സ്നേഹബന്ധുക്കള് കുട്ടികളെ ഏറ്റുവാങ്ങി; ഹൃദ്യമായ അനുഭവമായി 'സമാഗമം'
കൊല്ലം: ജില്ലയിലെ അനാഥാലയങ്ങളില്‍ വളരുന്ന കുട്ടികള്‍ക്ക് ഈ അവധിക്കാലം സ്നേഹത്തിന്റെ സംരക്ഷണമാണ് ഉറപ്പുവരുത്തുന്നത്. ജീവിതത്തില്‍ തങ്ങളെ കൈപിടിച്ചു നടത്താന്‍ ചിലരുണ്ടെന്നുള്ള ആത്മവിശ്വാസം കുട്ടികള്‍ക്ക് നല്‍കുന്നതായിരുന്നു ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടത്തിയ സമാഗമം പരിപാടി. അനാഥാലയങ്ങളില്‍ വളരുന്ന കുട്ടികള്‍ക്ക് വീടനുഭവം നല്‍കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഫോസ്റ്റര്‍ കെയര്‍ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങായിരുന്നു ഹൃദ്യമായ നിമിഷങ്ങളുടെ വേദിയായത്. മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
അനാഥത്വത്തിന്റെ വിഷമതകള്‍ കുട്ടികളെ ബാധിക്കാതിരിക്കാനുള്ള മാതൃകാ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ഇവരുടെ സംരക്ഷണത്തിന് സമൂഹത്തിന് ബാധ്യതയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പബ്ലിക് ലൈബ്രറി സരസ്വതി ഹാളില്‍ നടന്ന ചടങ്ങില്‍ 40 കുട്ടികളുടെ അവധിക്കാല സംരക്ഷണം തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങളെ ഏല്‍പ്പിച്ചുകൊണ്ടായിരുന്നു തുടക്കം.
അവധിക്കാലത്ത് കുട്ടികളെ വീട്ടില്‍ ഒപ്പം നിര്‍ത്തി വളര്‍ത്താന്‍ 70 ഓളം പേരാണ് അപേക്ഷകരായി ഉണ്ടായിരുന്നത്. അഭിമുഖം, കൗണ്‍സിലിങ്, ഗൃഹസന്ദര്‍ശനം, കുട്ടികളെ പരിചയപ്പെടല്‍ തുടങ്ങിയ വിവിധ ഘട്ടങ്ങളിലൂടെയാണ് മാതാപിതാക്കളെ തിരഞ്ഞെടുത്തത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ അധ്യക്ഷത വഹിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാന് സി.ജെ ആന്റണി, ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ സിജുബെന്‍, വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫിസര്‍ എ.വി ഷീജ, ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫിസര്‍ എസ്. ഗീതാകുമാരി, ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം കോമളകുമാരി, കോഓര്‍ഡിനേറ്റര്‍ ഗോഡ്വിന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."