HOME
DETAILS
MAL
മരണത്തിലും മുന്നിലേക്ക് അമേരിക്ക
backup
April 07 2020 | 00:04 AM
വാഷിങ്ടണ്‍: ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് ബാധിച്ച രാജ്യമായ അമേരിക്ക, കൊവിഡ് ബാധിച്ചുള്ള മരണസംഖ്യയുടെ കാര്യത്തിലും മറ്റു രാജ്യങ്ങളെ പിന്തള്ളി മുന്നിലേക്കെത്തുന്നു. നിലവില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറ്റലിയിലും സ്‌പെയിനിലുമാണെങ്കിലും ഈ രാജ്യങ്ങളിലേതിനേക്കാള്‍ ദ്രുതഗതിയിലാണ് അമേരിക്കയില്‍ മരണസംഖ്യ ഉയരുന്നത്.
ഇറ്റലിയില്‍ 15,887 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. ദിവസങ്ങളായി ഇറ്റലിയില്‍ മരണസംഖ്യ നിയന്ത്രണവിധേയമായിട്ടുണ്ടെന്നാണ് കണക്കുകളില്‍ വ്യക്തമാകുന്നത്. 1,28,948 പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സ്‌പെയിനില്‍ കഴിഞ്ഞ ദിവസവും അറിനൂറിലേറെ പേര്‍ മരിച്ചിട്ടുണ്ട്. ഇവിടെ മരണസംഖ്യ 13,055 ആയി ഉയര്‍ന്നു. 1,35,032 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍, അമേരിക്കയില്‍ 9,664 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇവിടെ 3,37,925 പേര്‍ക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ദിനംപ്രതി ആയിരങ്ങള്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിക്കുന്നത്. അതിനാല്‍തന്നെ അമേരിക്കയില്‍ ദ്രുതഗതിയിലാണ് മരണസംഖ്യ ഉയരുന്നത്. രണ്ടരലക്ഷത്തോളം പേര്‍ അമേരിക്കയില്‍ മാത്രം കൊവിഡ് ബാധിച്ചു മരിക്കുമെന്ന പ്രസ്താവനയ്ക്കു പിന്നാലെ, ഭീകരമായ ദിവസങ്ങളാണ് മുന്നിലുള്ളതെന്നു വ്യക്തമാക്കി കഴിഞ്ഞ ദിവസവും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു.
ഈ മൂന്നു രാജ്യങ്ങള്‍ക്കു പുറമേ, ഫ്രാന്‍സിലും അതിവേഗത്തിലാണ് മരണസംഖ്യ ഉയരുന്നത്. 8,078 പേരാണ് ഫ്രാന്‍സില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. 92,839 പേര്‍ക്കു രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. ജര്‍മനിയില്‍ 1,584 പേര്‍ മരിച്ചപ്പോള്‍ 1,00,132 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയില്‍ 3,331 പേരാണ് മരിച്ചത്. 81,708 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇറാനില്‍ 60,500 പേര്‍ക്കു രോഗം ബാധിക്കുകയും 3,739 പേര്‍ മരിക്കുകയും ചെയ്തു. ബ്രിട്ടനില്‍ 3,739 പേര്‍ മരിച്ചു. 47,806 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
തുര്‍ക്കിയില്‍ 574, സ്വിറ്റ്‌സര്‍ലന്‍ഡില്‍ 734, ബെല്‍ജിയത്തില്‍ 1,632, നെതര്‍ലന്‍ഡില്‍ 1,766, കാനഡയില്‍ 280, ഓസ്ട്രിയയില്‍ 220, പോര്‍ച്ചുഗലില്‍ 311, ബ്രസീലില്‍ 487, ദക്ഷിണ കൊറിയയില്‍ 186, ഇസ്‌റാഈലില്‍ 51, റഷ്യയില്‍ 47, പാകിസ്താനില്‍ 50 എന്നിങ്ങനെയാണ് മരണസംഖ്യ. മറ്റു രാജ്യങ്ങളിലും മരണസംഖ്യയും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണവും കൂടിയിട്ടുണ്ട്. അതേസമയം, പാകിസ്താനിലും തബ്‌ലീഗ് സംഗമത്തില്‍ പങ്കെടുത്തവര്‍ക്കു കൊവിഡ് ലക്ഷണങ്ങളുണ്ട്. ലാഹോറില്‍ കഴിഞ്ഞ മാസം നടന്ന പരിപാടിയില്‍ പങ്കെടുത്ത ഇരുപതിനായിരത്തോളം പേരെ നിരീക്ഷണത്തിലാക്കിയതായാണ് വിവരം.
പരിപാടിയില്‍ പങ്കെടുത്ത മറ്റുള്ളവരെ കണ്ടെത്താന്‍ ശ്രമം നടക്കുന്നുമുണ്ട്. ഒരു ലക്ഷത്തിലേറെ പേര്‍ പരിപാടിയില്‍ പങ്കെടുത്തതായാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."