പിരിച്ചുവിട്ടതില്‍ മനംനൊന്ത് എല്‍.ഐ.സി ഓഫിസിനുളളില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചയാള്‍ മരിച്ചു
അടിമാലി (ഇടുക്കി): പിരിച്ചുവിട്ടതില്‍ മനംനൊന്ത് എല്‍.ഐ.സി ഓഫിസിനുള്ളില്‍ പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച താല്‍കാലിക ജീവനക്കാരന്‍ മരിച്ചു. അടിമാലി ചാറ്റുപാറ വടക്കേക്കര ശിവന്‍ (കുട്ടന്‍ -54) ആണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ഇന്നലെ പുലര്‍ച്ചെ രണ്ടോടെ മരിച്ചത്. എല്‍.ഐ.സി അടിമാലി ശാഖയിലെ അസി. മാനേജരുടെ ക്യാബിന് മുന്നിലാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊളളലേറ്റ അസി. മാനേജര്‍ ജോസഫ്, ഡവലപ്‌മെന്റ് ഓഫിസര്‍ ശിവകുമാര്‍ എന്നിവരുടെ പരുക്ക് സാരമുളളതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രണ്ടു പതിറ്റാണ്ടിലേറെയായി അടിമാലി എല്‍.ഐ.സി ഓഫിസില്‍ ശിവന്‍ വിവിധ തസ്തികകളിലായി ജോലി നോക്കിയിരുന്നു. കഴിഞ്ഞ ദിവസം ശാഖ മാനേജര്‍ ശിവനെ ജോലിയില്‍നിന്നു പിരിച്ചുവിട്ടു. ഇതില്‍ മനംനൊന്താണ് ശിവന്‍ ജീവനൊടുക്കുകയെന്ന ലക്ഷ്യത്തോടെ പെട്രോളുമായി ഓഫിസിലെത്തി തീക്കൊളുത്തിയത്.മാര്‍ച്ച് 31 ആയതിനാല്‍ ബ്രാഞ്ചില്‍ ക്ലോസിങ് ഇടപാടുകള്‍ നടക്കുകയായിരുന്നു. ഇതിന്റെ രേഖകള്‍ പൂര്‍ണമായി നശിച്ചു. 20 ലേറെ കംപ്യൂട്ടറുകളും ഫര്‍ണിച്ചറുകളും കത്തിനശിച്ചവയില്‍ ഉള്‍പെടും. നഷ്ടം കണക്കാക്കിയിട്ടില്ല. അടിമാലി പൊലിസ് കേസ് എടുത്തിട്ടുണ്ട്.
ഇതിനിടെ ഇന്നലെ അടിമാലി ശാഖയിലെത്തിയ എല്‍. ഐ.സി കോട്ടയം ഡിവിഷനല്‍ മാനേജര്‍ ഉദുപ്പ് ജോസഫ് നഷ്ടം സംബന്ധിച്ച് വിവരശേഖരണം ആരംഭിച്ചു. ഇടപാടുകാര്‍ക്ക് ആശങ്കവേണ്ടെന്നും രേഖകളുടെ മുഴുവന്‍ പകര്‍പ്പുകളും സെര്‍വറില്‍ ഭദ്രമായുണ്ടെന്നും ഡിവിഷനല്‍ മാനേജര്‍ പറഞ്ഞു. ക്യാഷ് കൗണ്ടറിനടുത്ത് തീപിടിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഉഷ യാണ് ശിവന്റെ ഭാര്യ. മക്കള്‍ ശ്രീകുട്ടി, ശ്രീമോള്‍. കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."