ഓട്ടത്തിനിടെ കെ.എസ്.ആര്‍.ടി.സി ലോ ഫ്‌ളോര്‍ ബസ് കത്തിനശിച്ചു
തൊടുപുഴ: ഇടുക്കി റോഡില്‍ കുരുതിക്കളത്തിനുസമീപം കെ.എസ്.ആര്‍.ടി.സി ലോ ഫ്‌ളോര്‍ ബസ് ഓട്ടത്തിനിടെ കത്തിയമര്‍ന്നു. ഡ്രൈവറും കണ്ടക്ടറും അവസരോചിതമായി ഇടപെട്ട് തീപടരും മുന്‍പ് യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
തൊടുപുഴയില്‍നിന്ന് ഇന്നലെ രാവിലെ 8.30ന് കട്ടപ്പനയിലേക്ക് പുറപ്പെട്ട മൂലമറ്റം ഡിപ്പോയിലെ ബസാണ് കത്തിനശിച്ചത്. ഒന്‍പതരയോടെയായിരുന്നു സംഭവം. ബസില്‍ 35 ഓളം യാത്രക്കാരുണ്ടായിരുന്നു. മൂലമറ്റത്ത് നിന്ന് ബസ് പുറപ്പെട്ട് കുരുതിക്കളത്തിനുസമീപത്തെ ആറാമത്തെ ഹെയര്‍പിന്‍ വളവില്‍ എത്തിയപ്പോഴാണ് സംഭവം.
ഗിയര്‍ ലിവറിന് സമീപത്തുനിന്ന് ആദ്യം പുക ഉയര്‍ന്നു. ഇതോടെ കണ്ടക്ടര്‍ കുരുതിക്കളം സ്വദേശി ജോണ്‍ പി. സെബാസ്റ്റ്യന്‍ ബോണറ്റ് തുറന്ന് പരിശോധിച്ചു. അപ്പോഴേയ്ക്കും കൂടുതല്‍ പുകയായി. അതോടൊപ്പം തീയും ഉണ്ടായി. ഉടനെ ഡ്രൈവര്‍ ഉടുമ്പന്നൂര്‍ സ്വദേശി കെ.മധു ബസ് ഒതുക്കിനിര്‍ത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു.
ബാറ്ററി വയര്‍ വിഛേദിച്ച ഡ്രൈവര്‍ ബസിലുണ്ടായിരുന്ന ഫയര്‍ സേഫ്റ്റി ഉപയോഗിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചു.
അപ്പോഴേക്കും തീ പടര്‍ന്നിരുന്നു. സമീപത്തെ വീട്ടില്‍ നിന്ന് വെള്ളം കൊണ്ടുവന്ന് ഒഴിച്ച് തീ അണയ്ക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. ഇതിനിടെ ബസിലുണ്ടായിരുന്ന യാത്രക്കാര്‍ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചു. മൂലമറ്റം, തൊടുപുഴ എന്നിവിടങ്ങളില്‍നിന്ന് ഫയര്‍ഫോഴ്‌സും ആംബുലന്‍സും എത്തുമ്പോഴേക്കും ബസില്‍ പൂര്‍ണമായി തീ പടര്‍ന്നിരുന്നു. ബസിന്റെ ഡീസല്‍ ടാങ്കിലേയ്ക്ക് തീ പടരുന്നതിനു മുന്‍പേ ഫയര്‍ഫോഴ്‌സ് എത്തിയതിനാല്‍ കൂടുതല്‍ അത്യാഹിതം ഒഴിവായി.
കാഞ്ഞാര്‍ സി.ഐ മാത്യു ജോര്‍ജ്, എസ്.ഐ സാബു എന്‍. കുര്യന്‍, അഡീഷണല്‍ എസ്.ഐ പി. എം ഷാജി, കുളമാവ് എസ്.ഐ ഗോപിനാഥന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലിസും സ്ഥലത്തെത്തി.
തൊടുപുഴ- പുളിയന്മല സംസ്ഥാന പാതയില്‍ രണ്ടു മണിക്കൂറോളം ഗതാഗതവും തടസപ്പെട്ടു. മൂലമറ്റം ഫയര്‍ സ്‌റ്റേഷന്‍ ഓഫിസര്‍ ഇ. ജി ശശീന്ദ്രബാബുവിന്റെയും തൊടുപുഴ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ ടി. പി കരുണാകരപിള്ളയുടെയും നേതൃത്വത്തില്‍ മണിക്കൂറുകള്‍ പ്രയത്‌നിച്ചാണ് തീ പൂര്‍ണമായി അണച്ചത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിദഗ്ധ സംഘം ഇന്ന് ബസ് പരിശോധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."