HOME
DETAILS
MAL
സംസ്‌കാരശൂന്യരായ ജനപ്രതിനിധികള്‍
backup
April 06 2020 | 03:04 AM
ഒരുപാട് മനുഷ്യരുടെ പ്രതീക്ഷകളുടെ പ്രതീകമാണ് ഒരു ജനപ്രതിനിധിയെന്ന മുന്‍ ഫ്രഞ്ച് പ്രസിഡന്റും ചിന്തകനുമായിരുന്ന ചാള്‍സ് ഡി ഗോളിന്റെ വാക്കുകള്‍ ഇന്നത്തെ ജനപ്രതിനിധികള്‍ ഓര്‍ക്കുന്നതു നന്നായിരിക്കും. പ്രതിഭയും പ്രാഗത്ഭ്യവും തെളിയിച്ച മഹാരഥരുടെ കളരിയായിരുന്ന രാഷ്ടീയം ഇന്ന് അല്‍പര്‍ കൈയടക്കിയതിന്റെ ദുരന്തമാണ് രാജ്യവും ജനതയും അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യരുടെ അതിജീവനത്തിനുള്ള നിലവിളി കേള്‍ക്കാന്‍ തയാറല്ലാത്ത നേതാക്കള്‍ എം.എല്‍.എ സ്ഥാനത്തിന്റെ നാലയലത്തു പോലും വരാന്‍ അര്‍ഹതയില്ലാത്തവരാണ്.
കായംകുളം നിയമസഭാ മണ്ഡലത്തിലുള്ളവര്‍ മാത്രമല്ല, സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളും ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ മുഴുകിയിരിക്കുമ്പോള്‍ അതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കേണ്ട യു. പ്രതിഭ എം.എല്‍.എയെപ്പോലുള്ളവര്‍ ഓഫിസ് അടച്ചുപൂട്ടി അകത്തമ്മ ചമഞ്ഞിരിക്കുന്നതു കണ്ട് സ്വന്തം പാര്‍ട്ടിയിലെ യുവജനങ്ങള്‍ തന്നെ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നതില്‍ ഒട്ടും അത്ഭുതമില്ല. അവരെ കൊവിഡിനെക്കാള്‍ മാരകമായ വൈറസായി പ്രതിഭ വിശേഷിപ്പിച്ചിട്ടുണ്ടെങ്കില്‍ അതു പൊതുപ്രവര്‍ത്തനത്തില്‍ പാലിക്കേണ്ട മിനിമം മര്യാദപോലും എന്താണെന്ന് അറിയാത്തതുകൊണ്ടാണ്. സി.പിഎമ്മിനു വേണ്ടി അഹോരാത്രം പണിയെടുക്കുന്ന സാധാരണക്കാരെ അവഗണിച്ചു കണ്ണാടിക്കു മുന്നില്‍ ദേഹപൂജ നടത്തുന്നവരെ ജനങ്ങള്‍ക്കുമേല്‍ കെട്ടിയേല്‍പിക്കുന്ന ഗോഡ് ഫാദര്‍മാര്‍, തങ്ങള്‍ പൊക്കിക്കൊണ്ടു വരുന്നവരില്‍ സംസ്‌കാരത്തിന്റെ കണികയെങ്കിലും ഉണ്ടോ എന്നു പരിശോധിക്കുന്നത് ഉചിതമായിരിക്കും.
കായംകുളത്തെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അവരുടെ പാര്‍ട്ടി എം.എല്‍.എയായ പ്രതിഭയ്‌ക്കെതിരേ നടത്തിയ വിമര്‍ശനങ്ങള്‍ വാര്‍ത്തയാക്കിയതിനാണ് വനിതകളടക്കമുള്ള മാധ്യമപ്രവര്‍ത്തകരെ ശരീരം വില്‍ക്കുന്നവരുമായി ഈ ജനനേതാവ് ഉപമിച്ചിരിക്കുന്നത്. തെറ്റാണു നടക്കുന്നതെങ്കില്‍, അതു തന്റെ അച്ഛനാണ് ചെയ്തതെങ്കില്‍ പോലും താന്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന് അന്നത്തെ ദിവാന്‍ രാഘവാചാരിയുടെ മുഖത്തുനോക്കി ഗര്‍ജിച്ച സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പാരമ്പര്യത്തിന്റെ അവകാശികളാണ് കേരളത്തിലെ ബഹുഭൂരിപക്ഷം മാധ്യമപ്രവര്‍ത്തകരെന്ന് പ്രതിഭ ഓര്‍ക്കാതെപോയി.
മാധ്യമപ്രവര്‍ത്തകര്‍ ഇതിലും ഭേദം ശരീരം വിറ്റു ജീവിക്കുന്നതാണ്, ആണായാലും പെണ്ണായാലും എന്നു പറയാന്‍ ഒരു വനിതാ ജനപ്രതിനിധിക്കു കഴിയണമെങ്കില്‍ രാജ്യത്തുണ്ടായ വനിതാ മുന്നേറ്റങ്ങളൊന്നും അവരെ സ്പര്‍ശിച്ചിട്ടില്ലെന്നു വേണം കരുതാന്‍. ആണ്‍കോയ്മയുടെ അഹങ്കാരമാണ് സ്ത്രീകളെ ശരീരമായി മാത്രം കാണുന്നതിനു പിന്നിലെന്ന് സി.പി.എമ്മിന്റെ വനിതാസംഘടന തന്നെ നാഴികയ്ക്കു നാല്‍പ്പതു വട്ടം പറയുമ്പോള്‍, സ്ത്രീയെ ശരീരമായി മാത്രം കാണുന്ന പ്രതിഭയെപ്പോലുള്ള നേതാക്കളും അവരുടെ പാര്‍ട്ടി നേതൃസ്ഥാനത്തുണ്ടെന്ന് ആ സംഘടനയുടെ നേതൃത്വം മനസ്സിലാക്കേണ്ടതുണ്ട്. ഇതു പറയാന്‍ ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ട പ്രതിഭയുടെ ശരീരഭാഷ തന്നെ ഒരു ജനപ്രതിനിധിക്കു ചേര്‍ന്നതായിരുന്നില്ല.
ലോക്ക് ഡൗണില്‍ വീട്ടിലിരുന്നാണ് മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ പ്രതിഭ കൈകാര്യം ചെയ്യുന്നതെന്ന പാര്‍ട്ടി അംഗങ്ങളുടെ വിമര്‍ശനം വാര്‍ത്തയാകുന്നത് സംയമനത്തോടെ അഭിമുഖീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ എം.എല്‍.എ പണി ഒഴിവാക്കുന്നതാണു നല്ലത്. അതു റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ പച്ചത്തെറി വിളിക്കുകയല്ല വേണ്ടത്. ഇത്തരം തെറികള്‍ക്കു മുന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ തോറ്റുകൊടുക്കാനും പോകുന്നില്ല. അതവരുടെ പാരമ്പര്യവുമല്ല.
കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു വേരോട്ടമുണ്ടാക്കിയ മണ്ണില്‍വച്ച് ഇത്രയും മ്ലേച്ഛമായ രീതിയില്‍ സി.പി.എമ്മിന്റെ ഒരു ജനപ്രതിനിധി സംസാരിക്കുന്നത് ആ പാര്‍ട്ടിയുടെ ജീര്‍ണതയെയാണ് കാണിക്കുന്നന്നത്. തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി.പി രാമസ്വാമി അയ്യര്‍ക്കെതിരേയും ജന്മിമാര്‍ക്കെതിരേയും കുടിയാന്‍മാരായ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ചൂഷണങ്ങള്‍ നേരിട്ട കയര്‍ത്തൊഴിലാളികളും നടത്തിയ ഐതിഹാസിക പ്രക്ഷോഭമാണ് പുന്നപ്ര- വയലാര്‍ സമരം. ഈ സമരമാണ് ആലപ്പുഴ ജില്ല മാത്രമല്ല, കേരളമാകെ തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു വളരാന്‍ പശിമയുള്ള മണ്ണാക്കി മാറ്റിയത്. നിരവധിയാളുകളാണ് സര്‍ സി.പിയുടെ പൊലിസിന്റെ വെടിയേറ്റു രക്തം ചിന്തി മരിച്ചത്.
ടി.വി തോമസിനെയും ആര്‍. സുഗതനെയും എം.എന്‍ ഗോവിന്ദന്‍ നായരെയും പോലുള്ള കമ്മ്യൂണിസ്റ്റ് നേതാക്കള്‍ അവരുടെ യൗവനം ഈ മണ്ണില്‍ ഹോമിച്ചുകളഞ്ഞത് സാധാരണക്കാരുടെ വികാരവിചാരങ്ങള്‍ സ്വാംശീകരിച്ചുകൊണ്ടായിരുന്നു. ഈ മേഖലയിലെ ഒരുപിടി മണ്ണെടുത്തു മണത്തുനോക്കിയാല്‍ പരിണിതപ്രജ്ഞരായ പഴയ നേതാക്കള്‍ ഇവിടുത്തെ സാധാരണക്കാര്‍ക്കു വേണ്ടി ചിന്തിയ വിയര്‍പ്പിന്റെ മണം ഇന്നുമറിയാം. ആ മണ്ണില്‍ നിന്നുകൊണ്ടാണ് ആ നേതാക്കളുടെ പാരമ്പര്യം അവകാശപ്പെടുന്ന ഒരു വനിതാ ജനപ്രതിനിധി പരസ്യമായി പുലഭ്യം പറഞ്ഞത്. രക്ഷകരായി ഗോഡ്ഫാദര്‍മാരുണ്ടാകുമ്പോള്‍ ഏതു സംസ്‌കാരശൂന്യര്‍ക്കും ജനപ്രതിനിധിയെന്ന പേരില്‍ ജനങ്ങളുടെ നെഞ്ചത്തു കയറിനിരങ്ങാം. അതുകൊണ്ടു തന്നെയാണ് ചാള്‍സ് ഡി ഗോള്‍ രാഷ്ട്രീയക്കാരെക്കുറിച്ചു മറ്റൊരിടത്ത് ഇങ്ങനെ പറഞ്ഞത്: 'ജനങ്ങളുടെ യജമാനരാവാന്‍ വേണ്ടി അവര്‍ ജനങ്ങളുടെ വേലക്കാരായി അഭിനയിക്കും'.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."