കിടത്തി ചികില്‍സയില്ലാതെ തൃപ്പനച്ചി പ്രാഥമിക ആരോഗ്യകേന്ദ്രം
മഞ്ചേരി: വേണ്ടത്ര ജീവനക്കാരില്ലാത്തതിനാല്‍ കിടത്തി ചികില്‍സ നടത്താനാകാതെ തൃപ്പനച്ചി പ്രാഥമികാരോഗ്യ കേന്ദ്രം. രണ്ടേക്കര്‍ സ്ഥലവും കെട്ടിടങ്ങളുമുണ്ടെങ്കിലും ഡോക്ടര്‍, നഴ്‌സ്, മറ്റ് ജീവനക്കാര്‍ തുടങ്ങിയവരുടെ കുറവ് മൂലം കിടത്തി ചികില്‍സ നടത്താനാകുന്നില്ല.
പ്രദേശത്തെ ഏറ്റവും വലിയ പഞ്ചായത്തായ പുല്‍പ്പറ്റയിലെ നൂറുകണക്കിന് ജനങ്ങളുടെ ഏകാശ്രയമായ ഈ കേന്ദ്രത്തില്‍ കിടത്തി ചികില്‍സ മുടങ്ങിയിട്ട് വര്‍ഷങ്ങളായി. രണ്ട് ഡോക്ടറും ഒരു സ്റ്റാഫ് നഴ്‌സും മാത്രമാണിപ്പോഴുള്ളത്. നിത്യേന നാനൂറോളം രോഗികള്‍ എത്തുന്ന കേന്ദ്രത്തില്‍ വേനലില്‍ കടുത്ത ജലക്ഷാമമാണ്.
ഇതുമൂലം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയാസമനുഭവിക്കുന്നു. ആകെയുള്ള ഒരു കിണര്‍ വേനലാവുന്നതോടെ വറ്റും. കുഴല്‍ക്കിണര്‍ ഉണ്ടെങ്കിലും മോട്ടോര്‍ സ്ഥാപിച്ചിട്ടില്ല. മീഞ്ചിറയ്ക്കടുത്ത തയ്യില്‍ ഭാഗത്തുള്ള കിണര്‍ നവീകരിച്ചാല്‍ വെള്ളപ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരമാകുമെന്ന് ആശുപത്രി അധികൃതര്‍ തന്നെ പറയുന്നു.
മാസത്തില്‍ മുപ്പതിലേറെ ഫീല്‍ഡ് ക്യാംപുകള്‍ നടത്തുന്ന കേന്ദ്രത്തിന് ആകെയുള്ളത് ഇരുപതിലേറെ വര്‍ഷം പഴക്കമുള്ള ജീപ്പ് മാത്രമാണ്. ഡോക്ടര്‍ ഉള്‍പ്പെടെ ആറ് ജീവനക്കാരെയും ക്യാംപിനുള്ള സാധനസാമഗ്രികളും കൊണ്ടുപോകാന്‍ ഇതുമൂലം കടുത്ത പ്രയാസമാണ്. വാഹനത്തിന് അപേക്ഷിച്ചിട്ടും ഫലമില്ല. ജീപ്പിനു പകരം കൂടുതല്‍ സ്ഥലസൗകര്യമുള്ള വാന്‍ ആണ് വേണ്ടതെന്നും ജീവനക്കാര്‍ പറയുന്നു.
കിടത്തി ചികില്‍സ നിലവിലുള്ളപ്പോള്‍ പഞ്ചായത്തിലെ നൂറുകണക്കിന് രോഗികള്‍ക്ക് ഏറെ ആശ്വാസമായിരുന്നു. പ്രധാനമായും പ്രസവാവശ്യത്തിന് പ്രദേശത്തെ സ്ത്രീകളുടെ ഏകാശ്രയമായിരുന്നു ഈ കേന്ദ്രം.
അടിയന്തിരമായി രണ്ട് സ്റ്റാഫ് നഴ്‌സ്, നഴ്‌സിങ് അസിസ്റ്റന്റ്, ഗ്രേഡ് ടു ജീവനക്കാര്‍ എന്നീ തസ്തികകള്‍ ഏര്‍പ്പെടുത്തുകയും ഗൈനക്കോളജിസ്റ്റിനെ നിയമിക്കുകയും ചെയ്താല്‍ കിടത്തി ചികിത്സ ആരംഭിക്കാമെന്നാണ് പറയുന്നത്.
കിടത്തി ചികില്‍സ നടത്തിയിരുന്ന വാര്‍ഡ് ഇപ്പോള്‍ താല്‍ക്കാലിക മുറികളായി തിരിക്കുകയും ഉപകരണങ്ങള്‍ സൂക്ഷിക്കുകയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."