മനുഷ്യനെ വീണ്ടും ഞാന്‍ കണ്ടു.
ചെത്തി മിനുക്കിയ ഇളനീര്‍ തൂക്കിപിടിച്ചു മതിലിനോട് ചാരി നില്‍ക്കുകയായിരുന്നു അദ്ദേഹം.എന്നെ കണ്ടതും കൈ പൊക്കി കാണിച്ചു.
അനിര്‍വ്വചനീയമായിരുന്നു ആ ഒരു നിമിഷം ഒരു ഗ്ലാസ് ചായ കുടിച്ചിട്ട് പോകാമെന്നു ഞാന്‍ ഒരുപാട് നിര്‍ബന്ധിച്ചു.പക്ഷെ അയാള്‍ സമ്മതിച്ചില്ല. ഒരുപാട് ദൂരം എത്താനുള്ളതല്ലേ മാത്രമല്ല നല്ല വെയിലും അയാള്‍ പോകാന്‍ നിന്നപ്പോള്‍ ഞാന്‍ പതുക്കെ ചോദിച്ചു നിങ്ങള്‍ക്ക് എന്തെങ്കിലും പൈസ തന്നാല്‍ വാങ്ങുമോ എന്ന് 'അയ്യേ അങ്ങനെ പൈസ വാങ്ങാനാണെങ്കില്‍ ഞാന്‍ ഈ ഉപകാരം ചെയ്യുമായിരുന്നോ ' ഞങ്ങളുടെ പ്രാര്‍ത്ഥനയില്‍ എന്നുമുണ്ടാകുമെന്നു പറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞു.
റൂമില്‍ എത്തി വിയര്‍ത്തു കുളിച്ച എന്റെ മുഖവും കൈയും കഴുകി അതിലൊരു ഇളനീര്‍ പൊട്ടിച്ചു ഗ്ലാസ്സിലേക്ക് ഒഴിച്ചു പെങ്ങള്‍ക്ക് കൊടുത്തു ഞാന്‍ അടുത്തിരുന്നു കാര്യങ്ങളൊക്കെ വിവരിച്ചു കൊടുത്തു.നിറ കണ്ണുകളുമായി അവള്‍ ദൈവത്തിനെ സ്തുതിച്ചു. ഓരോ ഇറക്ക് കുടിക്കുമ്പോഴും അവള്‍ പ്രാര്‍ത്ഥിച്ചു കൊണ്ടേയിരുന്നു.
അവളുടെ ചുണ്ടും കൈയും വിറക്കുന്നുണ്ടായിരുന്നു. താമരശ്ശേരിക്കടുത്ത സത്യന്‍ അത്രമാത്രമേ എന്നോട് അയാള്‍ പറഞ്ഞിട്ടുള്ളു.സത്യേട്ടന്‍ എന്റെ ജീവിതത്തില്‍ എനിക്കൊരു മാതൃക തന്നെയാണ് ഉറവ വറ്റാത്ത മനുഷ്യത്വത്തിന്റെ ഉദാത്തമാതൃക.എന്നു പറഞ്ഞുകൊണ്ടാണ് സിറാജ് നടുക്കാവില്‍ നരിപ്പറ്റ എന്നയാളുടെ പോസ്റ്റ് അവസാനിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."