ഗ്രാമന്യായാലയത്തിലൂടെ പൗരന്‍മാര്‍ക്ക് പെട്ടെന്ന് നീതി ഉറപ്പാക്കും: മന്ത്രി ശൈലജ
ഇരിട്ടി: ഗ്രാമന്യായാലയം വരുന്നതോടെ മലയോര ജനതക്ക് പെട്ടെന്ന് നീതി ലഭിക്കാന്‍ സാധിക്കുമെന്നും ഇതിലൂടെ പൗരന്‍മാരുടെ അവകാശമാണ് സംരക്ഷിക്കപ്പെടുന്നതെന്നും ആരോഗ്യ, സാമൂഹ്യക്ഷേമ വകുപ്പുമന്ത്രി കെ.കെ ശൈലജ. പായം ഗ്രാമന്യായാലയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നീതിയും നിയമങ്ങളും പുസ്തകത്തില്‍ എഴുതിവച്ചത് കൊണ്ടു മാത്രം കാര്യമില്ല. നിയമം വേഗത്തില്‍ ലഭ്യമാക്കുകയെന്നതാണ് ഗ്രാമ കോടതി കൊണ്ട് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ഗവണ്‍മെന്റ് ആശുപത്രികളിലേക്ക് പി.എസ്.സി മുഖേന നിയമനം നല്‍കിയിട്ടും ഡോക്ടര്‍മാര്‍ പലരും ആശുപത്രികളില്‍ ചുമതല ഏല്‍ക്കാന്‍ തയാറാകുന്നില്ല. ആറുമാസത്തിനുള്ളില്‍ ഇതിന് പരിഹാരം കാണുമെന്നും ജില്ലാ ആശുപത്രികളെ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രികളാക്കാന്‍ ധനകാര്യ വകുപ്പിന്റെ അനുമതി ലഭിച്ചതായും മന്ത്രി പറഞ്ഞു. വീട്ടുപടിക്കല്‍ നീതി എത്തിക്കുക എന്നതാണ് ഗ്രാമീണ ന്യായാലയങ്ങള്‍ കൊണ്ടുദ്ദേശിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷനായ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.ടി രവികുമാര്‍ പറഞ്ഞു. അഡ്വ.സണ്ണി ജോസഫ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി റോസമ്മ, ഇരിട്ടി നഗരസഭ ചെയര്‍മാന്‍ പി.പി അശോകന്‍, പഞ്ചായത്തു പ്രസിഡന്റുമാരായ അഡ്വ.ഷീജ സെബാസ്റ്റ്യന്‍, ഷിജി നടുപറമ്പില്‍, പി.പി സുഭാഷ്, പി.പി നൗഫല്‍ ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗീസ്, കെ മോഹനന്‍ സംസാരിച്ചു. പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍ അശോകന്‍ സ്വാഗതവും, വൈസ്പ്രസിഡന്റ് വി സാവിത്രി നന്ദിയും പറഞ്ഞു. ഇ രഞ്ചിത്ത് മജിസ്‌ട്രേട്ടായി ചുമതലയേല്‍ക്കുകയും രണ്ടു കേസുകള്‍ പരിഗണിക്കുകയും ചെയ്തു. ജില്ലക്ക് അനുവദിച്ച മൂന്ന് ഗ്രാമീണ ന്യായാലയങ്ങളില്‍ ആദ്യത്തേതാണ് ഇരിട്ടിയില്‍ ഉദ്ഘാടനം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."