ലോക്ക് ഡൗണിനിടെ ക്രൂരത: 2,500 റിസോഴ്‌സ് അധ്യാപകരെ പിരിച്ചുവിട്ടു
സ്വന്തം ലേഖകന്‍
കോഴിക്കോട്: ലോക്ക് ഡൗണ്‍ നിലവിലിരിക്കെ ദിവസ, കരാര്‍ ജീവനക്കാരെ പിരിച്ചുവിടരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന ലേബര്‍ കമ്മിഷണറുടെയും ഉത്തരവിന് പുല്ലുവില. സംസ്ഥാനത്തെ 2,500 റിസോഴ്‌സ് അധ്യാപകരെ മാര്‍ച്ച് 31ന് പിരിച്ചുവിട്ടു. 20 വര്‍ഷത്തോളമായി ഡി.പി.ഇ.പി, എസ്.എസ്.എ, ഐ.ഇ.ഡി. എസ്.എസ്, ആര്‍.എം.എസ്.എ, എസ്.എസ്.കെ സ്‌കീമുകളിലും പ്രൊജക്ടുകളിലുമായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരാണ് റിസോഴ്‌സ് അധ്യാപകര്‍.
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സമഗ്ര ശിക്ഷ കേരളം (എസ്.എസ്.കെ) പദ്ധതിയില്‍ നിയമിക്കപ്പെട്ട റിസോഴ്‌സ് അധ്യാപകരെയാണ് ഇപ്പോള്‍ പിരിച്ചുവിട്ടിരിക്കുന്നത്. 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് എസ്.എസ്.കെ പദ്ധതിക്കായി ചെലവഴിക്കുന്നത്. സാധാരണ ഇത്തരം അധ്യാപകരെ മാര്‍ച്ച് 31ന് പിരിച്ചുവിട്ട് ഏപ്രില്‍ രണ്ടിന് പുനര്‍നിയമിക്കാറാണ് പതിവ്. എന്നാല്‍, ഇത്തവണ അതുണ്ടായില്ല. അതേസമയം, സംസ്ഥാനത്തെ ഓട്ടിസം സെന്ററുകളിലെ 150ഓളം റിസോഴ്‌സ് അധ്യാപകരെ ഏപ്രില്‍ രണ്ടിന് പുനര്‍നിയമിക്കുകയും ചെയ്തു. ലോക്ക് ഡൗണ്‍ മൂലം ഓട്ടിസം സെന്ററുകള്‍ അടച്ചിട്ടിരിക്കുകയാണ്.
2019 -20 സാമ്പത്തികവര്‍ഷം കേന്ദ്ര മാനവശേഷി മന്ത്രാലയം റിസോഴ്‌സ് അധ്യാപകര്‍ക്ക് 12 മാസത്തേക്ക് നിയമന അനുമതി നല്‍കിയെങ്കിലും സംസ്ഥാനത്ത് പത്ത് മാസമാണ് നല്‍കിയത്. അധ്യാപകര്‍ക്ക് നല്‍കാതിരുന്ന രണ്ടുമാസത്തെ വേതനം 2020 ഏപ്രിലിലെ വേതന ഫണ്ടായി ഉപയോഗിക്കുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നു. വേതനവിതരണത്തിന് മാറ്റിവച്ച ഫണ്ട് വകമാറ്റി ചെലവഴിക്കാനാണ് നിലവിലെ നീക്കമെന്നാണ് അധ്യാപകരുടെ ആരോപണം. മാര്‍ച്ച് 31ന് പിരിച്ചുവിട്ടെങ്കിലും ലോക്ക് ഡൗണില്‍ പ്രയാസത്തില്‍ കഴിയുന്ന ഭിന്നശേഷി കുട്ടികള്‍ക്ക് റിസോഴ്‌സ് അധ്യാപകരുടെ സേവനം ഉറപ്പാക്കണമെന്ന വിചിത്ര ഉത്തരവ് ഏപ്രില്‍ ഒന്നിന് സ്റ്റേറ്റ് പ്രൊജക്ട് ഡയരക്ടര്‍ ഇറക്കിയത് വിവാദമായിരുന്നു.
പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷി കുട്ടികള്‍ക്ക് പഠനപിന്തുണ നല്‍കുകയാണ് റിസോഴ്‌സ് അധ്യാപകരുടെ ജോലി. ഭിന്നശേഷി കുട്ടികളുടെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷാസേവനം, ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം, ബി.ആര്‍.സികള്‍ കേന്ദ്രീകരിച്ച് മെഡിക്കല്‍ ക്യാംപ്, ഉപകരണ വിതരണം, ചങ്ങാതിക്കൂട്ടം, പരിഹാര ബോധന പരിപാടികള്‍, സഹവാസ ക്യാംപുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ റിസോഴ്‌സ് അധ്യാപകരാണ് നിര്‍വഹിക്കുന്നത്. പത്ത് വര്‍ഷം പൂര്‍ത്തീകരിച്ച റിസോഴ്‌സ് അധ്യാപകര്‍ക്ക് സ്ഥിരനിയമനം നല്‍കണമെന്ന് 2016 ജൂണ്‍ 30ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, കോടതിവിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."