ചോമ്പാല്‍ തുറമുഖ വികസനം: പ്രത്യേക യോഗം ചേരും
വടകര: ചോമ്പാല്‍ തുറമുഖത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച് നടപ്പിലാക്കാന്‍ പ്രത്യേക യോഗം വിളിച്ചുചേര്‍ക്കാന്‍ താലൂക്ക് വികസന സമിതി തീരുമാനിച്ചു. ഇതില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, മത്സ്യത്തൊഴിലാളി സംഘടനകള്‍, വിവിധ വകുപ്പ് തലവന്മാര്‍ എന്നിവരെ പങ്കെടുപ്പിക്കും. നിലവില്‍ ചെളിയും മണലും നിറഞ്ഞ് തുറമുഖം മത്സ്യബന്ധനത്തിന് പ്രയാസം നേരിടുന്ന അവസ്ഥയിലാണ്. ഇതിനോടൊപ്പം ജലക്ഷാമം ശുചീകരണ പ്രവര്‍ത്തനങ്ങളെയും തടസപ്പെടുത്തുന്നുണ്ട്. തുറമുഖത്തേക്കുള്ള റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. ബയോഗ്യാസ് പ്ലാന്റും പ്രവര്‍ത്തിക്കുന്നില്ല.
ജില്ലയിലെ മറ്റു തുറമുഖങ്ങളില്‍ വകുപ്പ് മന്ത്രിയും മറ്റ് ഉദ്യോഗസ്ഥരും പരിശോധനകള്‍ക്കെത്തിയെങ്കിലും ഇവിടേക്കാരും തിരിഞ്ഞുനോക്കിയില്ലെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. താലൂക്കില്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി അനുവദിച്ച 130 ജനസംഭരണികളില്‍ 30 എണ്ണം പ്രവര്‍ത്തനം തുടങ്ങിയതായി തഹസില്‍ദാര്‍ അറിയിച്ചു. വടകര നഗരസഭാ പാര്‍ക്ക് ഉടന്‍ തുറന്നുകൊടുക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതായി നഗരസഭാ അധികൃതര്‍ പറഞ്ഞു.
വടകര-തൊട്ടില്‍പാലം, തൊട്ടില്‍പ്പാലം- കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വിസുകള്‍ മുഴുവനും സര്‍വിസ് നടത്തണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ജീവനക്കാരുടെ അഭാവമാണ് സര്‍വിസ് റദ്ദ് ചെയ്യുന്നതിനു കാരണമെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പറഞ്ഞു. 90 ലക്ഷം രൂപ ചിലവാക്കി എല്‍.ഐ.സി സഹായത്തോടെ തുടങ്ങിയ വിലാതപുരം കുടിവെള്ള പദ്ധതി ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യവുമുയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."