അബ്ദുസ്സലാമിന്റെ തരിക്കഞ്ഞിയുടെ മാധുര്യമുള്ള നോമ്പ്
ഞാനൊരു കവിത എഴുതിയിട്ടുണ്ട്. 'തരിക്കഞ്ഞി' എന്ന പേരില്‍. ചെറുപ്പത്തില്‍ കാഞ്ഞിരപ്പള്ളിയിലെ പലചരക്ക് കച്ചവടക്കാരനായ അബ്ദുസ്സലാമിന്റെ കടയുടെ വരാന്തയിലെ ചാരുബെഞ്ചിലിരുന്ന് റമദാന്‍ മാസത്തില്‍ കുടിച്ചിരുന്ന തരിക്കഞ്ഞിയുടെ ഓര്‍മയിലാണ് ആ കവിത എഴുതിയത്. നോമ്പിന്റെ മാധുര്യമറിഞ്ഞ്, പിന്നീട് കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ആലുവയിലേക്ക് താമസം മാറിയപ്പോള്‍, റമദാന്‍ മാസത്തില്‍ ഒരാഴ്ചയൊക്കെ നോമ്പെടുത്തിരുന്നു. തൊട്ടടുത്തുള്ള പള്ളിയില്‍ നിന്ന് ബാങ്കൊലി ഉയരുമ്പോള്‍ ആരംഭിക്കുന്ന നോമ്പ് സന്ധ്യവരെ തുടരുമായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്നതിനാലും ആരോഗ്യം മോശമായതിനാലും കുറച്ച് വര്‍ഷങ്ങളായി നോമ്പെടുക്കാറില്ല.
കാഞ്ഞിരപ്പള്ളിക്കടുത്ത് പാലമ്പ്ര ഗ്രാമത്തില്‍, നാട്ടുകാര്‍ കൊച്ചുസാര്‍ എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന അധ്യാപകനായ വര്‍ഗീസിന്റെ മകളായാണ് ജനനം. സ്‌കൂള്‍ വിദ്യാഭ്യാസം കാഞ്ഞിരപ്പള്ളിയിലെ പെണ്‍ പള്ളിക്കൂടത്തിലായിരുന്നു. തൊട്ടടുത്തുള്ള വിദ്യാലയത്തിലാണ് അനിയനും പഠിച്ചിരുന്നത്. മറ്റൊരു സ്‌കൂളില്‍ അധ്യാപകനായ പിതാവ് എത്തുമ്പോള്‍ സന്ധ്യയാവും. പിതാവ് വന്നശേഷം സാധനങ്ങളും വാങ്ങിയാണ് വീട്ടിലേക്ക് മടക്കം. സ്‌കൂള്‍ വിട്ടാല്‍ താന്‍ വരുന്നത് വരെ വിശ്വസിച്ച് കാത്തിരിക്കാന്‍ അച്ഛന്‍ നിര്‍ദേശിച്ചിരുന്നതാണ് അബ്ദുസ്സലാമിന്റെ പലചരക്ക് കടയുടെ മുമ്പിലെ ചാരുബെഞ്ച്. മറ്റ് കടകളുണ്ടെങ്കിലും പിതാവ് നിര്‍ദേശിച്ചിരുന്നത് ഈ കടയുടെ മുമ്പിലിരിക്കാനായിരുന്നു. അബ്ദുസ്സലാമിലുള്ള വിശ്വാസമായിരുന്നു കാരണം. അനിയനുമായി ആ ബെഞ്ചിലാണ് പിതാവിനെയും കാത്തിരിക്കുന്നത്. റമദാന്‍ മാസമാകുമ്പോള്‍, സന്ധ്യയോടെ നോമ്പുതുറക്കുന്നതിന് അബ്ദുസ്സലാമിന്റെ കടയില്‍ തരിക്കഞ്ഞി കൊണ്ടുവരും. റവയും പാലും പഞ്ചസാരയുമൊക്കെ ചേര്‍ത്തുള്ള രുചിയേറിയ തരിക്കഞ്ഞി അന്ന് തങ്ങള്‍ക്കും കൂടി പങ്കുവച്ചാണ് അദ്ദേഹം കുടിക്കുക. അന്ന് മുസ്‌ലിംകള്‍ കാര്യമായി ഇല്ലാത്ത പാലമ്പ്ര ഗ്രാമത്തില്‍ നിന്ന് വരുന്ന എനിക്കും അനിയനും ഇതെല്ലാം പുതിയ അനുഭവങ്ങളായിരുന്നു.
പഠനവും ജോലിയുമൊക്കെയായി പിന്നീട് കാഞ്ഞിരപ്പള്ളിയില്‍ നിന്ന് പോന്നെങ്കിലും ആ അനുഭവം മനസില്‍ നിന്ന് മാഞ്ഞില്ല. അതാണ് 'തരിക്കഞ്ഞി' എന്ന കവിതയായി രൂപപ്പെട്ടത്. ആലുവയില്‍ എത്തിയശേഷം റമദാന്‍ മാസത്തില്‍ ഒരാഴ്ചയൊക്കെ നോമ്പെടുക്കല്‍ ശീലമാക്കുകയും ചെയ്തു. മനസിനും ശരീരത്തിനും പ്രത്യേക അനുഭൂതിയാണ് ഈ നോമ്പ് സമ്മാനിച്ചിരുന്നത്.
മതത്തിനപ്പുറമുള്ള മനുഷ്യബന്ധങ്ങളായിരുന്നു അന്നത്തെ പ്രത്യേകതകള്‍. പഴയ തലമുറ ആ ബന്ധം ഇപ്പോഴും നിലനിര്‍ത്താന്‍ ശ്രമിക്കുന്നു എന്നതാണ് ആശ്വാസകരം. കാഞ്ഞിരപ്പള്ളിയില്‍കൂടി കടന്നുപോകുന്ന സന്ദര്‍ഭങ്ങളില്‍ ഇപ്പോഴും പഴയ സ്‌നേഹവും കരുതലുമായി അബ്ദുസ്സലാം എത്താറുണ്ട്. വിശേഷം ചോദിച്ച് ഇടക്ക് വിളിക്കാറുമുണ്ട്. അബ്ദുസ്സലാം മാത്രമല്ല, ആ കാലത്തെ മുസ്്‌ലിം ഉമ്മമാരും പ്രത്യേക കരുതലും സ്‌നേഹവും തങ്ങളോടൊക്കെ കാണിച്ചിരുന്നു. പലപ്പോഴും ആതിഥ്യ മര്യാദയും വാല്‍സല്യവുംകൊണ്ട് വീര്‍പ്പുമുട്ടിക്കുകയും ചെയ്യാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."