പുതിയ തൊഴില്‍ മന്ത്രിയില്‍ പ്രതീക്ഷയര്‍പ്പിച്ച് വിദേശികളും സ്വദേശികളും
റിയാദ്: സഊദിയില്‍ പുതുതായി ചുമതലയേറ്റ പുതിയ തൊഴില്‍, സാമൂഹിക വികസന മന്ത്രി എഞ്ചിനീയര്‍ അഹ്മദ് അല്‍ റാജ്ഹിയില്‍ പ്രതീക്ഷയര്‍പ്പിച്ചു സ്വദേശികളും വിദേശികളും.
രാജ്യത്ത് ത്വരിത ഗതിയില്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന സഊദി വല്‍ക്കരണത്തിലെ വിവിധ പാകപ്പിഴവുകള്‍ ചൂണ്ടിക്കാട്ടി തങ്ങള്‍ക്ക് അനുകൂലമാകുന്ന തരത്തിലേക്ക് ഇത് ആകുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ ഇരു വിഭാഗവും.
സഊദിവല്‍ക്കരണ പദ്ധതി നടപ്പാക്കുന്ന രീതിയില്‍ പുനപരിശോധന ആവശ്യമാണെന്ന് ഉയര്‍ത്തികാട്ടി രാജ്യത്തെ വിവിധ വ്യവസായികള്‍ ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.
രാജ്യത്തെ വിവിധ ചേംബര്‍ ഓഫ് കൊമേഴ്‌സ് കമ്മിറ്റി പ്രസിഡന്റുമാര്‍, അംഗങ്ങള്‍, വ്യവസായികള്‍ എന്നിവരാണ് വിവിധ ആവശ്യങ്ങള്‍ പുതിയ മന്ത്രിക്കു മുന്നില്‍വച്ചത് . സഊദിവല്‍ക്കരണം നടപ്പാകുന്നുള്ള സ്വകാര്യ സ്ഥാപനങ്ങളുട ശേഷി കണക്കിലെടുക്കാനും സമ്പൂര്‍ണ സഊദിവല്‍ക്കരണം നടപ്പാക്കിയ തൊഴിലുകളില്‍ ഓരോ സ്ഥാപനങ്ങളിലും ഒരു വിദേശിയെ വീതം വെക്കാനും അനുവദിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വ്യവസായിയായ എന്‍ജിനീയര്‍ അല്‍ റാജ്ഹിയെ തൊഴില്‍ മന്ത്രിയായി നിയമിച്ചതില്‍ തൊഴില്‍ മേഖലക്ക് പ്രത്യാശയുണ്ടെന്നും വിവിധ ചേംബര്‍ അംഗങ്ങള്‍ വ്യക്തമാക്കി.
വ്യാപാര മേഖലയില്‍ ഏറെ പരിചയ സമ്പത്തുള്ളയാളും അറിയപ്പെടുന്ന വാണിജ്യ കുടുംബത്തിലെ അംഗവുമായ മന്ത്രിക്ക് വ്യവസായികളും വ്യാപാരികളും നേരിടുന്ന പ്രശനങ്ങള്‍ നന്നായി മനസ്സിലാക്കാന്‍ സാധിക്കുമെന്ന് ഇവര്‍ കരുതുന്നു.
വ്യവസായികളുടെ നിലപാടുകള്‍ ആലോചനയില്‍ വന്നാല്‍ അത് വിദേശികള്‍ക്ക് ഏറെ ആശ്വാസമായിരിക്കും. നിലവില്‍ അതി പ്രധാനവും വിദേശികളുടെ ആധിപത്യത്തിലുമുള്ള പന്ത്രണ്ടു മേഖലകള്‍ സമ്പൂര്‍ണ സഊദിവല്‍ക്കരണം പ്രഖ്യാപിച്ചു നില്‍ക്കുകയാണ്. സെപ്തംബര്‍ മുതല്‍ സമയബന്ധിതമായി ഈ മേഖലകളില്‍ സഊദിവല്‍ക്കരണം നടപ്പാക്കുന്നതോടെ വിദേശികള്‍ കൂട്ടമായി സഊദി വിടേണ്ട അവസ്ഥയിലാണ്. പുതിയ തൊഴില്‍ മന്ത്രി സ്ഥാനമേറ്റതോടെ ഇതിലെല്ലാം ഒരു മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ വിദേശികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."