ഇരുപത്തേഴാം രാവ് പകലാക്കി പള്ളികളില്‍ വിശ്വാസികള്‍ ഒത്തുകൂടി
കാസര്‍കോട്: റമദാന്‍ ഇരുപത്തേഴാം
രാവില്‍ ലൈലത്തുല്‍ ഖദ്‌റിന്റെ പുണ്യം പ്രതീക്ഷിച്ച് രാത്രിയെ ധന്യമാക്കി വിശ്വാസികള്‍ മസ്ജിദുകളില്‍ ഒത്തുകൂടി. തറാവീഹ് നിസ്‌കാരത്തിനു ശേഷം മസ്ജിദുകളില്‍ ആരംഭിച്ച പ്രത്യേക പ്രാര്‍ഥനകളില്‍ മുഴുകി രാത്രിയെ പകലാക്കിയ വിശ്വാസികള്‍ ഒരുപോള കണ്ണടച്ചില്ല.
ഖുര്‍ആന്‍ പാരായണം ചെയ്തും ദീര്‍ഘനേരം നിസ്‌കാരത്തിലേര്‍പ്പെട്ടും ലൈലത്തുല്‍ ഖദ്‌റിന്റെ പുണ്യം പ്രതീക്ഷിച്ചു പള്ളികളില്‍ കഴിച്ചുകൂട്ടിയ വിശ്വാസികള്‍ ശനിയാഴ്ച പുലര്‍ച്ചെയോടെയാണു വീടുകളിലേക്കു മടങ്ങിയത്. ജില്ലയിലെ എല്ലാ പള്ളികളിലും ശനിയാഴ്ച പുലരും വരെ പ്രാര്‍ഥനാസദസുകളായിരുന്നു.
കാസര്‍കോട് നഗരത്തിലെ പ്രധാന പള്ളികളായ തളങ്കര മാലിക് ദീനാര്‍ വലിയ ജുമാമസ്ജിദ്, നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ്, ടൗണ്‍ മുബാറക് മസ്ജിദ്, സുന്നി സെന്റര്‍ മസ്ജിദ്, മസ്ജിദ് ഹസനത്തുല്‍ ജാരിയ്യ, തെരുവത്ത് ജുമാ മസ്ജിജ്, തായലങ്ങാടി ഖിള്ര്‍ ജുമാ മസ്ജിദ്, അബൂബക്കര്‍ സിദ്ദീഖ് മസ്ജിദ്, സലഫി സെന്റര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വിശ്വാസികള്‍ തിങ്ങിനിറഞ്ഞു. പള്ളികളില്‍ മണിക്കൂറുകള്‍ നീണ്ട തസ്ബീഹ് നിസ്‌കാരവും കൂട്ടു പ്രാര്‍ഥനകളും നടന്നു. വിവിധ മഹല്ലുകളില്‍ നിന്നു പ്രവാചക കീര്‍ത്തനങ്ങള്‍ ആലപിച്ചു കൂട്ടമായാണു പലരും മാലിക് ദീനാര്‍ മഖാം സിയാറത്തിനും പ്രാര്‍ഥനയ്ക്കും എത്തിയത്.
മാലിക് ദീനാര്‍ വലിയ ജുമാ മസ്ജിദ് ഖത്വീബ് അബ്ദുല്‍ മജീദ് ബാഖവി പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കി. തെരുവത്ത് ഹൈദ്രോസ് ജുമാ മസ്ജിദില്‍ ഖത്തീബ് മീരാന്‍ ബാഖവി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."