ശോഭാ ഗ്രൂപ്പ് ലേബര്‍ ക്യാംപ് മാലിന്യ പ്രശ്‌നം റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണമെന്ന് കലക്ടര്‍
പെരുമണ്ണ: കുറ്റിക്കാട്ടൂര്‍ മുണ്ടുപാലം റോഡ് പുത്തലത്ത്താഴം ശോഭാ ഗ്രൂപ്പ് ലേബര്‍ ക്യാംപിലെ മാലിന്യ പ്രശ്‌നം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ഉടന്‍ നല്‍കാന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, റവന്യു വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവരോട് കലക്ടര്‍ ആവശ്യപ്പെട്ടു.
ക്യാംപിലെ കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ വയലിലേക്കും പുഴയിലേക്കും ഒഴുക്കിവിടുന്നതിനെതിരേ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം.
300 ഇതരസംസ്ഥാന തൊഴിലാളികളാണ് ലേബര്‍ ക്യാംപിലുള്ളത്. ഒരു മുറിയില്‍ എട്ടു പേരാണ് താമസിക്കുന്നത്. നിലവില്‍ 300 പേര്‍ക്ക് 1000 ലിറ്ററിന്റെ രണ്ട് സെപ്റ്റിക് ടാങ്കുകളാണുള്ളത്. രൂക്ഷമായ ദുര്‍ഗന്ധം വമിക്കുന്ന സ്ഥലങ്ങളിലാണ് ഇവര്‍ താമസിക്കുന്നത്. കക്കൂസ് മാലിന്യം തൊട്ടടുത്ത വയലുകളിലും പുഴയിലേക്കും ഒഴുക്കിവിടുന്നതായും ഇതു തങ്ങള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായും പരിസരവാസികള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും ജില്ലാ കലക്ടറുടെയും ശ്രദ്ധയില്‍പ്പെടുത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, തഹസില്‍ദാര്‍ ഇ. അനിതകുമാരി, എന്‍വയണ്‍മെന്റ് അസിസ്റ്റന്റ് എന്‍ജിനീയര്‍ സൗമ ഹമീദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.മാമ്പുഴയിലേക്ക് മാലിന്യം തള്ളുന്ന ലേബര്‍ ക്യാംപ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് സ്ഥാപനത്തിന്റെ ദേശീയപാതക്കരികിലുള്ള കോര്‍പറേറ്റ് ഓഫിസിന് മുന്നില്‍ ജൂണ്‍ എട്ടിന് വൈകിട്ട് നാലിന് ധര്‍ണ നടത്തുമെന്ന് മാമ്പുഴ സംരക്ഷണ സമിതി ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."