കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍: ബാധ്യത ഏറ്റെടുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും: തോമസ് ചാണ്ടി
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പെന്‍ഷന്‍ ബാധ്യത പൂര്‍ണമായും ഏറ്റെടുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മന്ത്രി തോമസ് ചാണ്ടി. നിലവില്‍ പെന്‍ഷന്‍ തുകയുടെ പകുതി സര്‍ക്കാര്‍ നല്‍കുന്നുണ്ട്. മുഴുവനായി നല്‍കുന്ന സംവിധാനമുണ്ടാകണം. അതിനായി ശ്രമിക്കും. ഇക്കാര്യം മന്ത്രിസഭാ യോഗത്തില്‍ ഉന്നയിക്കും ഗതാഗതമന്ത്രിയായി ചുമതലയേറ്റ ശേഷം തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എസ്.ആര്‍.ടി.സിയെ നഷ്ടമില്ലാതെ നടത്തുകയാണ് തന്റെ ലക്ഷ്യം. നഷ്ടമില്ലാതെ എങ്ങനെ കെ.എസ്.ആര്‍.ടി.സിയെ ഓടിക്കാമെന്നാണ് ചിന്തിക്കുന്നത്. അതേസമയം ലാഭകരമല്ലാത്ത റൂട്ട് നിര്‍ത്തുന്നതിനോട് യോജിക്കുന്നില്ല. ലാഭകരമല്ലാത്ത റൂട്ട് നിര്‍ത്തലാക്കിയാല്‍ പൊതുഗതാഗത മാര്‍ഗം എന്ന് എങ്ങനെ പറയാനാകും. എല്ലാ ബസുകളും എയര്‍കണ്ടീഷന്‍ ആക്കണമെന്നാണ് തന്റെ ആഗ്രഹം.
ബജറ്റില്‍ കെ.എസ്.ആര്‍.ടി.സിക്കായി നീക്കിവെച്ച 3,000 കോടിയുടെ പദ്ധതിക്ക് താന്‍ സത്യപ്രതിജ്ഞ ചെയ്തയുടന്‍ ഭരണാനുമതി ലഭിച്ചു. വകുപ്പിനെ രക്ഷപ്പെടുത്താന്‍ എല്ലാ വശങ്ങളും പരിശോധിക്കേണ്ടതുണ്ട്. കെ.എസ്.ആര്‍.ടി.സി നവീകരണവുമായി ബന്ധപ്പെട്ട് സുശീല്‍ ഖന്നയുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഇത് വിശദമായി പഠിക്കും. മന്ത്രിസ്ഥാനം ഭാരിച്ച പണിയല്ലെന്നും എന്നാല്‍ കെ.എസ്.ആര്‍.ടി.സിയുടെ ചുമതല ഭാരം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. താനൊരു വലിയ ബിസിനസ് രാജാവൊന്നുമല്ല. വളരെ കഷ്ടപ്പെട്ടാണ് ഗള്‍ഫില്‍ പോയി പണമുണ്ടാക്കിയത്. മന്ത്രിസ്ഥാനം നിലവിലെ ബിസിനസിനെ ബാധിക്കില്ല.
കുട്ടനാട്ടിലെ കര്‍ഷകരെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്. ഇത് പരിഹരിക്കാനാണ് താന്‍ മുമ്പ് ജലവിഭവ വകുപ്പ് ആഗ്രഹിച്ചത്. എന്നാല്‍ ഇപ്പോള്‍ കിട്ടയത് ഗതാഗത വകുപ്പാണ്. 1,840 കോടിയുടെ കുട്ടനാട് പാക്കേജ് നടപ്പിലാക്കാനാകാത്തതാണ് തന്റെ മണ്ഡലത്തിനുണ്ടായ ഏറ്റവും വലിയ നഷ്ടം. ഇത് നടപ്പിലാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കേണ്ടത് ജല വകുപ്പാണ്. ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ പിറന്നാള്‍ ദിനത്തിലാണ് താന്‍ മന്ത്രിയായി ചുമതലയേറ്റതെന്നും ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുമെന്നും തോമസ് ചാണ്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."