മത്തിക്കായല്‍ മുട്ടില്‍ പാടശേഖരത്ത് കൊയ്ത്തുത്സവം ഏഴിന് ശുഭപ്രതീക്ഷയില്‍ കര്‍ഷക കൂട്ടായ്മ
ചാവക്കാട്: മത്തിക്കായല്‍ മുട്ടില്‍ പാടശേഖരത്ത് 40 ഏക്കറില്‍ നഗരസഭയുടെ സഹകരണത്തോടെ ജനകീയ കൂട്ടായ്മ നടപ്പിലാക്കിയ നെല്‍കൃഷിയുടെ കൊയ്ത്തുത്സവം ഏഴിന് നടക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ എന്‍.കെ അക്ബര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നെല്‍കൃഷി തുടര്‍ച്ചയായി നഷ്ടത്തിലായതിനെ തുടര്‍ന്ന് കഴിഞ്ഞ തവണത്തേതിന്റെ മുന്‍വര്‍ഷം കൃഷി നടന്നിരുന്നില്ല. പാടശേഖരത്ത് കൃഷി പുനരുജ്ജീവിപ്പിക്കണമെന്ന നഗരസഭയുടെയും കര്‍ഷക കൂട്ടായ്മയുടെയും താല്‍പര്യത്തില്‍ കഴിഞ്ഞ തവണ വീണ്ടും കൃഷിയിറക്കിയെങ്കിലും അതും നഷ്ടമായിരുന്നു.
നഷ്ടം വകവയ്ക്കാതെ 105 ഏക്കര്‍ പാടശേഖരത്തിലെ 40 ഏക്കര്‍ സ്ഥലത്ത് ഇത്തവണ വീണ്ടും കൃഷിയിറക്കി. ജ്യോതി ഇനത്തില്‍ പെട്ട വിത്തായിരുന്നു വിതച്ചത്. നഗരസഭയുടെ സഹായവും കര്‍ഷക കൂട്ടായ്മയ്ക്ക് ലഭിച്ചു.
1,25,000 രൂപ വിത്ത്, വളം, കീടനാശിനി എന്നിവക്കും 65,500 രൂപ കൂലിച്ചെലവ് ഇനത്തിലും കൃഷിക്കായി നഗരസഭയുടെ ആസൂത്രണ ഫണ്ടില്‍ നിന്ന് അനുവദിച്ചു. ജില്ലയില്‍ പലയിടത്തും വെള്ളമില്ലാതെ നെല്‍കൃഷി നശിച്ചുപോയപ്പോള്‍ മത്തിക്കായല്‍ മുട്ടില്‍ പാടശേഖരത്ത് വെള്ളത്തിന് ബുദ്ധിമുട്ടുണ്ടായില്ല.നടുത്തോട് കീറി വെള്ളം സംഭരിച്ചിരുന്നു. ഇതില്‍ നിന്ന് വെള്ളം പമ്പ് ചെയ്യാന്‍ മോട്ടോറുകളും പലയിടത്ത് നഗരസഭ സ്ഥാപിച്ചു.
11 ലക്ഷത്തോളം രൂപ കര്‍ഷകര്‍ക്ക് ചെലവായി. തുടര്‍ച്ചയായി നഷ്ടങ്ങള്‍ ഏറ്റുവാങ്ങിയ പാടശേഖരത്തിലെ കൃഷി ഇത്തവണ ലാഭത്തിലേക്ക് വഴിമാറിയെന്നതാണ് നഗരസഭക്കും കര്‍ഷക കൂട്ടായ്മക്കും ഒരു പോലെ ആഹ്ലാദം പകരുന്നത്. അടുത്ത തവണ കൂടുതല്‍ സ്ഥലത്ത് കൃഷിയിറക്കാന്‍ നെല്‍കൃഷിയിലെ ഈ വിജയഗാഥ പ്രചോദനം നല്‍കുന്നതായി മത്തിക്കായല്‍ മുട്ടില്‍ കര്‍ഷക കൂട്ടായ്മ സെക്രട്ടറി പി.കെ ബാലന്‍ പറഞ്ഞു.
അടുത്ത ഞായറാഴ്ച രാവിലെ നടക്കുന്ന കൊയ്തുത്സവം മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. കെ.വി.അബ്ദുല്‍ ഖാദര്‍ എം.എല്‍.എ അധ്യക്ഷനാകും. വാര്‍ത്താ സമ്മേളനത്തില്‍ നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍മാരായ കെ.എച്ച് സലാം, എ.സി ആനന്ദന്‍, എം.ബി രാജലക്ഷ്മി, എ.എ മഹേന്ദ്രന്‍, സഫൂറ ബക്കര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."