വയനാടിന് വീണ്ടും രാഹുല്‍ഗാന്ധിയുടെ കൈത്താങ്ങ്; സമൂഹ അടുക്കളയ്ക്കായി 13 മെട്രിക് ടണ്‍ അരി നല്‍കും
കല്‍പ്പറ്റ: കൊവിഡ്-19 പ്രതിരോധപ്രവര്‍ത്തനം സജീവമായി തുടരുന്ന വയനാടിനു വീണ്ടും രാഹുല്‍ഗാന്ധി എം.പിയുടെ കൈത്താങ്ങ്. ജില്ലയിലെ സമൂഹ അടുക്കളയ്ക്കായി രാഹുല്‍ 13 മെട്രിക് ടണ്‍ അരി നല്‍കും. ഒരോ പഞ്ചായത്തിനും 500 കിലോഗ്രാം അരി വീതം ലഭിക്കും.
ഇതോടൊപ്പം സമൂഹ അടുക്കളയ്ക്ക് 50 കിലോ വീതം കടലയും പയറും നല്‍കും. നാളെ രാവിലെ 10ന് കല്‍പ്പറ്റ നഗരസഭാ ചെയര്‍മാനും മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റിനും നല്‍കി വിതരണത്തിനു തുടക്കം കുറിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല പറഞ്ഞു. ഏഴു ലക്ഷം രൂപയുടെ സാധനങ്ങളാണ് ജില്ലയില്‍ സമൂഹ അടുക്കളയ്ക്കായി രാഹുല്‍ നല്‍കുന്നത്.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അദ്യഘട്ടത്തില്‍ മാസ്‌കുകളും സാനിറ്റൈസറുകളും രാഹുല്‍ ജില്ലാ ഭരണകൂടത്തിന് എത്തിച്ചുകൊടുത്തിരുന്നു. എം.പി ഫണ്ടില്‍ നിന്ന് ഒരു കോടി രൂപയാണ് മാനന്തവാടി ജില്ലാ ആശുപത്രിക്കായി അനുവദിച്ചത്. ഈ ഫണ്ടില്‍ നിന്ന് 11,20,000 രൂപ വകയിരുത്തിയാണ് കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഉപയോഗിക്കാന്‍ പറ്റുന്ന സംവിധാനമുള്ള വെന്റിലേറ്ററുകള്‍ എത്തിച്ചത്.
ഇതോടൊപ്പം രാഹുലിന്റെ നിര്‍ദേശപ്രകാരം മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗം കുമാര്‍ കേത്കര്‍ അനുവദിച്ച 25 ലക്ഷം രൂപയ്ക്കും ഭരണാനുമതിയായിട്ടുണ്ട്. ഐ.സി.യു, വെന്റിലേറ്റര്‍, മറ്റു കൊവിഡ് പ്രതിരോധ ഉപകരണങ്ങള്‍ എന്നിവ വാങ്ങാനാണ് തുക അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."