പകുതി തുക സംസ്ഥാനം വഹിച്ചാല്‍ തലശ്ശേരി-മൈസൂരു റെയില്‍പാത യാഥാര്‍ഥ്യമാകും: റിച്ചാര്‍ഡ് ഹേ എം.പി
തലശ്ശേരി: തലശ്ശേരി-മൈസൂരു റെയില്‍പാത നിര്‍മിക്കാന്‍ ചെലവിന്റെ 50 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കുകയാണെങ്കില്‍ പാത യാഥാര്‍ഥ്യമാകുമെന്നു റിച്ചാര്‍ഡ്‌ഹേ എം.പി. സംസ്ഥാന സര്‍ക്കാരിനൊപ്പം 50 ശതമാനം റെയില്‍വേ കൂടി വഹിച്ച് പാത നിര്‍മിക്കാനാവും. ഇതിനായി മുഖ്യമന്ത്രിക്കു കത്ത് നല്‍കിയതായും പ്രസ്‌ഫോറത്തിന്റെ മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. തലശ്ശേരിയില്‍ നിന്നു വീരാജ്‌പേട്ട വരെയുള്ള പാത നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചാല്‍ ബാക്കി ഭാഗം നിര്‍മിക്കാന്‍ കര്‍ണാടക സന്നദ്ധമാണ്. നേരത്തെ നടത്തിയ സര്‍വേകള്‍ തലശ്ശേരി-മൈസൂരു പാത നഷ്ടമാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണു തുടര്‍ നടപടി സ്വീകരിക്കാതെ മാറ്റിവച്ചത്. സര്‍വേയ്ക്കു വേണ്ടിയും കോടികള്‍ ചെലവഴിച്ചുവെന്ന് എം.പി വ്യക്തമാക്കി.
ന്യൂനപക്ഷങ്ങള്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള നിരവധി ക്ഷേമപദ്ധതികള്‍ സംസ്ഥാനം പ്രയോജനപ്പെടുത്തുന്നില്ല. ഇത്തരം പദ്ധതികളോടു സംസ്ഥാനം മുഖംതിരിഞ്ഞ് നില്‍ക്കുകയാണ്. പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതിയായ സഡക് യോജനയിലൂടെ ഗ്രാമീണ മേഖലയിലുള്ള ഏതു റോഡും നവീകരിക്കാനുള്ള അവസരമുണ്ട്. ഇതിനു സംസ്ഥാനം 40 ശതമാനം തുക അനുവദിച്ചാല്‍ ബാക്കി കേന്ദ്ര സര്‍ക്കാര്‍ നല്‍കും. കണ്ണൂര്‍ വിമാനത്താവള റണ്‍വേ 4000 ചതുരശ്ര അടിയാക്കിയാല്‍ ഇന്ത്യയിലെ തന്നെ മികച്ച വിമാനത്താവളമായി ഇതു മാറും. തലശ്ശേരി റെയില്‍വെ സ്റ്റേഷനിലേക്ക് സദാനന്ദപൈ പെട്രോള്‍പമ്പിനു സമീപം മുതല്‍ റോഡ് പണിയാന്‍ റെയില്‍വേ അംഗീകാരം നല്‍കി. മറ്റു കാര്യങ്ങള്‍ ചെയ്യേണ്ടത് നഗരസഭയാണ്. രണ്ടാം പ്ലാറ്റ്‌ഫോമിലെ ടിക്കറ്റ് കൗണ്ടര്‍ ഉടന്‍ പ്രവര്‍ത്തിക്കാനുള്ള നടപടിയും സ്വീകരിച്ചു. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ലാപ്രോസ്‌കാപ്പി മെഷീന്‍ സ്ഥാപിക്കാന്‍ എം.പി ഫണ്ടില്‍ നിന്നു ഒരുകോടി രൂപ നല്‍കിയതായും റിച്ചാര്‍ഡ്‌ഹേ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."