HOME
DETAILS
MAL
കൊവിഡിനെ ആര് തളയ്ക്കും? അമേരിക്കയിലും മരണം പതിനായിരത്തിലേക്ക്
backup
April 06 2020 | 03:04 AM
വാഷിങ്ടണ്‍: ലോകത്തെ ഭീതിയിലാഴ്ത്തി കൊവിഡ് മഹാമാരി പടരുന്നു. ഇതുവരെ കൃത്യമായ വാക്‌സിന്‍ കണ്ടെത്താത്തതിനാല്‍ ലോകത്ത് കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ വലിയ ജാഗ്രതയാണ് തുടരുന്നത്. ലോകരാജ്യങ്ങള്‍ മിക്കവയും കര്‍ശന നിയന്ത്രണങ്ങള്‍ ശക്തമാക്കിയതോടെ അന്താരാഷ്ട്ര വിമാനസര്‍വിസുകളും മറ്റ് ഗതാഗത മാര്‍ഗങ്ങളും നിലച്ചതിനു പുറമേ, സാമ്പത്തികമായി വലിയ തിരിച്ചടിയാണുണ്ടായിരിക്കുന്നത്.
ഇതു മറികടക്കാനുള്ള ശ്രമങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍പോലുമാകാത്ത വിധം ലോകത്ത് കൊവിഡ് പിടിമുറുക്കിക്കഴിഞ്ഞു. ദിനംപ്രതി ചുരുങ്ങിയത് അയ്യായിരത്തിലേറെ പേരാണ് ലോകത്താകെ കൊവിഡ് ബാധിച്ച് മരിക്കുന്നത്. ഇതു നിയന്ത്രണവിധേയമാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നതിനു പുറമേ, ദിനംപ്രതി അരലക്ഷത്തിലേറെ പേര്‍ക്കു പുതുതായി രോഗം സ്ഥിരീകരിക്കുന്നുമുണ്ട്.
ഇറ്റലിയിലാണ് കൊവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. ഇവിടെ മരണസംഖ്യ 15,362 ആയി ഉയര്‍ന്നിട്ടുണ്ട്. 1,24,632 പേര്‍ക്കാണ് ഇറ്റലിയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മരണനിരക്കിന്റെ കാര്യത്തില്‍ ഇറ്റലിക്കു തൊട്ടുപിറകേ സ്‌പെയിനുണ്ട്. കഴിഞ്ഞ ദിവസം 674 പേര്‍കൂടി മരിച്ചതോടെ സ്‌പെയിനിലെ മരണസംഖ്യ 12,418 ആയി ഉയര്‍ന്നു. ദ്രുതഗതിയിലാണ് സ്‌പെയിനില്‍ മരണസംഖ്യ കൂടുന്നത്. 1,30,759 പേര്‍ക്കു സ്‌പെയിനില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ലോകരാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് അമേരിക്കയിലാണ്. ഇവിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മുന്നു ലക്ഷം പിന്നിട്ടിട്ടുണ്ട്. 3,20,828 പേര്‍ക്കു രോഗം സ്ഥിരീകരിച്ചപ്പോള്‍ 9,119 പേര്‍ അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. അമേരിക്കയും മരണസംഖ്യയില്‍ പതിനായിരത്തിലേക്ക് അടുക്കുകയാണ്.
ജര്‍മനിയില്‍ 1,446 പേര്‍ മരിച്ചപ്പോള്‍ 96,108 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു. ഫ്രാന്‍സില്‍ 7,560 പേര്‍ മരിക്കുകയും 89,953 പേര്‍ക്കു രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ചൈനയില്‍ ഇന്നലെ മൂന്നുപേര്‍ക്കൂടി രോഗം ബാധിച്ച് മരിച്ചു. ഇതോടെ മരണസംഖ്യ 3,329 ആയി. 81,669 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഇറാനില്‍ മരണം 3,603 ആയി ഉയര്‍ന്നു. 58,226 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇംഗ്ലണ്ടില്‍ 4,313, തുര്‍ക്കിയില്‍ 501, സ്വിറ്റ്‌സര്‍ലന്‍ഡില്‍ 666, ബെല്‍ജിയത്തില്‍ 1,447, നെതര്‍ലാന്‍ഡ്‌സില്‍ 1,651, കാനഡയില്‍ 233, ഓസ്ട്രിയയില്‍ 204, പോര്‍ച്ചുഗലില്‍ 295, ബ്രസീലില്‍ 445, ദക്ഷിണ കൊറിയയില്‍ 183, ഇസ്‌റാഈലില്‍ 46, സ്വീഡനില്‍ 373, ആസ്‌ത്രേലിയയില്‍ 34, റഷ്യയില്‍ 45, മലേഷ്യയില്‍ 61, ജപ്പാനില്‍ 77, ഫിലിപ്പൈന്‍സില്‍ 152, പാകിസ്താനില്‍ 45 എന്നിങ്ങനെയാണ് മരണസംഖ്യ. മറ്റു രാജ്യങ്ങളിലും രോഗികളുടെയും മരിച്ചവരുടെയും എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്.
അതേസമയം, കൊവിഡ് കാരണമായുള്ള നിയന്ത്രണങ്ങള്‍ ലംഘിച്ച ഒരാളെ ഫിലിപ്പൈന്‍സ് പൊലിസ് വെടിവച്ചു കൊന്നിട്ടുണ്ട്. സുദാനില്‍ ആദ്യം കൊവിഡ് മരണം ഇന്നലെ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."