ഇഫ്താറൊന്നും ഇവിടെ നടത്താന്‍ പറ്റില്ല; മുസ്‌ലിം രാഷ്ട്രീയ മഞ്ചിനോട് ആര്‍.എസ്.എസ്
ന്യൂഡല്‍ഹി: നാഗ്പൂരിലെ ആര്‍.എസ്.എസിന്റെ ആസ്ഥാനത്ത് ഇഫ്താര്‍ സംഘടിപ്പിക്കണമെന്ന സംഘപരിവാര്‍ സംഘടനയായ മുസ്‌ലിം രാഷ്ട്രീയ മഞ്ചിന്റെ ആവശ്യം ആര്‍.എസ്.എസ് നിരസിച്ചു.
ഇത്തരം പരിപാടികളൊന്നും ഇവിടെ നടത്താന്‍ പറ്റില്ലെന്നു വ്യക്തമാക്കിയാണ് മുസ്‌ലിം രാഷ്ട്രീയ മഞ്ചിന്റെ (എം.ആര്‍.എം) അപേക്ഷ ആര്‍.എസ്.എസ് നിരസിച്ചത്.
കഴിഞ്ഞയാഴ്ചയാണ് മഹാരാഷ്ട്രയിലെ എം.ആര്‍.എം കണ്‍വീനര്‍ മുഹമ്മദ് ഫറൂഖ് ശെയ്ഖ് ഇഫ്താര്‍ വിരുന്നിന് അനുമതി തേടി ആര്‍.എസ്.എസ് മഹാരാഷ്ട്ര സംഘചാലക് രാജേഷ് ലോയയ്ക്ക് അപേക്ഷ നല്‍കിയത്. ആസ്ഥാനത്തിനുള്ളിലെ സ്മൃതി മന്ദിറില്‍വച്ച് പരിപാടി നടത്താനായിരുന്നു ഉദ്ദേശ്യം.
എന്നാല്‍ അപേക്ഷ തള്ളിയ ആര്‍.എസ്.എസ്, ഇവിടെ ഇത്തരത്തിലുള്ള പാര്‍ട്ടി നടത്താന്‍ പറ്റില്ലെന്നും സ്മൃതി മന്ദിറില്‍ ഇപ്പോള്‍ സംഘ് ശിക്ഷാ വര്‍ഗ് (പ്രചാരകര്‍ക്കുള്ള 25 ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലനം) നടന്നുകൊണ്ടിരിക്കുകയാണെന്നും അറിയിക്കുകയായിരുന്നു.
ആര്‍.എസ്.എസ്സിന്റെ നടപടിയില്‍ മുസ്‌ലിം രാഷ്ട്രീയ മഞ്ച് നേതാക്കള്‍ നീരസം പ്രകടിപ്പിച്ചു. രാജ്യത്തെ അസഹിഷ്ണുതയെപ്പറ്റി ലോകം ചര്‍ച്ച ചെയ്യുമ്പോള്‍ ആര്‍.എസ്.എസ് ആസ്ഥാനത്ത് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത് സാഹോദര്യസന്ദേശം കൈമാറാനാകുമെന്നാണ് കരുതിയതെന്ന് മുഹമ്മദ് ഫറൂഖ് ശെയ്ഖ് പറഞ്ഞു.
പൂര്‍ണമായും സസ്യാഹാരങ്ങള്‍ കൊണ്ട് ഇഫ്താര്‍ സംഘടിപ്പിക്കാമെന്ന് പറഞ്ഞെങ്കിലും അനുമതി ലഭിക്കാത്തത് ദുഖകരമാണ്. കഴിഞ്ഞ റമദാനില്‍ മുഅ്മിന്‍പുരയില്‍ ഇഫ്താര്‍ സംഘടിപ്പിച്ചപ്പോള്‍ ആര്‍.എസ്.എസ് നേതാക്കള്‍ പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുംബൈയില്‍ ഇഫ്താര്‍ വിരുന്ന് നടത്താറുണ്ടെന്നും ആചാരപ്രകാരമാണ് ഇത് ചെയ്യുന്നതെന്നും എം.ആര്‍.എം അധ്യക്ഷന്‍ മുഹമ്മദ് അഫ്‌സല്‍ പറയുന്നു.
സംഘപരിവാര അനുകൂലികളായ മുസ്‌ലിംകളുടെ കൂട്ടായ്മയായ മുസ്‌ലിം രാഷ്ട്രീയ മഞ്ച് കെ.എസ് സുദര്‍ശന്‍ ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയായിരിക്കെയാണ് രൂപീകരിച്ചത്.
മലേഗാവ് സ്‌ഫോടനക്കേസില്‍ ആരോപണവിധേയനായ ഇന്ദ്രേഷ്‌കുമാര്‍ ആണ് നിലവില്‍ മഞ്ചിന്റെ ദേശീയ കണ്‍വീനര്‍. ആര്‍.എസ്.എസ് ആസ്ഥാനത്ത് നടന്നുവരുന്ന സംഘ് ശിക്ഷാ വര്‍ഗ് ക്യാംപിന്റെ സമാപനദിവസത്തില്‍ മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി പങ്കെടുക്കാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."