ലോക്ക് ഡൗണ്‍ തുടരണം: ഐ.എം.എ
തിരുവനന്തപുരം: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യ വ്യാപകമായി നടപ്പിലാക്കിയ ലോക്ക് ഡൗണ്‍ നിലവിലെ കാലാവധിക്കു ശേഷവും 21 ദിവസം കൂടി തുടരണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷ (ഐ.എം.എ) ന്റെ വിദഗ്ധ സമിതി ആവശ്യപ്പെട്ടു.
ഇക്കാര്യം ചൂണ്ടിക്കാട്ടി ഐ.എം.എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായി സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസും, സെക്രട്ടറി ഡോ. ഗോപികുമാറും അറിയിച്ചു. ആരോഗ്യ വിദഗ്ധരുമായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടത്തിവന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇത്തരത്തില്‍ ഒരു നിര്‍ദേശം നല്‍കിയത്. ഇംഗ്ലണ്ട്, അമേരിക്ക, ഇറ്റലി, ജര്‍മ്മനി, സ്പെയിന് തുടങ്ങിയ രാജ്യങ്ങളിലെ ആരോഗ്യ വിദഗ്ധരുമായും ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പൊതുജനാരോഗ്യ വിദഗ്ധരുമായും ഒപ്പം കേരളത്തിലെ 50 ഓളം പൊതുജനാരോഗ്യ വിദഗ്ധരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനം കൈവരിച്ച നേട്ടം നിലനിര്‍ത്തുന്നതിന് ലോക്ക് ഡൗണ്‍ തുടരണം. ലോക്ക് ഡൗണ്‍ അവസാനിപ്പിച്ചാല്‍ വിദേശത്തുനിന്ന് വലിയ തോതില്‍ ആളുകളെത്തും.
ഇതു സമൂഹ വ്യാപനത്തിലേക്ക് കേരളത്തെ തള്ളിവിടാം. സംസ്ഥാനത്ത് നിരീക്ഷണത്തില്‍ ഇരിക്കുന്ന രോഗികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും, പൊതുസമൂഹത്തില്‍ ചിലര്‍ക്കും ആന്റീബോഡി ടെസ്റ്റുകളും റാപ്പിഡ് പി.സി. ആര് ടെസ്റ്റും കൂടുതല്‍ വ്യാപകമാക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."