ആളിയാര്‍ ജലം: ഉദ്യോഗസ്ഥര്‍ സര്‍ക്കാറിനെ തെറ്റിദ്ധരിപ്പിക്കുന്നു
പാലക്കാട് : കേരളത്തിന് ഇത്തവണ തമിഴ് നാട് കൂടുതല്‍ ജലം നല്‍കിയെന്ന ഔദ്യോഗിക കണക്കൊപ്പിച്ചു ഉദ്യോഗസ്ഥര്‍ തടിതപ്പുമ്പോഴും, ഇതുവരെ കേരളത്തിന് കിട്ടാതായ വെള്ളത്തിന്റെ വ്യകതമായ കണക്ക് വെളിപ്പെടുത്തുന്നില്ല. എല്ലാമാസവും വെള്ളത്തിന്റെ കണക്ക് മാധ്യമങ്ങള്‍ക്ക് നല്‍കി കണക്കൊപ്പിച്ചു സര്‍ക്കാരിനെ ബോധ്യപ്പെടുത്തുകയാണ് ചെയ്തു വരുന്നത്.കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ 2012-13 വര്‍ഷത്തില്‍ മാത്രമാണ് കേരളത്തിന് വെള്ളം നല്‍കിയതില്‍ കുറവ് അനുഭവപെട്ടിട്ടുള്ളതെന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത് .എന്നാല്‍, ആളിയാര്‍ ഡാമില്‍ നിന്നും മണക്കടവ് വഴി കേരളത്തിന് വളരെ കുറച്ചു വെള്ളം മാത്രമെ തമിഴ്‌നാട് നല്‍കിയിട്ടുള്ളൂ. അതും മഴക്കാലത്ത് വരുന്ന അധികജലവും കണക്കില്‍ ചേര്‍ത്താണ് നല്‍കിയിട്ടുള്ളത്.
ഈ ജലവര്‍ഷത്തില്‍ ഇനിയും നാല് ടി.എം.സിയോളം വെള്ളം ചിറ്റൂര്‍ മേഖലയിലേക്ക് കിട്ടാനുണ്ട്. ചരിത്രത്തിലാദ്യമായി പാലക്കാട് ജില്ലയില്‍ രണ്ടാം വിള നെല്‍കൃഷി ഇറക്കരുതെന്നു ജില്ലാ ഭരണകൂടം ഉത്തരവിറക്കുകയും ചെയ്തു. ഇപ്പോഴാണെങ്കില്‍ ജില്ല കുടിവെള്ളക്ഷാമത്തിന്റെ പിടിയിലകപ്പെട്ട് ടാങ്കര്‍ ലോറിയില്‍ വെള്ളം വിതരണം ചെയ്യേണ്ട ഗതികേടിലുമാണ്. ജലവര്‍ഷത്തില്‍ കിട്ടാനുളള മുഴുവന്‍ വെള്ളവും വാങ്ങിയെടുത്തിരുന്നുവെങ്കില്‍ ഇത്രയധികം ജലക്ഷാമം ഉണ്ടാവില്ലായിരുന്നു. കേരളത്തിന് തരാനുള്ള നാല് ടി.എം.സി ലഭിച്ചിരുന്നുവെങ്കില്‍ ഭാരതപ്പുഴ വരണ്ടുപോവില്ലായിരുന്നു.
ഇത്തവണ തമിഴ്‌നാട് വെള്ളം നല്‍കുന്ന കാര്യത്തില്‍ കേരളത്തോട് ഉദാരനയമാണ് കാട്ടിയതെന്നും, 60 ശതമാനം വെള്ളം കേരളത്തിന് നല്‍കിയെന്നും ഉദ്യോഗസ്ഥരും, മറ്റും പ്രചരിപ്പിക്കുന്നത് തുടരുമ്പോഴും തമിഴ്‌നാട് പറമ്പിക്കുളം, അപ്പര്‍ ആളിയാര്‍ എന്നിവിടങ്ങളിലെ വെള്ളം മുഴുവന്‍ പൂര്‍ണമായും തമിഴ്‌നാടിന്റെ നിയന്ത്രണത്തിലുള്ള തിരുമൂര്‍ത്തി അണക്കെട്ടില്‍ ശേഖരിച്ചു കൃഷിക്കായി ഉപയോഗിച്ചുവരികയാണ് ചെയ്യുന്നത്. കരാര്‍ പ്രകാരം ഏപ്രില്‍ ഒന്നുമുതല്‍ മെയ് വരെ കേരളത്തിലേക്ക് വെള്ളം വിടേണ്ടതില്ല.അതുകൊണ്ട് പരമാവധി ജലം തമിഴ്‌നാട് ഉപയോഗിക്കാനാണ് സാധ്യത.
കരാറില്‍ പെടാതെ അനധികൃതമായി നിര്‍മിച്ചിട്ടുള്ള കാടംപാറഡാം അറ്റകുറ്റപ്പണിക്കായി ഏപ്രില്‍ ഒന്ന് മുതല്‍ അടച്ചിടുന്നുണ്ട്. ഇവിടത്തെ വെള്ളം തിരുമൂര്‍ത്തിക്ക് കൊണ്ടുപോയി നിറക്കുന്നതിനു മുന്‍പ് ആളിയാര്‍ വഴി കേരളത്തിന് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടാമെന്ന ആവശ്യവും ശക്തമാണ്. ഈ വെള്ളം ഭാരതപ്പുഴയിലേക്കു ഒഴുക്കി വിട്ടാല്‍ മാത്രമേ കുടിവെള്ളക്ഷാമത്തിന് പരിഹാരമുണ്ടാക്കാന്‍ പറ്റുകയുള്ളു. എന്നാല്‍, ഈ സാഹചര്യം വകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ളവരില്‍ നിന്നും ഉദ്യോഗസ്ഥര്‍ മറച്ചുവെക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."