ഗ്വാട്ടിമാല അഗ്നിപര്‍വത സ്ഫോടനം: മരണസംഖ്യ 65 ആയി
ഗ്വാട്ടിമാല സിറ്റി: ഗ്വാട്ടിമാലയിലെ ഫ്യൂഗോ അഗ്നിപര്‍വത സ്ഫോടനത്തില്‍ മരണസംഖ്യ 65 ആയി. സ്ഫോടനത്തില്‍ തകര്‍ന്നടിഞ്ഞ വീടുകളുടെയും മറ്റും അവശിഷ്ടങ്ങള്‍ക്കുള്ളില്‍നിന്നു രക്ഷാപ്രവര്‍ത്തകര്‍ കൂടുതല്‍ മൃതശരീരങ്ങള്‍ പുറത്തെടുത്തു. 46 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഇവരില്‍ മിക്കവരുടെയും പരുക്ക് ഗുരുതരമാണ്.
പത്തു ലക്ഷത്തിലേറെ പേരെ ദുരന്തം ബാധിച്ചിട്ടുണ്ട്. സംഭവം നടന്ന പ്രദേശങ്ങളില്‍നിന്ന് 3,271 പേരെ ഒഴിപ്പിച്ചു. ഇതില്‍ 1,787 പേരെ വിവിധ പ്രദേശങ്ങളിലെ അഭയാര്‍ഥി കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഗ്വാട്ടിമാലയില്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ അഗ്നിപര്‍വത സ്ഫോടനമാണ് ഞായറാഴ്ചയുണ്ടായത്. തലസ്ഥാനമായ ഗ്വാട്ടിമാല സിറ്റിയില്‍നിന്ന് 40 കി.മീറ്റര്‍ അകലെ തെക്കുപടിഞ്ഞാറു മാറി സ്ഥിതി ചെയ്യുന്ന ഫ്യൂഗോ അഗ്നിപര്‍വതമാണു പൊട്ടിത്തെറിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയാണ് പര്‍വതത്തില്‍നിന്ന് ലാവാ പ്രവാഹം ആരംഭിച്ചത്. ലാറ്റിനമേരിക്കയിലെ തന്നെ ഏറ്റവും സജീവമായ അഗ്നിപര്‍വതമാണ് ഫ്യൂഗോ. ഏറ്റവുമൊടുവില്‍ 1974ലാണ് പര്‍വതത്തില്‍ വലിയ സ്ഫോടനമുണ്ടായത്. എന്നാല്‍, അന്ന് ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ഫെബ്രുവരിയിലും പര്‍വതത്തില്‍ ചെറിയ തോതില്‍ സ്ഫോടനമുണ്ടായി. 1902ല്‍ ഗ്വാട്ടിമാലയിലെ സാന്റ മരിയ പര്‍വതത്തിലുണ്ടായ സ്ഫോടനത്തില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."