HOME
DETAILS
MAL
നിയന്ത്രിത അനുമതി ലഭിച്ചിട്ടും മത്സ്യബന്ധന മേഖലയില്‍ സ്തംഭനാവസ്ഥ
backup
April 06 2020 | 03:04 AM
കൊടുങ്ങല്ലൂര്‍: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ നിലച്ച മത്സ്യ ബന്ധനത്തിന് സംസ്ഥാനത്ത് ഉപാധികളോടെ അനുമതി നല്‍കിയെങ്കിലും കടലിലിറങ്ങാന്‍ വിമുഖത കാണിക്കുകയാണ് വലിയൊരു വിഭാഗം മത്സ്യത്തൊഴിലാളികള്‍. പിടിച്ചെടുത്ത മത്സ്യം വില്ക്കുന്നതിനടക്കമുള്ള നിബന്ധനകളാണ് തൊഴിലാളികളെ പിന്നോട്ടു വലിക്കുന്നതെന്നാണ് വിവരം.
പരമ്പരാഗത മത്സ്യബന്ധയാനങ്ങള്‍ക്ക് നിയന്ത്രണങ്ങളോടെ മത്സ്യബന്ധനത്തിന് അനുമതി നല്‍കിയതായി ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചിരുന്നു. ലേലം കൂടാതെ മത്സ്യത്തിന്റെ വില്പന നടത്തുവാനും അനുമതി നല്‍കിയിരുന്നു.
പരമ്പരാഗത രീതിയിലുള്ള മത്സ്യലേലം ഒഴിവാക്കിക്കൊണ്ട് കര്‍ശന നിബന്ധനകളോടെയാണ് വില്പനയ്ക്ക് അനുമതി നല്‍കിയിട്ടുള്ളത്. മുന്‍കൂര്‍ ബുക്കിങ് മുഖേനയുള്ള കച്ചവടം, ബുക്കിങ്ങിനായി ഫിഷറീസ് വകുപ്പിന്റെ മൊബൈല്‍ ആപ്പ്, മത്സ്യബന്ധന തുറമുഖങ്ങളിലും ലാന്റിങ് സെന്ററുകളിലും തിരക്ക് ഒഴിവാക്കല്‍, മത്സ്യ വില്പനയിലൂടെ ലഭിക്കുന്ന തുക നേരിട്ട് തൊഴിലാളികളുടെ അക്കൗണ്ടില്‍ ലഭ്യമാക്കല്‍ തുടങ്ങി നിരവധി നിര്‍ദേശങ്ങള്‍ ഫിഷറീസ് വകുപ്പ് മുന്നോട്ട് വച്ചിട്ടുണ്ട്.
നിയന്ത്രണം ലംഘിക്കുന്ന സെന്ററുകളും മാര്‍ക്കറ്റുകളും അടയ്ക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇത്തരം നിബന്ധനകളാണ് തൊഴിലാളികളെ മത്സ്യ ബന്ധനത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. ആയിരത്തിലധികം ചെറുകിട ബോട്ടുകളും അത്ര തന്നെ പരമ്പരാഗത വള്ളങ്ങളും മത്സ്യ ബന്ധനത്തിനിറങ്ങുന്ന തൃശൂര്‍ അഴീക്കോട് അഴിമുഖത്ത് നിയന്ത്രിത മത്സ്യബന്ധന ഉത്തരവ് യാതൊരു ചലനവും സൃഷ്ടിച്ചിട്ടില്ല.
രോഗഭീതിയുമായി കൊടുംചൂടില്‍ കടലില്‍ പോയാല്‍ തന്നെ നിലവിലെ ചട്ടപ്രകാരം മീന്‍ വില്പന നടത്താനാകില്ലെന്ന നിലപാടിലാണ് തൊഴിലാളികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."