ആഷിഖിന്റെ മരണം തേങ്ങലടക്കാനാവാതെ പള്ളിക്കുളം ഗ്രാമം
പിരായിരി: പിരായിരി പഞ്ചായത്തിലെ പളളിക്കുളം ഗ്രാമം വളരെ ഞെട്ടലോടെയാണ് വ്യാഴാഴ്ച വൈകുന്നേരം ആ വാര്‍ത്ത കേട്ടത്. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കുമിടയില്‍ സൗമ്യശീലനും ശാന്തസ്വഭാവക്കാരനുമായ ആഷിഖിന്റെ ദാരുണാന്ത്യം ഒരു ഗ്രാമത്തെ തന്നെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. വിക്‌ടോറിയാ കോളേജിലെ ഡിഗ്രി ഫൈനല്‍ വിദ്യാര്‍ത്ഥിയായ ആഷിഖ് കോയമ്പത്തൂരിലെ കല്യാണത്തിനു പോയി വ്യാഴാഴ്ച രാവിലെയാണ് ഉമ്മയോട് യാത്ര പറഞ്ഞ് മടങ്ങിയത് കോളേജില്‍ സെന്റ് ഓഫ് ഉണ്ടെന്ന് പറഞ്ഞാണ്. എന്നാല്‍ വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് കോളേജിലെ സെന്റ് ഓഫ് പാര്‍ട്ടിയ്ക്കു ശേഷം വീട്ടിലെത്തിയ ആഷിഖ് പോയത് മരണത്തിലേക്കാണ്. എന്നാല്‍ കോയമ്പത്തൂരില്‍ നിന്നും മടങ്ങിയെത്തിയ ഉമ്മയെ വരവേറ്റത് മകന്റെ മരണവാര്‍ത്തയാണ്. ഒരു കാറ്റു വീശുകയാണ് ഞാന്‍ ഈ കാറ്റിനൊപ്പം പോവുകയാണെന്ന് രാവിലെ തന്റെ ഫെയിസ് ബുക്ക് പേജില്‍ പോസ്റ്റിട്ട ആഷിഖ് ഒരു പക്ഷേ തന്റെ മരണം മുന്‍കൂട്ടി കണ്ടിട്ടുണ്ടാവാം. എസ്.എസ്.എല്‍. സി, പ്ലസ് വണ്‍, ഡിഗ്രി തലങ്ങളിലെല്ലാം ഫുള്‍ എ പ്ലസ് നേടിയ സമര്‍ത്ഥനായ വിദ്യാര്‍ത്ഥിയായ ആഷിഖ് മറ്റുള്ള സുഹൃത്തുക്കള്‍ക്കിടയിലും നാട്ടുകാര്‍ക്കിടയിലും ഏറെ പ്രിയങ്കരനായിരുന്നു.
എന്നാല്‍ മറ്റുള്ള സുഹൃത്തുക്കള്‍ക്കൊപ്പമോ, പ്രദേശവാസികള്‍ക്കൊപ്പമോ കൂട്ടുകൂടാന്‍ താത്പര്യമില്ലാത്ത ആഷിഖിന്റെ വിയോഗം ഏറെ ദുരൂഹതകള്‍ ഉയര്‍ത്തിയിരിക്കുകയാണ്. സാമ്പത്തിക പരാധീനതകള്‍ക്കിടയിലും ഏറെ ദുരന്തങ്ങള്‍ വേട്ടയാടിയ മാതാവ് അസ്മ ഏറെ പ്രയാസപ്പെട്ടാണ് ആഷിഖിന്റെ വിദ്യാഭ്യാസജീവിതത്തെ കൈ പിടിച്ചുയര്‍ത്തിയത്. ബുധനാഴ്ചയാണ് ആഷിഖിന്റെ പാസ്‌പോര്‍ട്ട് തപാലിലെത്തിയതെങ്കിലും കടല്‍ കടക്കാനുള്ള മോഹത്തിന് കാത്തുനില്‍ക്കാതെ ആഷിഖ് യാത്രയാവുകയാണ്. 15 വര്‍ഷങ്ങള്‍ക്കു മുമ്പ് മൂന്നുവയസ്സുള്ള സഹോദരന്‍ പള്ളിക്കുളം ജംഗ്ഷനില്‍ കണ്‍മുന്നില്‍ വെച്ച് ലോറിയിടിച്ച് മരിച്ചതിന്റെ ഷോക്കില്‍ നിന്നും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ആഷിഖിന് സമനില വീണ്ടെടുക്കാനായത് ഏറെ കാലം പള്ളിക്കുളം ജംഗ്ഷനിലുള്ള ഒറ്റമുറിയില്‍ ജീവിതം തള്ളിനീക്കിയ ആഷിഖും മാതാവും അടുത്തകാലത്താണ് സമീപത്തെ പുതിയ വീട്ടിലേക്ക് താമസം മാറിയത്. എന്നാല്‍ മകന്റെ വളര്‍ച്ചയില്‍ സ്വപ്നങ്ങള്‍ നെയ്‌തെടുത്ത ഉമ്മയ്ക്ക് അപ്രതീക്ഷിതമായ മകന്റെ വിയോഗം ഒരു പിടി ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ സമ്മാനിച്ചിരിക്കുകയാണ്. ഡിഗ്രി ഫൈനല്‍ പൂര്‍ത്തിയാക്കിയ ആഷിഖില്‍ ഉടന്‍ തന്നെ ജോലിക്കാരനാകാനുള്ളത് കാണാനുള്ള പ്രിയപ്പെട്ട ഉമ്മയുടെ മോഹം വിധിയ്ക്കു മുമ്പില്‍ കീഴടങ്ങുകയായിരുന്നു. നിരവധി ഓപ്പറേഷനുകള്‍ കഴിഞ്ഞ് രോഗങ്ങളോടു മല്ലടിച്ചും നാളുകള്‍ തള്ളിനീക്കുന്ന അസ്മയാവട്ടെ നിരവധി പ്രയാസങ്ങള്‍ക്കും പ്രതിസന്ധികളും അറിയിക്കാതെ വളര്‍ത്തിയ പുത്രന്റെ ഭാവി സ്വപ്നം കണ്ടെങ്കിലും സ്വപ്നങ്ങളെല്ലാം ഒരു വിനാഴിക കൊണ്ട് തകര്‍ന്നടിയുകയായിരുന്നു. എന്നാല്‍ ആ മാതാവിനൊപ്പം പ്രദേശവാസികളെയും ഏറെ ദുഃഖത്തിലാഴ്ത്തിയാണ് ആഷിഖ് തന്റെ സ്വപ്നലോകത്തുനിന്ന് മടങ്ങിയത്. ആഷിഖിന്റെ മുഖം അവസാനമായി ഒരു നോക്കു കാണാന്‍ പള്ളിക്കുളത്തെ കൊച്ചുവീട്ടിലേക്ക് ജനസാഗരം അണപൊട്ടിയൊഴുകുകയായിരുന്നു.
ജീവിതവൈതരണികളില്‍ മാതാവിന്റെ കൈപിടിച്ചുയര്‍ത്തേണ്ട മകനാകട്ടെ ഒരു പിടി മോഹങ്ങള്‍ ബാക്കിയാക്കി പ്രതീക്ഷകള്‍ തകര്‍ന്ന മാതാവിനെയും സ്‌നേഹം പങ്കു വെച്ച നാട്ടുകാരേയും വിട്ട് ഒരിക്കലും തിരിച്ചുവരാത്ത ലോകത്തിലേക്ക് പോയത് ഇപ്പോഴും വിശ്വസിക്കാനാവാതെ നടന്നതെല്ലാം ഒരു സ്വപ്നമായിട്ടാണ് ആഷിഖിന്റെ കുടുംബവും നാട്ടുകാരും പറയുന്നത്. ഒടുവില്‍ ആഷിഖിന്റെ ചേതനയറ്റ ശരീരത്തിന് തേങ്ങലോടെ കണ്ണീരില്‍ കുതിര്‍ന്ന പള്ളിക്കുളം നിവാസികളും. യാത്രാമൊഴി നല്‍കുമ്പോഴും ഒരു നാടും നഗരവും തേങ്ങുകയാണ് മാതാവിന് സ്വപ്നങ്ങള്‍ ബാക്കിയാക്കി തിരിച്ചു വരാത്ത ലോകത്തിലേക്ക് ആഷിഖിനെയോര്‍ത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."