ആളിയാര്‍ ജലം: കേരളത്തിന് ഇത്തവണയും വീഴ്ച
പാലക്കാട്: കേരളത്തിന് അവകാശപ്പെട്ട ആളിയാര്‍ ജലം തമിഴ്‌നാട്ടില്‍ നിന്നു വാങ്ങിച്ചെടുക്കുന്നതില്‍ കേരളത്തിലെ സംയുക്ത ജലക്രമീകരണ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്ക് ഇത്തവണയും വീഴ്ച. ജലവര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കേരളത്തിന് അവകാശപ്പെട്ട 1.30 ടി.എം.സിയോളം വെള്ളം ഇനിയും ലഭിക്കാനുണ്ട്. ഏഴേകാല്‍ ടി.എം.സി വെള്ളമാണ് ഒരു ജലവര്‍ഷം കിട്ടേണ്ടിയിരുന്നത്.
ബോര്‍ഡില്‍ കഴിഞ്ഞ 24 വര്‍ഷമായി തുടരുന്ന ഉദ്യോഗസ്ഥന്‍ ഈ വര്‍ഷവും കേരളത്തിന് കിട്ടേണ്ട മുഴുവന്‍ ജലവും വാങ്ങിച്ചെടുക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്. ഇത്തവണ ചിറ്റൂരിലെ ഒരു വിഭാഗം കര്‍ഷകരും നാട്ടുകാരും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സമരം നടത്തിയിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത് വലിയ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. കനാല്‍ വെള്ളം കിട്ടാത്തതിനാല്‍ ചിറ്റൂര്‍ താലൂക്കില്‍ ഒന്നാം വിള കൃഷിയിറക്കാന്‍ കര്‍ഷകര്‍ പാടുപെടുകയാണ്. ഇത്തവണ കൊഴിഞ്ഞാമ്പാറ ഫര്‍ക്കയിലെ തടയണകളില്‍ വെള്ളം നിറയ്ക്കാന്‍ പറ്റിയെന്ന അവകാശവാദം ഉയര്‍ത്തുന്ന ജലവകുപ്പിന് ഒന്നാം വിളയിറക്കാനുള്ള വെള്ളം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. കാര്യമായി മഴയുണ്ടായിട്ടില്ലെങ്കില്‍ ഒന്നാം വിള അവതാളത്തിലാകുമെന്ന് കര്‍ഷകര്‍ പറയുന്നു.
പറമ്പിക്കുളം ഡാമില്‍ വെള്ളം കുറവാണെന്ന് പറഞ്ഞാണ് തമിഴ്‌നാട്, കേരളത്തിനു വെള്ളം വിട്ടുനല്‍കാതിരിക്കുന്നത്. കേരള നിയമസഭ നിയമിച്ച അഡ്‌ഹോക്ക് കമ്മിറ്റി പറമ്പിക്കുളം- ആളിയാര്‍ കരാര്‍ സംബന്ധിച്ച് പഠിക്കുകയും തമിഴ്‌നാട് കരാര്‍ ലംഘനങ്ങള്‍ നടത്തിയത് കണ്ടെത്തുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മൗനം പാലിക്കുമ്പോഴാണ് തമിഴ്‌നാട് നിയമ ലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നത്.
നിയമസഭാ കമ്മിറ്റിയില്‍ അംഗങ്ങളായിരുന്ന നാല് എം.എല്‍.എമാര്‍ ഇപ്പോഴും നിയമസഭയില്‍ ഉണ്ടെങ്കിലും ജലം വിട്ടുനല്‍കണമെന്ന കാര്യത്തില്‍ അവരും സഭയില്‍ മൗനം പാലിക്കുകയാണ്. ബോര്‍ഡില്‍ കാലങ്ങളായി കേരളത്തിന്റെ പ്രതിനിധിയായി തുടരുന്ന ഉദ്യോഗസ്ഥനെ മാറ്റാനോ മറ്റൊരാള്‍ക്ക് ചുമതല നല്‍കാനോ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ആളിയാറില്‍ നിന്ന് 100 ഘനയടി വെള്ളം വിട്ടുനല്‍കുന്നതായി പറയുന്നുണ്ടെങ്കിലും ഒരു തുള്ളി വെള്ളം പോലും കിട്ടുന്നില്ലെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."