മലമ്പനി; രാമനാട്ടുകര മൈത്രി നഗറില്‍ ആരോഗ്യവിഭാഗം സന്ദര്‍ശനം നടത്തി
ഫറോക്ക്: മലമ്പനി റിപ്പോര്‍ട്ട് ചെയ്ത രാമനാട്ടുകര നഗരസഭയിലെ 10ാം വാര്‍ഡ് മൈത്രി നഗറില്‍ ആരോഗ്യ വിഭാഗം സന്ദര്‍ശനം നടത്തി. അഡീഷനല്‍ ഡി.എം.ഒ ആശാദേവിയുടെ നേതൃത്വത്തിലുളള സംഘമാണ് പ്രദേശത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയത്. സോണല്‍ എന്‍ഡമോളജിസ്റ്റ് അഞ്ജു വിശ്വന്‍, ജില്ലാ മലേറിയ ഓഫിസര്‍ കെ. പ്രകാശ്കുമാര്‍, അസി. എന്‍ഡമോളജിസ്റ്റ് എന്‍. ശ്രീകൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മൈത്രി നഗറിലെ കൊതുകുസാന്ദ്രതാ പഠനം നടത്തി.
രാമനാട്ടുകര നഗരസഭാധ്യക്ഷന്‍ വാഴയില്‍ ബാലകൃഷ്ണന്‍ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. മൈത്രി നഗറിലെ സ്ത്രീക്കാണ് മലേരിയ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മലമ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നഗരസഭയിലെ മുഴുവന്‍ റസിഡന്‍സ് അസോസിയേഷനുകളുടെയും യോഗം ഇന്നു രാവിലെ 11നു വിളിച്ചുചേര്‍ത്തിട്ടുണ്ട്.
മലമ്പനി പ്രതിരോധ നടപടികളുടെ ഭാഗമായി മൈത്രി നഗറില്‍ ഇന്നലെയും പനി സര്‍വെ നടത്തി രക്തസാംപിളുകള്‍ ശേഖരിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം ആശ, റസിഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ വീടുകള്‍ കയറിയിറങ്ങി സ്‌പ്രേയിങ്ങും ബോധവല്‍കരണവും നടത്തുന്നുണ്ട്. കൊതുക് നിവാരണത്തിന്റെ ഭാഗമായുളള ഉറവിട നശീകരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും തുടരുകയാണ്.
മലമ്പനി, മന്തുരോഗ നിര്‍ണയത്തിനായി രാത്രി ബൈപാസ് മേല്‍പാല നിര്‍മാണ പ്രവൃത്തിയിലേര്‍പ്പെട്ട 55 ഇതരസംസ്ഥാന തൊഴിലാളികളുടെ രക്തസാംപിളുകള്‍ ശേഖരിച്ചു. നഗരസഭ ഉപാധ്യക്ഷ പി.കെ സജ്‌ന, രാജന്‍ പുല്‍പ്പറമ്പില്‍, എന്‍. സുരേഷ്‌കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."