ട്രൈബല്‍ ഹോസ്റ്റല്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നടപടിയില്ല
പുല്‍പ്പള്ളി: ട്രൈബല്‍ ഹോസ്റ്റല്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നടപടിയായില്ല.
നാല് വര്‍ഷം മുമ്പ് പെരിക്കല്ലൂരില്‍ നിര്‍മാണ പ്രവൃത്തി ആരംഭിച്ച വിദ്യാര്‍ഥികള്‍ക്കുള്ള ട്രൈബല്‍ ഹോസ്റ്റല്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ വൈകുന്നത് വിദ്യാര്‍ഥികളെ വലയ്ക്കുന്നു. പെരിക്കല്ലൂര്‍ ഗവ. ഹൈസ്കൂളിന് സമീപത്ത് 50 സെന്റ് സ്ഥലത്ത് മുന്‍ മന്ത്രി പി.കെ ജയലക്ഷ്മി തറക്കല്ലിട്ട് പണി ആരംഭിച്ച ട്രൈബല്‍ ഹോസ്റ്റല്‍ നിര്‍മാണം നീളുന്നതിനാല്‍ വിദ്യാര്‍ഥികള്‍ മുള്ളന്‍കൊല്ലിയിലെ ഒരു തിയേറ്റര്‍ കെട്ടിടത്തിലാണ് ഇപ്പോള്‍ കഴിയുന്നത്. ഇവിടെയാകട്ടെ അടിസ്ഥാനസൗകര്യം പോലുമില്ല. ഈ അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ കുട്ടികളെ പുതിയ ഹോസ്റ്റലിലേക്ക് മാറ്റുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. 4.86 കോടി ചെലവില്‍ 86 വിദ്യാര്‍ഥികള്‍ക്കും 30 ഓളം ജീവനക്കാര്‍ക്കും താമസിക്കാന്‍ കഴിയുന്ന തിരത്തിലുള്ള ഹോസ്റ്റലാണ് നിര്‍മിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്നുള്ള വീഴ്ച കാരണമാണ് വിദ്യാര്‍ഥികള്‍ ഇപ്പോഴും അടിസ്ഥാന സൗകര്യമില്ലാത്ത കെട്ടിടത്തില്‍ കഴിയേണ്ടിവരുന്നത്. ഹോസ്റ്റല്‍ നിര്‍മിക്കുന്നതിനുള്ള സ്ഥലം കൃത്യമായി രേഖപ്പെടുത്താത്തതിനാല്‍ നിര്‍മാണത്തോടനുബന്ധിച്ച് വിവാദങ്ങളുമുണ്ടായി. ഇപ്പോള്‍ റീ സര്‍വെയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാത്തതിനാല്‍ ട്രൈബല്‍ ഹോസ്റ്റലിലേക്ക് വാഹനങ്ങള്‍ കൊണ്ടു പോകാന്‍ കഴിയാത്ത അവസ്ഥയാണ്. ഇത് നിര്‍മാണ പ്രവൃത്തിയെയും ദോഷകരമായി ബാധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."