കൊവിഡ്-19: സഊദിയിൽ പുതിയ 17 വൈറസ് ബാധ കേസുകൾ, വൈറസ് ബാധിതർ 2402 ആയി ഉയർന്നു
റിയാദ്: സഊദിയിൽ കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 2402 ആയി ഉയർന്നു. ഞായറാഴ്ച രാത്രി 17 പുതിയ കേസുകൾ സ്ഥിരീകരിച്ചതോടെയാണിത്. രാത്രി പത്തരയോടെയാണ് പുതിയ കണക്ക് മന്ത്രാലയം പുറത്ത് വിട്ടത്. പുതിയ 17 കേസുകളില്‍ ജിദ്ദ 5, ദമാമിൽ 3, റിയാദിലും മദീനയിലും 2, മക്കയിലും ഖതീഫിലും ഒന്നും ബാക്കി ഇതര മേഖലകളിലുമാണ്. എന്നാൽ, പുതിയ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ 34 മരണമാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. അതേസമയം, ചികിത്സയിലുള്ളവരിൽ 39 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഇതോടെ, 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിക്കപ്പെടുന്ന വൈറസ് ബാധിതർ 223 ആയി. ഞായറാഴ്ച രാവിലെ 191 കേസുകൾ സ്ഥിരീകരിച്ചിരുന്നു. പിന്നീട് വൈകിട്ട് 15 കേസുകളും 5 മരണങ്ങളും സ്ഥിരീകരിച്ചിരുന്നു. പിന്നീട് രാത്രിയോടെയാണ് വീണ്ടും 17 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. നിലവിൽ രാജ്യത്ത് 1880 പേരാണ് ചികിത്സയിൽ കഴിയുന്നത്. 488 പേർക്ക് രോഗ മുക്തിയും ഉണ്ടായിട്ടുണ്ട്. നിലവിൽ തലസ്ഥാന നഗരിയായ റിയാദിൽ 590 പേരും മക്കയിൽ 347, ജിദ്ദ 223, മദീന 218, ഖത്വീഫ് 125, ദമാം 111 എന്നിങ്ങനെയാണ് രാജ്യത്തെ പ്രധാന നഗരങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ. അതെസമയം, രോഗമുക്തിയിൽ ജിദ്ദ, റിയാദ്, മക്ക നഗരങ്ങളാണ് മുന്നിൽ. റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽ 123 പേർക്കാണ് ഇവിടെ രോഗമുക്തിയുണ്ടായത്. മക്കയിൽ114 പേർക്കും രോഗ മുക്തി ഉണ്ടായിട്ടുണ്ട്.
അതിനിടെ, കൊവിഡ് ബാധിത രാജ്യങ്ങളിൽ കഴിയുന്ന സഊദി പൗരൻമാർക്ക് രാജ്യത്തേക്ക് മടങ്ങിവരുന്നതിന് സൗകര്യമൊരുക്കാൻ സൽമാൻ രാജാവ് ഉത്തരവിട്ടു. വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന തങ്ങളുടെ ബന്ധുക്കളെ രാജ്യത്ത് തിരിച്ചെത്തിക്കാൻ ഇടപെടണമെന്ന ആവശ്യത്തെ തുടർന്നാണ് രാജാവിന്റെ ഇടപെടൽ. ഇന്നലെ മുതൽ അഞ്ചുദിവസത്തിനുള്ളിലാണ് താത്പര്യമുള്ളവർക്ക് മടക്കത്തിനുള്ള സൗകര്യമുണ്ടാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."