വ്യാപാരികളും ഓട്ടോറിക്ഷക്കാരും തമ്മില്‍ തര്‍ക്കം; പൊലിസെത്തി പരിഹരിച്ചു
കൊട്ടിയം: കണ്ണനല്ലൂരില്‍ വ്യാപാരികളും ഓട്ടോറിക്ഷക്കാരും തമ്മില്‍ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം പൊലിസെത്തി പരിഹരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം.
ഓട്ടോറിക്ഷകള്‍ അനധികൃതമായി കൊല്ലം-ആയൂര്‍ സംസ്ഥാനപാതയില്‍ കണ്ണനല്ലൂര്‍ ജങ്ഷനില്‍ ബസ് സ്റ്റോപ്പിന് എതിര്‍വശം പാര്‍ക്ക് ചെയ്ത് ആളെ കയറ്റുന്നതിനെതിരേ ഏറെക്കാലമായി തര്‍ക്കം ഉണ്ടായിരുന്നു. ഇതു സംബന്ധിച്ചുള്ള പരാതി നേരത്തെ വ്യാപാരികള്‍ പൊലിസിന് നല്‍കിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഇവിടെ പാര്‍ക്ക് ചെയ്ത കാറിന് പിഴയിടാന്‍ ട്രാഫിക് വാര്ഡന് തുനിഞ്ഞതിനെ തുടര്‍ന്നാണ് തര്‍ക്കം ഉടലെടുത്തത്.
ഈ റോഡിന്റെ ഒരു വശം 10 ലേറെ ഓട്ടോകള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യാറുണ്ട്. ഇതിനു സമീപത്ത് നിര്‍ത്തിയിട്ട കാറിന് പിഴയിടുകയും ഓട്ടോകളെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് കൊട്ടിയം പൊലിസിന്റേതെന്ന് വ്യാപാരികള്‍ ആരോപിച്ചു. ആര്.എസ്.പിയുടെ ഒരു ഓട്ടോറിക്ഷ ഡ്രൈവേഴ്സ് സംഘടനയുടെ നേതൃത്വത്തിലാണ് ഇവിടെ അനധികൃത ഓട്ടോസ്റ്റാന്‍ഡ് പ്രവര്‍ത്തിക്കുന്നത്. തുടര്‍ന്ന് ഔട്ട് പോലിസ് ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ല. പിന്നീട് കൊട്ടിയം എസ്.ഐ അനൂപ് സ്ഥലത്തെത്തി താല്‍ക്കാലികമായി പ്രശ്നം ഒത്തുതീര്‍പ്പാക്കുകയായിരുന്നു. കൂടുതല്‍ പരാതികളുണ്ടെങ്കില്‍ സി.ഐ ഓഫിസില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് ഉറപ്പുനല്‍കിയതായി കൊട്ടിയം പൊലിസ് ഇരുകൂട്ടരെയും അറിയിച്ചു. അതേസമയം കൊട്ടിയം പൊലിസിന്റെ പക്ഷപാതപരമായ നിലപാടില്‍ വ്യാപാരി വ്യവസായി സംഘടന പ്രതിഷേധിച്ചു. പൊലിസ് നിലപാട് തിരുത്തി വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ നിന്ന് എല്ലാ ഓട്ടോകളും മാറ്റണമെന്ന് ജില്ലാ സെക്രട്ടറി നവാസ് പുത്തന്‍ വീട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."