20 കുട്ടികള്‍ക്ക് അറിവിന്റെ കവാടം തുറന്നു
തിരുവനന്തപുരം: ജില്ലാ കലക്ടര്‍ എസ്.വെങ്കടേസപതിയുടെ കര്‍ശന നിര്‍ദേശം 20 കുട്ടികള്‍ക്ക് അറിവിന്റെ കവാടം തുറക്കുന്നതിന് അനുഗ്രഹമായി. പെരിങ്ങമല ഗ്രാമപഞ്ചായത്ത് പരിധിയിലെ ഇയ്യക്കോട് പ്രവര്‍ത്തനമാരംഭിക്കാനിരുന്ന അങ്കണവാടിയാണ് കുട്ടികള്‍ക്ക് അക്ഷരങ്ങളുടെ ബാലപാഠവും കളിചിരികളുടെ മേളപ്പെരുക്കവും പകരാന്‍ തുറക്കപ്പെടുന്നത്. അടിപ്പറമ്പില്‍ പ്രവര്‍ത്തിച്ചിരുന്ന 30ാം നമ്പര്‍ അങ്കണവാടി ഇയ്യക്കോടേക്ക് മാറ്റി പ്രവര്‍ത്തനമാരംഭിക്കാന്‍ പഞ്ചായത്ത് കമ്മിറ്റി മുന്‍പ് എടുത്ത തീരുമാനം അവിചാരിതമായി ഉണ്ടായ പ്രാദേശിക കാരണങ്ങളാല്‍ നീണ്ടുപോവുകയായിരുന്നു. ഇതോടെ നിലവില്‍ പ്രവര്‍ത്തിച്ചിരുന്ന അങ്കണവാടി പൂട്ടിയ നിലയിലും പുതിയ കെട്ടിടം തുറക്കാനാവാത്ത അവസ്ഥയിലുമായി. കുട്ടികളുടെ പഠന സ്വപ്നങ്ങള്‍ നിലച്ചതോടെ വിഷമത്തിലായ നാട്ടുകാര്‍ ഊരില്‍ ഒരു ദിവസം അദാലത്തില്‍ ജില്ലാ കലക്ടര്‍ക്ക് മുന്നില്‍ പരാതിയുമായെത്തി.വിഷയം ഗൗരവമുള്ളതെന്ന് ചൂണ്ടിക്കാട്ടിയ കലക്ടര്‍ അടിയന്തരമായി അങ്കണവാടി കെട്ടിടം തുറന്നു പ്രവര്‍ത്തിക്കാനും കുട്ടികള്‍ക്ക് പഠനസൗകര്യം ഒരുക്കാനും പെരിങ്ങമല ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."