ലോക പരിസ്ഥിതി ദിനാചരണം; നന്മ മരങ്ങള്‍ നട്ടു
മീനങ്ങാടി: ലോക പരിസ്ഥിതി ദിനത്തില്‍ നട്ടു പിടിപ്പിക്കുന്നതിനായി ആര്‍ട് ഓഫ് ലിവിങ് ജില്ലാ വികസന സമിതി വിവിധ ഇനം ഫലവൃക്ഷങ്ങളുടെ 1500 തൈകള്‍ വിതരണം ചെയ്തു. ആര്‍ട് ഓഫ് ലിവിങ്ങിന്റെ മീനങ്ങാടി, കല്‍പ്പറ്റ, അമ്പലവയല്‍, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, വെള്ളമുണ്ട എന്നീ സെന്ററുകള്‍ വഴി വിതരണം ചെയ്യുന്ന തൈകളില്‍ ഒരാള്‍ അഞ്ച് തൈകള്‍ വീതം നട്ട് സംരക്ഷിക്കുമെന്നും പ്ലാസ്റ്റിക് തിരസ്‌കരിക്കുക അല്ലെങ്കില്‍ പുനരുപയോഗിക്കുക എന്നുമുള്ള പ്രതിജ്ഞകളോടെയാണ് പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങുക. വയനാട് സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തില്‍ നിന്നാണ് വിതരണത്തിനുള്ള തൈകള്‍ ലഭ്യമാക്കിയത്. ജില്ലാ പ്രസിഡന്റ് ആനന്ദ് പത്മനാഭന്‍, അപ്പെക്‌സ് മെമ്പര്‍ എ.കെ സുരേഷ് ബാബു, സെക്രട്ടറി സലീല, പ്രസാദ്, പുരുഷോത്തമന്‍ നേതൃത്വം നല്‍കി.
മാനന്തവാടി: നഗരസഭയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി ബ്ലോക്ക് ഹരിത സമിതി, നഗരസഭ ജൈവ വൈവിധ്യ പരിപാലന സമിതി, സാമൂഹ്യ വനവല്‍ക്കരണ വകുപ്പ്, ഇ.എം.എസ് ഗ്രന്ഥാലയം ചൂട്ടക്കടവ്, പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം എന്നിവയുടെ സഹകരണത്തോടെ ചൂട്ടക്കടവ് നഗരസഭാ ശ്മശാന ഭൂമിയിലും കബനീ തീരത്തും വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. പച്ചപ്പിനെയും തകിടം മറിയുന്ന ആവാസ വ്യവസ്ഥയെയും തിരിച്ച് പിടിക്കുക എന്ന ലക്ഷ്യത്തോടെ നഗരസഭയുടെ നേതൃത്വത്തില്‍ നടത്തിയ വൃക്ഷത്തൈ നടീല്‍ പരിപാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഇന്‍ചാര്‍ജ്ജ് പ്രദീപ ശശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ഹരിത സമിതി ചെയര്‍മാന്‍ ടി.സി ജോസ് അധ്യക്ഷനായി. നഗരസഭാ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി ബിജു, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗ്ഗീസ് ജോര്‍ജ്ജ്, നഗരസഭാ കൗണ്‍സിലര്‍മാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ സുരേഷ് ബാബു, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ സന്ധ്യ ആര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ. ഉസ്മാന്‍, പഴശി ഗ്രന്ഥാലയം സെക്രട്ടറി ഷാജന്‍ ജോസ്, ഇ.എം.എസ് ഗ്രന്ഥാലയം സെക്രട്ടറി പി. രാജന്‍, എഫ്.സി ചൂട്ടാസ് സെക്രട്ടറി ജംഷീര്‍, കെ.ടി വിനു, കെ.ബി സിമി സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ശാരദാ സജീവന്‍ സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ പി. സുരേഷ്ബാബു നന്ദിയും പറഞ്ഞു.
വാരമ്പറ്റ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വാരാമ്പറ്റ ബാണാസുരമല മീന്‍മുട്ടി ഇക്കോ ടൂറിസം സെന്ററില്‍ വൃക്ഷത്തെകള്‍ നട്ടു. കല്‍പ്പറ്റ റെയ്ഞ്ച് ഓഫിസര്‍ എന്‍.ടി ദിനേശ് ശങ്കര്‍, പടിഞ്ഞാറത്തറ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ റെല്‍ജു വര്‍ഗീസ്, വാരാമ്പറ്റ വി.എസ്.എസ് പ്രസിഡന്റ് കെ.കെ ശിവദാസ്, സെക്രട്ടറി എം.എസ് അശ്വിന്‍ പങ്കെടുത്തു.
കല്‍പ്പറ്റ: കേരള ഫോട്ടോഗ്രാഫേഴ്‌സ് ആന്‍ഡ് വീഡിയോഗ്രാഫേഴ്‌സ് യൂനിയന്‍ സി.ഐ.ടി.യു കല്‍പ്പറ്റ ഏരിയാ കമ്മിറ്റി ഒരു തൈ നടാം നാളേക്കായ് കാംപയിനിന്റെ ഭാഗമായ് ബൈപ്പാസ് മൂന്നേക്ര പ്രദേശവാസികള്‍ക്ക് തൈകള്‍ നല്‍കി. കല്‍പ്പറ്റ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സംഘടനാ അംഗങ്ങള്‍ തോട് സൈഡില്‍ മുള തൈകള്‍ നട്ടുപിടിപ്പിച്ചു. സോഷ്യല്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റും ഫോട്ടോഗ്രാഫേഴ്‌സ് സംഘടനയും സംയുക്തമായി ഒരു വര്‍ഷം നീളുന്ന കാംപയിനാണ് സംഘടിപ്പിക്കുന്നത്. ചടങ്ങില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ സുരേഷ്‌കുമാര്‍, സലീം കല്‍പ്പറ്റ, മുര്‍ശിദ് ലാമിയ, ദീപക് ജോഷി, രാകേഷ്, അര്‍ഷിദ്, പ്രദേശവാസികളായ ഷാഹിന, ജമീല, റഷീദ് പങ്കെടുത്തു.
മാനന്തവാടി: വയനാട് എന്‍ജിനീയറിങ് കോളജ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് ക്ലബിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് മരം നടലും പരിചരണവും പ്രിന്‍സിപ്പല്‍ അബ്ദുല്‍ ഹമീദ് നിര്‍വഹിച്ചു. സി.എ രവീന്ദ്രന്‍, ഷിജില്‍ സ്റ്റീഫന്‍, പി.ഡി സണ്ണി, ജി. ബിന്ദു സംസാരിച്ചു.
കല്‍പ്പറ്റ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സഹകരണ വകുപ്പ് നടപ്പിലാക്കുന്ന ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി കല്‍പറ്റ സര്‍വിസ് സഹകരണ ബാങ്ക് പെരുന്തട്ട ഗവ. യു.പി സ്‌കൂളില്‍ വിവിധതരം പ്ലാവുകളുടെ തോട്ടമൊരുക്കി.
ബാങ്ക് പ്രസിഡന്റ് സുരേഷ് ചന്ദ്രന്‍ ആദ്യവൃക്ഷം നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ലതിക, തുളസി, വനജ ജി.സി, മുഹമ്മദ് ബാവ, ഡയരക്ടര്‍മാരായ രജൂല ടി.കെ, ശശികുമാര്‍ പി.ആര്‍, ബാങ്ക് സെക്രട്ടറി എം.പി സജോണ്‍, വി. ഉഷാകുമാരി, അലവി വടക്കേതില്‍, അജയന്‍ കെ.പി, നാസര്‍, ബെന്നിലൂയീസ് നേതൃത്വം നല്‍കി.
കല്‍പ്പറ്റ: നഗരസഭയും സംസ്ഥാനയുവ ജനക്ഷേമബോര്‍ഡും ചേര്‍ന്ന് ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കല്‍പ്പറ്റയില്‍ ശുചീകരിച്ച കൈതോടുകളുടെ ഓരങ്ങളില്‍ മുളതൈകള്‍ വെച്ച് പിടിപ്പിച്ചു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ആര്‍. രാധാകൃഷ്ണന്‍ അധ്യക്ഷനായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു ജോസ്, കൗണ്‍സിലര്‍മാരായ വി. ഹാരിസ്, ടി. മണി, പി. വിനോദ്, വി.എം റഷീദ്, ജില്ലാ പ്രോഗ്രാം ഓഫിസര്‍ കെ.ജി പ്രദീപ് കുമാര്‍, ഡോ. പി. നന്ദു, യൂത്ത് കോഡിനേറ്റര്‍ വി. നൗഷാദ് നേതൃത്വം നല്‍കി.
കല്‍പ്പറ്റ: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് രാജീവ് യൂത്ത് ഫൗണ്ടേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ഗവ. ജനറല്‍ ഹോസ്പിറ്റല്‍ പരിസരത്ത് വൃക്ഷതൈ നട്ട് ഡോ. എസ്. കാവ്യവത്സരാജ് ഉദ്ഘാടനം ചെയ്തു. രാജീവ് യൂത്ത് ഫൗണ്ടേഷന്‍ ജില്ലാ ചെയര്‍മാന്‍ എം.എ ജോസഫ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ബെന്നി വെട്ടിക്കല്‍, സുന്ദര്‍രാജ് എടപ്പെട്ടി, കൗണ്‍സിലര്‍ പി. വിനോദ്കുമാര്‍, കെ. ജോണി ജോണ്‍, സെബാസ്റ്റിയന്‍ കല്‍പ്പറ്റ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.എസ് ബേസില്‍ രാജീവ്, കെ. മോഹന്‍കുമാര്‍, പി. ശ്രീനിവാസന്‍ നേതൃത്വം നല്‍കി.
കല്‍പ്പറ്റ: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി കണിയാമ്പറ്റ ഗ്ലോബല്‍ ആയുര്‍വേദിക്‌സില്‍ കേരളാസോഷ്യല്‍ ഫോറസ്റ്ററിയുടെ സഹകരണത്തോടെ ഔഷധ സസ്യങ്ങളുടേയും ഫലവൃക്ഷങ്ങളുടേയും തൈകള്‍ സൗജന്യമായി വിതരണം ചെയ്തു. വിതരണോദ്ഘാടനം വൈദ്യ ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി) ജില്ലാ പ്രസിഡന്റ് ഹാജി എ.കെ ഇബ്രാഹിം ഗുരുക്കള്‍ നിര്‍വഹിച്ചു. ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി കെ.ഡി രാജേഷ് വൈദ്യര്‍, വൈദ്യഫെഡറേഷന്‍ ജില്ലാ സെക്രട്ടറി എം.എ അഗസ്റ്റിന്‍ വൈദ്യര്‍, മണ്ഡലം സെക്രട്ടറി ഇളംചേരി അസീസ്, മണ്ഡലം പ്രസിഡന്റ് കെ. മോഹനന്‍ നേതൃത്വം നല്‍കി.
കല്‍പ്പറ്റ: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് എസ്.ഡി.പി.ഐയുടെ നേതൃത്വത്തില്‍ ജൂണ്‍ അഞ്ച് മുതല്‍ എസ്.ഡി.പി.ഐ സ്ഥാപകദിനമായ 21വരെ പരിസ്ഥിതി പ്രചാരണത്തിന്റെ ഭാഗമായി ജില്ലയില്‍ 15000 മഴ കുഴികള്‍ നിര്‍മിക്കും. കല്‍പ്പറ്റ ഗവ. ജനറല്‍ ആശുപത്രിയില്‍ വൃക്ഷതൈ നട്ട് ജില്ലാ പ്രസിഡന്റ് എന്‍. ഹംസ വാര്യാട് ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ് സുബൈര്‍ കല്‍പ്പറ്റ അധ്യക്ഷനായി. സെക്രട്ടറി ആര്‍.കെ ഷമീര്‍, കരീം മുട്ടില്‍, നൗഷീര്‍ പിണങ്ങോട്, സൈനു മാണ്ടാട്, ഇ.ടി സിദ്ദീഖ് നേതൃത്വം നല്‍കി.
കോട്ടകുന്ന്: റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരി-പുല്‍പ്പള്ളി പാതയോരത്ത് നട്ട വൃക്ഷതൈകളുടെ സമീപം വൃത്തിയാക്കുകയും കൂട് സ്ഥാപിക്കകയും വൃക്ഷതൈകള്‍ നടുകയും ചെയ്തു. പരിപാടിക്ക് അസോസിയേഷന്‍ രക്ഷാധികാരി ജോസ് കപ്യാര്‍മല, മോഹനന്‍ നവരംഗ്, റോയി, സത്യന്‍ നേതൃത്വം നല്‍കി.
സുല്‍ത്താന്‍ ബത്തേരി: മുനിസിപ്പാലിറ്റി അങ്കണത്തില്‍ നഗസരസഭ ജീവനക്കാരും ഭരണസമതിയും ചേര്‍ന്ന് വൃക്ഷതൈ നട്ടു. തൈനടീല്‍ നഗരസഭ ചെയര്‍മാന്‍ ടി.എല്‍ സാബു ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍ സംബന്ധിച്ചു. തുടര്‍ന്ന് സത്രംകുന്ന് ഡിവിഷനില്‍ നടുന്ന തൈകളുടെ വിതരണോദ്ഘാടനം കൗണ്‍സിലര്‍ ബാബു നിര്‍വഹിച്ചു.
ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ബത്തേരി മുനിസിപ്പാലിറ്റിയിലെ 35 ഡിവിഷനുകളിലും നടുന്ന വൃക്ഷതൈകളുടെ വിതരണോദ്ഘാടനം കട്ടയാട് അങ്കണവാടി പരിസരത്ത് നഗരസഭ ചെയര്‍മാന്‍ ടി.എല്‍ സാബു നിര്‍വഹിച്ചു. 5000 തൈകളാണ് മുനിസിപ്പാലിറ്റിയില്‍ കുടുംബശ്രീകളുടെ സഹായത്തോടെ നടുന്നത്.
പടിഞ്ഞാറത്തറ: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പടിഞ്ഞാറത്തറ ടൗണ്‍ ശാഖയൂത്ത് ലീഗ് കമ്മിറ്റിയുടെ നേത്രത്ത്വത്തില്‍ വൃക്ഷതൈകള്‍ നട്ടു. പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ നടന്ന വൃക്ഷതൈ നടല്‍ യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് കെ. ഹാരിസ് ഉദ്ഘാടനം ചെയ്തു. മുസ്തഫ കെ.എം ഷാഫി, പി.എം അബുബക്കര്‍, എം. അഷ്മില്‍, കെ. അബ്ദുല്‍ ഷക്കീര്‍, വി.കെ ജമാല്‍, നൗഫല്‍ ടി, ശിഹാബ്, എം. അഷ്മിര്‍ പങ്കെടുത്തു.
കൃഷ്ണഗിരി: ലോക പരിസ്ഥിതി ദിനത്തില്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വൃക്ഷ തൈ നടീല്‍ ചടങ്ങ് സംഘടിപ്പിച്ചു. ഡല്‍ഹി രഞ്ജി കോച്ചും മലയാളിയുമായ ഭാസ്‌കര്‍ പിള്ള വൃക്ഷ തൈ നട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആന്ധ്ര ക്രിക്കറ്റ് താരവും അണ്ടര്‍ 16 ഹെഡ് കോച്ചുമായ ജെ. കൃഷ്ണ റാവു, ഗുജറാത്ത് രഞ്ജി കോച്ച് ഹിതേഷ് മജുന്താര്‍, ജാര്‍ഖണ്ഡ് വുമണ്‍ കോച്ച് സഞ്ജയ് പാണ്ഡെ, കര്‍ണ്ണാടക മുന്‍ രഞ്ജി താരം കെ. ജശ്വന്ത്, പൂനെയില്‍ നിന്നുള്ള ഫിസിയോ രാഹുല്‍ഹുല്‍വാലിയ, തമിഴ്‌നാട്ടില്‍ നിന്നുള്ള ഫിസിയോ ശ്രീനിവാസ് റാവു, ട്രൈനേര്‍സായ നരേഷ് രാംദാസ്, പ്രിയങ്ക സിസോഡിയ, മലയാളി വീഡിയോ അനലിസ്റ്റായ ആരോണ്‍ തോമസ് എന്നീ ബി.സി.സി.ഐ ഒഫിഷ്യല്‍സിനൊപ്പം കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റായ നാസിര്‍ മച്ചാന്‍, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ജോ.സെക്രട്ടറിയുമായ സലിം കടവന്‍ പങ്കെടുത്തു.
വെള്ളമുണ്ട: പഞ്ചായത്ത് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്ന പരിസ്ഥിതി ദിനാചരണം എം.ജി.എന്‍.ആര്‍.ഇ.ജിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ടീച്ചര്‍ തൈ നട്ട് ഉദ്ഘാടനം ചെയ്തു.
വാര്‍ഡംഗം ഗീത മനോജ് സ്വാഗതവും ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.സി ഇബ്‌റാഹീം ഹാജി അധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്‌സണ്‍ സക്കീന കെ. മുഖ്യപ്രഭാഷണം നടത്തി.
സുല്‍ത്താന്‍ ബത്തേരി: വെല്‍ഫെയര്‍ പാര്‍ട്ടി മുനിസിപ്പാലിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് വൃക്ഷതൈകള്‍ നട്ടു. കട്ടയാട് നടന്ന പരിപാടി തൈനട്ട് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ടി.എല്‍ സാബു നിര്‍വഹിച്ചു.വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.കെ സഹദേവന്‍, കൗണ്‍സിലര്‍ ബാബു, വെല്‍ഫെയര്‍ പാര്‍ട്ടി ഭാരാവഹികളായ റഫീഖ്, ഷബീര്‍ജാന്‍, റഹീന, കെ. മുഹമ്മദ് സംബന്ധിച്ചു.
കല്‍പ്പറ്റ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഡി.വൈ.എഫ്.ഐ 10000 വൃക്ഷ തൈകള്‍ നട്ടു. ജില്ലയിലെ വിവിധ യൂനിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാതല ഉദ്ഘാടനം പാലക്കാമൂല ചെന്നാളി സ്‌കൂളില്‍ ജില്ലാ സെക്രട്ടറി കെ. റഫീഖ് നിര്‍വഹിച്ചു. കെ.ജി സുധീഷ് അധ്യക്ഷനായി. കെ.പി ഷിജു, ബീന രതീഷ്, കെ. മുഹമ്മദാലി, ലിജോ ജോണി, എ.കെ ജിതൂഷ്, കെ.ആര്‍ അനീഷ് സംസാരിച്ചു.
അമ്പലവയല്‍: ആറാം വാര്‍ഡ് കൃഷി സമിതി പരിസ്ഥിതിദിനം ആചരിച്ചു. ആറാം വാര്‍ഡിലെ എല്ലാ കുടുംബങ്ങള്‍ക്കും ഒന്ന് വീതം കറിവേപ്പിലയാണ് നല്‍കിയത്. വിതരണോദ്ഘാടനം വാര്‍ഡ് മെമ്പര്‍ കെ. ഷമീര്‍ നിര്‍വഹിച്ചു. സമിതി പ്രസിഡന്റ് എ. മുഹമ്മദാലി അധ്യക്ഷനായി.
ഹരിതചട്ട പരിധിയില്‍ സര്‍ക്കാര്‍ ഓഫിസുകള്‍; പ്രഖ്യാപനം നടത്തി
കല്‍പ്പറ്റ: ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളും ഹരിത നിയമാവലിക്ക് പരിധിയിലായി. ഇതിന്റെ ജില്ലാതല പ്രഖ്യാപനം ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ജില്ലാ കലക്ടര്‍ എസ്. സുഹാസ് നിര്‍വഹിച്ചു. സ്ഥലം മാറിപ്പോകുന്ന ജില്ലാ കലക്ടറുടെ ജില്ലയിലെ അവസാനത്തെ ഔദ്യോഗിക പരിപാടിയായിരുന്നു ലോക പരിസ്ഥിതി ദിനാചരണവും ഹരിത ചട്ടം പ്രഖ്യാപനവും.
ഹരിത നിയമാവലി പാലിക്കുന്നതിന് ഇനി മുതല്‍ പേപ്പറിലും പ്ലാസ്റ്റിക്കിലും തെര്‍മോക്കോളിലും നിര്‍മിച്ച എല്ലാത്തരം ഡിസ്‌പോസബില്‍ വസ്തുക്കളുടെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കണം. പരിസ്ഥിതിക്കിണങ്ങിയവയായ സ്റ്റീല്‍ചില്ല് പ്ലേറ്റുകള്‍, കപ്പുകള്‍, തുണി സഞ്ചി, മഷി പേന എന്നിവ ശീലമാക്കണം. ഡിസ്‌പോസബിള്‍ കപ്പുകള്‍, പ്ലേറ്റുകള്‍, ഗ്ലാസുകള്‍, കിറ്റുകള്‍ ഫ്‌ളക്‌സ് ബാനറുകള്‍, പ്ലാസ്റ്റിക് ബോക്കെകള്‍, പ്ലാസ്റ്റിക് പേനകള്‍ എന്നിവ ഒഴിവാക്കണം. ടിഷ്യൂപേപ്പര്‍, പേപ്പര്‍ മേശ വിരിപ്പ് എന്നിവ ഒഴിവാക്കി തുണി തൂവാല, തുണികൊണ്ടുള്ള വിരികള്‍ ഉപയോഗിക്കണം. മാലിന്യങ്ങള്‍ കൂട്ടിക്കലര്‍ത്തി വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കുന്നതും വലിച്ചെറിയുന്നതും കത്തിക്കുന്നതും, പ്ലാസ്റ്റിക് കവറുകളില്‍ ആഹാരം പാഴ്‌സല്‍ വാങ്ങുന്നതും ഹരിത ചട്ടത്തിന് എതിരാണ്. പുനഃചംക്രമണം ചെയ്യാന്‍ കഴിയാത്ത ഏതൊരു വസ്തുവിന്റെയും ഉപയോഗം കഴിയുന്നതും ഒഴിവാക്കുന്നത് ഹരിത ഓഫിസ് പാലിക്കുന്നതിനുള്ള നിബന്ധനയാണ്.
ചടങ്ങില്‍ ഹരിത നിയമാവലി പോസ്റ്റര്‍ ജില്ലാ കലക്ടര്‍ പ്രകാശനം ചെയ്തു. എ.ഡി.എം കെ.എം രാജു ലോക പരിസ്ഥിതി ദിന ഹരിത നിയമാവലി പ്രതിജ്ഞ ജീവനക്കാര്‍ക്ക് ചൊല്ലിക്കൊടുത്തു. ഹരിത കേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ബി.കെ സുധീര്‍ കിഷന്‍ അധ്യക്ഷനായി. ജില്ലാ പ്ലാനിങ് ഓഫിസര്‍ ഏലിയാമ്മ നൈനാന്‍, സിവില്‍ സ്റ്റേഷന്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നോഡല്‍ ഓഫിസര്‍ ഫ്രാന്‍സിസ് ചക്കനാത്ത്, ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ പി.യു ദാസ് സംസാരിച്ചു. ശുചിത്വ മിഷന്‍ അസി.കോഡിനേറ്റര്‍ എ.കെ രാജേഷ് സ്വാഗതവും ജൂനിയര്‍ സൂപ്രണ്ട് സുരേഷ് ബാബു നന്ദിയും പറഞ്ഞു.
നട്ട് നശിപ്പിക്കലല്ല, പരിപാലിക്കണം;ശ്രദ്ധേയമായി കാവണക്കുന്നിലെ കൊച്ചുവനം
മാനന്തവാടി: വനഭൂമിയില്ലാത്ത എടവക പഞ്ചായത്തില്‍ ഒരുവനമുണ്ട്. തരിശ് കിടന്ന മൊട്ടക്കുന്നില്‍ ദേശീയതൊഴിലുറപ്പ് പദ്ധതിയിലെ മനുഷ്യാധ്വാനം കൊണ്ടു നിര്‍മിച്ച വനം. പായോടിനടുത്തുള്ള കാവണക്കുന്നിലാണ് ഈ കൊച്ചുവനം. 2009 ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനത്തിലാണ് പൊതുശ്മശാനമായി ഉപയോഗിച്ചിരുന്ന നാല് ഏക്കറോളം സ്ഥലത്ത് വൃക്ഷതൈ നടീല്‍ ആരംഭിച്ചത്.
പരിസ്ഥിതി ദിനത്തില്‍ നാടാകെ നടുന്ന മരതൈകള്‍ ഏറെയും നശിച്ചുപോകുന്ന പതിവ്‌രീതിക്ക് വിപരീതമായി ഇവിടെ തൊഴിലുറപ്പ് പദ്ധതിയില്‍ പെടുത്തി വിവിധ തരം വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തി.
തരിശ് കിടന്ന മൊട്ടക്കുന്നില്‍ മഴക്കാലത്ത് നടുന്ന മരതൈകള്‍ വേനലില്‍ ഉണങ്ങിപ്പോകുക എന്ന വെല്ലുവിളിയും അതിജീവിച്ചാണ് ഈ വനം രൂപപ്പെട്ടത്. ഇതിനായി കുന്ന് തട്ടുകളായി തിരിച്ചും നീര്‍കുഴികള്‍ എടുത്തും മഴവെള്ളം പരമാവധി സംഭരിച്ചു. വേനല്‍കാലത്ത് ജൈവ പുതയിടലും വൃക്ഷതൈകള്‍ക്ക് ചുറ്റും പുതയിടല്‍ നടത്തിയും പരിരക്ഷിച്ച മരങ്ങളാണ് കൊച്ചുവനമായി തണല്‍ വിരിച്ച് നില്‍ക്കുന്നത്. വിവിധ ഇനം മാവുകള്‍, ഞാവല്‍, പൂവാക, മഹാഗണി, പതിമുഖം, പ്ലാവ്, വെട്ടി, വാക തുടങ്ങിയ ഇനങ്ങളില്‍ പെട്ട രണ്ടായിരത്തോളം വൃക്ഷങ്ങളാണ് ഇന്ന് ശ്മശാന ഭൂമിക്ക് തണലേകുന്നത്.
മൃതദേഹം സംസ്‌കരിക്കുന്നതിനായി കൊണ്ടുപോകുന്നതിനായി ഈ സ്ഥലത്തൂടെ മണ്‍റോഡും നിര്‍മിച്ചിട്ടുണ്ട്. മാവും പ്ലാവും എല്ലാം കായ്ച്ച് തുടങ്ങിയതോടെ കാവണക്കുന്നിലെ കൊച്ചുവനത്തില്‍ നിരവധി പക്ഷികളും മറ്റും ആവാസകേന്ദ്രമാക്കിയിരിക്കുകയാണ്. വനമില്ലാത്ത പഞ്ചായത്തില്‍ തരിശ്കുന്ന വനഭൂമിയാക്കി സംരക്ഷിക്കുന്നത് മറ്റു തദ്ദേശ സ്ഥാപനങ്ങള്‍ക്കും മാതൃകയായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."