വോളിബോള്‍ താരം സി.കെ രതീഷിന് സര്‍ക്കാര്‍ നിയമന ഉത്തരവ് നല്‍കി
തിരുവനന്തപുരം: വോളിബോള്‍ താരം സി.കെ രതീഷിന് സര്‍ക്കാര്‍ നിയമന ഉത്തരവ് നല്‍കി. കോഴിക്കോട് നടന്ന ദേശീയ വോളിബോള്‍ ചാംപ്യന്‍ഷിപ്പില്‍ പുരുഷവിഭാഗം ജേതാക്കളായ കേരള ടീമിലെ ലിബറോ സി.കെ രതീഷിന് പൊതുമേഖലാസ്ഥാപനമായ കിന്‍ഫ്രയിലാണ് ജോലി നല്‍കിയത്.
കോഴിക്കോട് നടന്ന ദേശീയ ലീഗ് വോളിബോള്‍ ചാംപ്യന്‍ഷിപ്പില്‍ ജേതാക്കളായ കേരള ടീമിലെ ജോലിയില്ലാത്ത ഏക കളിക്കാരനായിരുന്നു രതീഷ്. ഒന്‍പത് വര്‍ഷം കേരള ടീമിന് വേണ്ടി രതീഷ് കളത്തിലിറങ്ങിയിട്ടുണ്ട്. ഈ കാലയളവില്‍ 2016 ല്‍ കേരളം ദേശീയ ലീഗ് ചാംപ്യന്‍മാരും, 2015 ല്‍ റണ്ണേഴ്‌സ് അപ്പുമായിരുന്നു .
ഈ മാര്‍ച്ച് മൂന്നിനാണ് കോഴിക്കോട് നടന്ന കോളജ് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിലാണ് രതീഷ് കായിക മന്ത്രി എ.സി മൊയ്തീന് ജോലിക്കുള്ള അപേക്ഷ നല്‍കിയത്. കാലതാമസം കൂടാതെ മന്ത്രിസഭ മുമ്പാകെ സമര്‍പ്പിച്ച് ഉത്തരവാക്കാനും നിയമന ഉത്തരവ് നല്‍കാനും സാധിച്ചത് സര്‍ക്കാരിന്റെ നേട്ടമാണ്. ഇതിനോടൊപ്പം സന്തോഷ്‌ട്രോഫി ഫുട്‌ബോള്‍ കിരീടം നേടിയ കേരള ടീമിലെ ജോലിയില്ലാത്ത 11 കായികതാരങ്ങള്‍ക്ക് ജോലി നല്‍കുവാനുള്ള നടപടിക്രമങ്ങളും ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്. കായിക മേഖലയിലെ അടിസ്ഥാന സൗകര്യവികസനവും, മികച്ച പരിശീലന പദ്ധതികളും, ദേശീയഅന്തര്‍ദേശീയ മത്സരങ്ങളില്‍ മികവുറ്റ പ്രകടനവുമാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്ന് കായിക മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.
പരിപാടിയില്‍ കായികയുവജനകാര്യ ഡയറക്ടര്‍ സഞ്ജയന്‍കുമാര്‍, യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ബിജു, ഡോ. ഗബ്രിയേല്‍ മാര്‍ഗ്രിഗോറിയസ് മെത്രപൊലീത്ത എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."