കാര്‍ഡില്ലാത്തവര്‍ക്ക് റേഷനുണ്ടെന്ന് സര്‍ക്കാര്‍, ധാന്യവും നിര്‍ദേശവും കിട്ടിയിട്ടില്ലെന്ന് കടയുടമകള്‍
സ്വന്തം ലേഖകന്‍
ഏറ്റുമാനൂര്‍: ലോക്ക് ഡൗണിന്റെ സാഹചര്യത്തില്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും സൗജന്യമായി അരി നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനമനുസരിച്ച് റേഷന്‍ വാങ്ങാനെത്തുന്ന കാര്‍ഡില്ലാത്തവര്‍ നട്ടംതിരിയുന്നു. ആധാര്‍ നമ്പര്‍ സഹിതം സത്യവാങ്മൂലം നല്‍കിയാല്‍ റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കു ധാന്യങ്ങള്‍ ലഭ്യമാക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ സത്യവാങ്മൂലവുമായി റേഷന്‍ വാങ്ങാനെത്തിയവര്‍ നിരാശരായി മടങ്ങുന്ന കാഴ്ചയാണ് പലയിടത്തും.
ഏപ്രില്‍ ഒന്നു മുതല്‍ അഞ്ചു വരെ തിയതികളില്‍ റേഷന്‍ കാര്‍ഡ് നമ്പറിന്റെ അവസാന അക്കത്തിനുസരിച്ച് സൗജന്യ റേഷന്‍ വിതരണം എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഈ ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് നീല, വെള്ള കാര്‍ഡുടമകളോടൊപ്പം കാര്‍ഡില്ലാത്തവര്‍ക്കും റേഷന്‍ ലഭ്യമാക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ ആധാര്‍ നമ്പരുമായി കടകളിലെത്തിയ ആളുകളോട് തങ്ങള്‍ക്ക് ഇതു സംബന്ധിച്ച ഉത്തരവുകളോ നിര്‍ദേശങ്ങളോ ലഭിച്ചിട്ടില്ലെന്നായിരുന്നു കടയുടമകളുടെ മറുപടി. അഞ്ചാം തിയതിക്കു ശേഷം ലഭ്യമായേക്കുമെന്ന മറുപടിയും കേട്ട് തിരികെ പോന്നവര്‍ തിങ്കളാഴ്ച വീണ്ടും ചെന്നെങ്കിലും നിരാശയായിരുന്നു ഫലം.
കാര്‍ഡുടമകള്‍ക്കു നല്‍കാനുള്ള ധാന്യം പോലും ലഭിക്കുന്നില്ലെന്നാണ് കടയുടമകള്‍ പറയുന്നത്. ഇതിനിടെ ഏപ്രില്‍ ഒന്നിനു വിതരണം ചെയ്തു തുടങ്ങിയ അരി രണ്ടു ദിവസംകൊണ്ടു തന്നെ പല കടകളിലും തീര്‍ന്നു. ഇതോടെ കാര്‍ഡിന്റെ അവസാന നമ്പര്‍ അനുസരിച്ചുള്ള വിതരണവും പലയിടത്തും മുടങ്ങി. കുത്തരി, ചാക്കരി, പച്ചരി, ഗോതമ്പ് എന്നിവ ലഭ്യതയനുസരിച്ച് വീതംവച്ചു നല്‍കുകയാണ് വ്യാപാരികളിപ്പോള്‍.
പ്രശ്‌നം രൂക്ഷമായതോടെ ഈ മാസം 20 വരെ സമയമുണ്ടെന്നും ധൃതി കൂട്ടേണ്ടെന്നുമാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ റേഷന്‍ എന്നു ലഭിക്കുമെന്നതു സംബന്ധിച്ച് കൃത്യമായ വിവരം നല്‍കാന്‍ ആര്‍ക്കും കഴിയുന്നില്ല. ലോക്ക് ഡൗണിനിടയിലും റേഷന്‍ കടയില്‍ പോയി ക്യൂ നില്‍ക്കുമ്പോഴാണ് തങ്ങള്‍ക്കു റേഷന്‍ ലഭിക്കില്ലെന്ന് പലരും അറിയുന്നത്. എന്നാല്‍ കാര്‍ഡില്ലാത്തവര്‍ക്കു റേഷന്‍ നല്‍കാന്‍ തയാറാകുന്ന ചുരുക്കം ചില കടയുടമകളുമുണ്ട്. പക്ഷെ ഇ-പോസ് മെഷിനില്‍ ആധാര്‍ നമ്പര്‍ പരിശോധന കൃത്യമായി നടക്കാതെ വന്നത് ഇതിനും തടസമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."