കര്‍ണാടക: കോണ്‍ഗ്രസ് മന്ത്രിമാരുടെ പട്ടികയായി, കാലതാമസത്തിന് കാരണം ഡി.കെ.എസ്
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്.ഡി കുമാരസ്വാമി ചുമതലയേറ്റ് രണ്ടാഴ്ചയ്ക്കു ശേഷം കോണ്‍ഗ്രസിലെ മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമായി. ഡി.കെ ശിവകുമാര്‍ കാരണമാണ് മന്ത്രിപ്പട്ടിക തയ്യാറാക്കുന്നതില്‍ ഇത്രയും കാലതാമസമുണ്ടായതെന്നാണ് സൂചന. ബി.ജെ.പിക്ക് അധികാരം വിട്ടുകൊടുക്കാതെ പ്രതിസന്ധി തരണം ചെയ്തതിനു പിന്നാലെ ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി ഡി.കെ ആവശ്യമുന്നയിച്ചുവെന്നാണ് വിവരം.
എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അദ്ദേഹവുമായി ചര്‍ച്ച നടത്തുകയും രണ്ട് വകുപ്പുകള്‍ നല്‍കാമെന്ന ധാരണയില്‍ അവസാനം ഒത്തുതീര്‍പ്പില്‍ എത്തുകയുമായിരുന്നു. ജലസേചനം, മെഡിക്കല്‍ വിദ്യാഭ്യാസം എന്നീ വകുപ്പുകളാണ് ശിവകുമാറിന് ലഭിക്കുക.
ജാതി സമവാക്യവും ശിവകുമാറിനു മുന്നില്‍ തടസ്സമായി നിന്നു. പ്രബലരായ വൊക്കലിംഗ സമുദായത്തില്‍ നിന്നുള്ളയാണ് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. ശിവകുമാറും ഇതേ സമുദായത്തിലാണ്. രണ്ട് ഉന്നത സ്ഥാനങ്ങളില്‍ ഒരേ സമുദായത്തിലുള്ളവരെ ഉള്‍പ്പെടുത്തുന്നത് മറ്റുള്ളവരില്‍ സന്തോഷക്കുറവുണ്ടാകുമെന്നു കണ്ടാണ് മാറിയതെന്ന് ശിവകുമാര്‍ പറയുന്നു.
കോണ്‍ഗ്രസ് കര്‍ണാടക അധ്യക്ഷന്‍ ജി പരമേശ്വരമാവും ഉപമുഖ്യമന്ത്രി. 15 മന്ത്രിമാരുടെ കാര്യത്തിലാണ് കോണ്‍ഗ്രസില്‍ തീരുമാനമായത്. 33 അംഗ മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് 22 മന്ത്രിമാരുണ്ടാവും.
ധനകാര്യം, എക്‌സൈസ്, ഗതാഗത വകുപ്പുകള്‍ ജെ.ഡി.എസിനാണ്. ആഭ്യന്തരം, വ്യവസായം, റെവന്യൂ വകുപ്പുകള്‍ കോണ്‍ഗ്രസിനും. ധനവകുപ്പിനു വേണ്ടി രണ്ടു കക്ഷികളും അവസാനം വരെ പോരാടിയെങ്കിലും വിട്ടുകൊടുക്കാന്‍ രാഹുല്‍ ഗാന്ധി നിര്‍ദേശിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."