നിയന്ത്രണങ്ങൾ കർശനമായി പാലിക്കണം, അല്ലെങ്കിൽ രാജ്യത്ത് വരും മാസങ്ങളിൽ ലക്ഷക്കണക്കിന് പേർ കൊവിഡ് ബാധിതരാകുമെന്ന് സഊദി ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
റിയാദ്: ഭരണകൂടം നടപ്പാക്കുന്ന നിയന്ത്രണങ്ങൾ പൂർണമായും അംഗീകരിക്കണമെന്നും അല്ലെങ്കിൽ വരും മാസങ്ങളിൽ രാജ്യത്ത് ലക്ഷക്കണക്കിന് പേർ കോവിഡ് ബാധിതരാകുമെന്നും മുന്നറിയിപ്പ്. സഊദി ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അൽഅബ്ദുൽ ആലിയാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. റൊട്ടാന അൽഖലീജിയയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാഗ്രതാ നിയന്ത്രണങ്ങൾ നടപ്പാക്കാൻ വൈകിയ ചില രാജ്യങ്ങളിൽ രോഗം അനിയന്ത്രിതമായതായാണ് വിലയിരുത്തലെങ്കിലും അത്തരമൊരവസ്ഥ സഊദിയിൽ ഉണ്ടാകില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആശങ്കാജനകമായ ആൾകൂട്ടമാണ് കഴിഞ്ഞ ദിവസങ്ങളിൽ വ്യാപാര കേന്ദ്രങ്ങളിൽ പ്രകടമായത്. ഇത്തരം ആൾകൂട്ടങ്ങളിലെത്തുന്നവർ വൈറസ് ബാധിതരായി അവരുടെ വീടുകളിലെത്തിക്കുകയും അത് മൂലം സാമൂഹിക വ്യാപനം രൂക്ഷമാകുകയും ചെയ്യും. രോഗം അതിന്റെ പാരമ്യതയിൽ എത്താതിരിക്കാനാണ് പ്രധാന നഗരങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. നടന്നുപോകുന്ന വഴികളും സഞ്ചരിക്കുന്ന വാഹനങ്ങളും പങ്കെടുക്കുന്ന പരിപാടികളും വൈറസ് വ്യാപനത്തിന്റെ കാരണങ്ങളാണ്. നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ രാജ്യം അത്യന്തം അപകടത്തിലേക്ക് കൂപ്പുകുത്തും.
അതിനാൽ ജനങ്ങൾ മാർഗ നിർദേശം പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കിരീടാവകാശിയുടെ നിർദേശമനുസരിച്ച് 20 വകുപ്പുകളിലെ വിദഗ്ധ സംഘം നിരന്തരനിരീക്ഷണം നടത്തിവരികയാണെന്നും എൺപതിനായിരം ബെഡുകളും എട്ടായിരം അടിയന്തര ചികിത്സാ ബെഡുകളും 2000 ഐസൊലേഷൻ ബെഡുകളും എട്ടായിരത്തിലധികം വെന്റിലേറ്ററുകളും രാജ്യത്ത് സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."