തിയറ്റര്‍ ഉടമയുടെ അറസ്റ്റ്: പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി
തിരുവനന്തപുരം: എടപ്പാളിലെ തിയറ്ററില്‍ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ തിയറ്ററുടമ ഇ.സി.സതീശനെ അറസ്റ്റുചെയ്തതിനെതിരേ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. പീഡനത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ നല്‍കി പ്രതിയെ പിടിക്കാന്‍ സഹായിച്ച തിയറ്റര്‍ ഉടമയെ അറസ്റ്റുചെയ്ത പൊലിസിനെതിരേ കടുത്ത നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സബ്മിഷന്‍ നല്‍കിയിരുന്നു. സംഭവത്തില്‍ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രം നടപടിയെന്ന മുഖ്യമന്ത്രിയുടെ മറുപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോവുകയായിരുന്നു.
പൊലിസിന്റെ ഗുരുതരവീഴ്ച ചൂണ്ടിക്കാട്ടിയ പ്രതിപക്ഷനേതാവ് തിയറ്ററുടമയെ അറസ്റ്റുചെയ്ത ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടു. പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവം ദൃശ്യങ്ങള്‍ സഹിതം ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചത് തിയറ്റര്‍ ഉടമയാണ്. അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ സംഭവം പുറംലോകമറിയില്ലായിരുന്നു. സംഭവത്തിന്റെ പേരില്‍ പത്ത് തവണയാണ് തിയറ്റര്‍ ഉടമയെ സ്റ്റേഷനില്‍ വരുത്തിയത്. ഉടമയെ അറസ്റ്റ് ചെയ്ത ഡി.വൈ.എസ്.പിക്കെതിരേ നടപടി വരാതിരുന്നത് ഇതിനു പിന്നില്‍ ഉന്നത ഇടപെടല്‍ നടന്നുവെന്നതിന് തെളിവാണ്. തിയേറ്റര്‍ ഉടമയുടെ പേരില്‍ കേസെടുക്കുന്നത് അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിക്കും. വിഷയത്തില്‍ ശക്തമായി ഇടപെട്ട തിയേറ്റര്‍ ഉടമയെ പ്രതികാര നടപടിയുടെ ഭാഗമായാണ് പൊലിസ് കേസില്‍ കുടുക്കിയതെന്നും ചെന്നിത്തല പറഞ്ഞു.
എന്നാല്‍ കേസ് സംബന്ധിച്ച ഫയല്‍ തന്റെ മുന്‍പില്‍ ഇതുവരെ എത്തിയിട്ടില്ലെന്നും ഉന്നത ഉദ്യോഗസ്ഥരോട് ആലോചിച്ചല്ല കേസില്‍ അറസ്റ്റ് നടന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊലിസ് ഇരകള്‍ക്കൊപ്പമാണെന്നും അറസ്റ്റ് നിയമപരമാണോ എന്ന് പരിശോധിച്ചതിന് ശേഷമായിരിക്കും നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊലിസ് പക്ഷം ചേര്‍ന്നുള്ള മുഖ്യമന്ത്രിയുടെ മറുപടി പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. ഇക്കാര്യത്തിലുള്ള പൊലിസ് വീഴ്ച പ്രഥമദൃഷ്ട്യാ തന്നെ മനസ്സിലാകുന്ന സാഹചര്യത്തില്‍ പൊലിസുകാര്‍ക്കെതിരേ നടപടിയെടുക്കാന്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രി വൈകുന്നതെന്ന് ചെന്നിത്തല തിരിച്ചടിച്ചു. അറസ്റ്റ് സംബന്ധിച്ച് ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷനോട് താന്‍ വിശദീകരണം തേടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം നടപടി ആലോചിക്കാമെന്നുമുള്ള മറുപടി മുഖ്യമന്ത്രി ആവര്‍ത്തിച്ചു. മുഖ്യമന്ത്രിയുടെ ലാഘവത്വത്തോടെയുള്ള മറുപടിയില്‍ പ്രതിപക്ഷം തൃപ്തിപ്പെട്ടില്ല. തുടര്‍ന്നും സംസാരിക്കാനെഴുന്നേറ്റ പ്രതിപക്ഷനേതാവിന് മൈക്കു നല്‍കാതെ സ്പീക്കര്‍ അടുത്ത സബ്മിഷന്‍ വിളിച്ചു. ഇതോടെ പ്രതിപക്ഷാംഗങ്ങള്‍ ഒന്നടങ്കം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. പ്രതിപക്ഷനേതാവിന് സംസാരിക്കാന്‍ അവസരം നല്‍കിയതിനെ തുടര്‍ന്നാണ് രംഗം ശാന്തമായത്.
അധികാരപരിധി വിട്ട് തെറ്റായ പ്രവര്‍ത്തനം നടത്തുന്ന പൊലിസുകാര്‍ക്കെതിരേ നടപടിയെടുക്കാന്‍ ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിക്ക് ആരുടേയും അനുവാദം വേണ്ടെന്നു ചെന്നിത്തല പറഞ്ഞു.
പൊലിസുകാരെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്നും ഇതില്‍ പ്രതിഷേധിച്ച് തങ്ങള്‍ സഭ വിടുകയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. തുടര്‍ന്ന് പ്രതിപക്ഷം വാക്കൗട്ട് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."