ഉമര്‍ അല്‍ റസ്സാസ് പുതിയ ജോര്‍ദാന്‍ പ്രധാനമന്ത്രി
അമ്മാന്‍: പുതിയ ജോര്‍ദാന്‍ പ്രധാനമന്ത്രിയായി മുന്‍ വേള്‍ഡ് ബാങ്ക് സാമ്പത്തിക വിദഗ്ധന്‍ ഉമര്‍ അല്‍ റസ്സാസ് നിയമിതനായി. അബ്ദുല്ല രാജാവാണ് റസ്സാസിനെ ഔദ്യോഗികമായി സ്ഥാനത്തേക്ക് നിയമിച്ചത്. പുതിയ സര്‍ക്കാര്‍ രൂപീകരണം, നികുതി പരിഷ്‌കരണം പുനഃപരിശോധിക്കുക തുടങ്ങിയ ദൗത്യങ്ങളും റസ്സാസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
നികുതി പരിഷ്‌കരണത്തിനെതിരായ ജനകീയ പ്രക്ഷോഭം ശക്തമായതിനു പിറകെ മുന്‍ പ്രധാനമന്ത്രി ഹാനി അല്‍ മുല്‍കി രാജിവച്ചിരുന്നു. അബ്ദുല്ല രാജാവിന്റെ കൂടി നിര്‍ദേശ പ്രകാരമായിരുന്നു രാജി. പുതിയ സര്‍ക്കാര്‍ രാജ്യത്തെ നികുതി സംവിധാനത്തെ കുറിച്ചു സമ്പൂര്‍ണമായ പുനഃപരിശോധന നടത്തി വേണ്ട നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുമെന്ന് രാജാവ് അറിയിച്ചു. പുതിയ ആദായ നികുതി നിയമത്തെ കുറിച്ച് ധനകാര്യ സ്ഥാപനങ്ങളുമായും പൗരസാമൂഹിക സംഘടനകളുമായും ചര്‍ച്ച നടത്തും. ഇതിനു ശേഷമായിരിക്കും പുതിയ പരിഷ്‌കരണം നടപ്പാക്കുക.ലോക ബാങ്ക് മുന്‍ ജീവനക്കാരനായ ഉമര്‍ അല്‍ റസ്സാസ് ഹാനി മുല്‍കി സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. 1960ലാണു ജനനം.
രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിലും ആദായ നികുതി പരിഷ്‌കരണത്തിലും പ്രതിഷേധിച്ച് ദിവസങ്ങളായി ജോര്‍ദാനില്‍ വന്‍ ജനകീയ പ്രക്ഷോഭമാണു നടക്കുന്നത്. പശ്ചിമേഷ്യയിലെ രാഷ്ട്രീയ പ്രതിസന്ധി, അഭയാര്‍ഥി പ്രശ്‌നം തുടങ്ങിയ വിഷയങ്ങളില്‍ തകര്‍ന്നടിഞ്ഞ രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഹാനി അല്‍ മുല്‍കിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം സാമ്പത്തിക പരിഷ്‌കരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
ഇന്റര്‍നാഷനല്‍ മോണിറ്ററി ഫണ്ടിന്റെ പിന്തുണയോടെയായിരുന്നു ഈ പരിഷ്‌കരണങ്ങളെല്ലാം. എന്നാല്‍, 130 അംഗ പാര്‍ലമെന്റില്‍ 78 പേരും ബില്ലിനെ പിന്തുണച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."