കൊറോണ പ്രതിരോധം. ഖത്തറിനെ പ്രശംസിച്ചു യു.എന്‍.പ്രതിനിധികള്‍
ദോഹ: കൊറോണ പ്രതിരോധ നടപടകളില്‍ ഖത്തര്‍ പുലര്‍ത്തുന്ന കാര്യക്ഷമതയെ യുഎന്‍ പ്രകീര്‍ത്തിച്ചു. രാജ്യത്തുള്ള മുഴുവന്‍ ജനങ്ങള്‍ക്കും വിവേചനമില്ലാതെ സൗജന്യ വൈദ്യപരിശോധനയും ഉന്നത നിലവാരത്തിലുള്ള ചികില്‍സയും നല്‍കുന്ന ഖത്തറിന്റെ നടപടികളെയാണ് യുഎന്‍ പ്രതീര്‍ത്തിച്ചത്.
സുപ്രിം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്‌മെന്റ് ഔദ്യോഗിക വക്താവും സഹ വിദേശകാര്യ മന്ത്രിയുമായ ലലുവ ബിന്ത് ഷാഷിദ് ബിന്‍ മുഹമ്മദ് അല്‍ ഖാത്തര്‍ വിവിധ യുഎന്‍ പ്രതിനിധികളുമായി നടത്തിയ ഓണ്‍ലൈന്‍ കൂടിക്കാഴ്ച്ചയിലാണ് അവര്‍ ഖത്തറിനെ അഭിനന്ദിച്ചത്. കൊറോണ വൈറസിനെ നേരിടുന്നതിന് ഖത്തര്‍ പ്രാദേശികമായും അന്താരാഷ്ട്ര തലത്തിലും നടത്തുന്ന ശ്രമങ്ങള്‍ അല്‍ ഖാത്തര്‍ വിശദീകരിച്ചു.
അറബ് രാജ്യങ്ങളിലെ യുനെസ്‌കോ ഓഫിസ് ഡയറക്ടര്‍ ഡോ. അന്ന പാവോലിന, ഖത്തറിലെ ഇന്റര്‍നാഷനല്‍ ലേബര്‍ ഓഫിസ് ഡയറക്ടര്‍ ഹൗതാന്‍ ഹുമയൂണ്‍പൂര്‍, ഖത്തറിലെ യുഎന്‍ ഹ്യുമന്‍ റൈറ്റ്‌സ് ട്രെയ്‌നിങ് ആന്റ് ഡോക്യുമെന്റേഷന്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. അബ്ദുല്‍ സലാം സിദാഹ്മദ്, ഖത്തറിലെ യുനിസെഫ് മേധാവി ആന്റണി മക്ക്‌ഡൊണാള്‍ഡ്, യുഎന്‍എച്ച്‌സിആര്‍ ആക്ടിങ് പ്രസിഡന്റ് അയാത് എല്‍ ദെവാരി, മേഖലയിലെ ലോകാരോഗ്യ സംഘടനാ പ്രതിനിധി ഡോ. റയാന്‍ ബൂ ഹാക്ക എന്നിവരാണ് കൂടിക്കാഴ്ച്ചയില്‍ സംബന്ധിച്ചത്.
രോഗപ്രതിരോധത്തിന് ഖത്തര്‍ ദേശീയ തലത്തില്‍ സ്വീകരിച്ച നടപടികളെ അവര്‍ പ്രകീര്‍ത്തിച്ചു. സഹോദര രാജ്യങ്ങളില്‍ വൈദ്യസഹായമെത്തിക്കുകയും ആളുകളെ അവരുടെ രാജ്യങ്ങളിലെത്തിക്കുകയും ചെയ്യുന്നതിന് അന്താരാഷ്ട്ര തലത്തില്‍ ഖത്തര്‍ നടത്തുന്ന ഇടപെടലുകളെയും അവര്‍ പ്രശംസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."