ആര്‍ക്കു വേണ്ടി ഈ ഉദ്ഘാടനം..?
തൃക്കരിപ്പൂര്‍: നിര്‍മാണ പ്രവൃത്തി കഴിഞ്ഞു മാസങ്ങള്‍ പിന്നിട്ടിട്ടും വൈദ്യുതീകരിക്കാത്ത തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്ക് ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യാന്‍ ശ്രമം. എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടുകോടിയോളം രൂപ ചെലവഴിച്ചാണു പുതിയ ബ്ലോക്ക് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
ആശുപത്രിയിലെ പഴയ ഐ.പി, ഒ.പി ബ്ലോക്കുകള്‍ പൊളിച്ചുമാറ്റിയാണു പുതിയ മൂന്നു നില ബ്ലോക്ക് പണിതത്. നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിച്ച് ആറുമാസത്തോളമായെങ്കിലും വൈദ്യുതീകരണം നടത്തിയില്ല.
ദിവസവും നൂറുക്കണക്കിന് രോഗികളാണ് ഈ ആതുരാലയത്തില്‍ എത്തുന്നത്. സ്ഥല പരിമിതികള്‍ മൂലം രോഗികള്‍ ബുദ്ധിമുട്ടനുഭവിക്കുകയും കിടത്തി ചികിത്സക്ക് സൗകര്യം കുറഞ്ഞതിനാല്‍ വരാന്തയില്‍ കിടത്തുന്നതും വന്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.
കോടികള്‍ ചെലവഴിച്ച് പുതിയ ബ്ലോക്ക് നിര്‍മിച്ചിട്ടും അതു രോഗികള്‍ക്ക് ഉപകാരപ്പെടാത്തതില്‍ ആശുപത്രിക്കു മുന്നില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധം തുടങ്ങിയതോടെയാണ് വൈദ്യുതീകരിക്കാത്ത കെട്ടിടം ഉദ്ഘാടനം ചെയ്തു രക്ഷപ്പെടാന്‍ അധികൃതരുടെ ശ്രമമെന്നാണ് ആരോപണം.
മൂന്നു മാസം മുന്‍പ് വൈദ്യുതീകരണത്തിന് കരാര്‍ നടപടി പൂര്‍ത്തിയായെങ്കിലും വൈദ്യുതീകരണം നടന്നില്ല. ഈ മാസം 13ന് ആരോഗ്യ മന്ത്രിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വൈദ്യുതിയില്ലെങ്കില്‍ ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്താലും ഉപയോഗിക്കാന്‍ കഴിയില്ലെന്നാണു പറയുന്നത്.
പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വെവേറെ വാര്‍ഡുകള്‍, ഫാര്‍മസി, മീറ്റിങ് ഹാള്‍ തുടങ്ങിയ സൗകര്യങ്ങളാണ് പുതിയ ബ്ലോക്കിലുള്ളത്.
കൂടാതെ അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനു 20 ലക്ഷം രൂപ എസ്റ്റിമേറ്റില്‍ അനുവദിച്ചിട്ടുണ്ട്. ഡയാലിസിസ് സെന്റര്‍, എക്‌സ്‌റേ എന്നിവക്കും തുക അനുവദിച്ചിട്ടുണ്ട്. നിലവില്‍ ഈ അനുബന്ധ സൗകര്യങ്ങള്‍ ഒന്നും ഒരുക്കിയിട്ടുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."