കൊറോണ രോഗികളില്‍ സ്ത്രീകള്‍ കുറവ്, പുരുഷന്മാരില്‍ വില്ലന്‍ പുകവലി: പഠനറിപ്പോര്‍ട്ട്
ജിദ്ദ: ആഗോള തലത്തിൽ കൊറോണ വൈറസ് രോഗികളിൽ സ്ത്രീകൾ പൊതുവെ കുറവെന് വിവിധ പഠന റിപ്പോർട്ട്. ലോകത്ത് കൊവിഡ് 19 ബാധിച്ചുള്ള പുരുഷൻമാരുടെ മരണനിരക്ക് സ്ത്രീകളെക്കാൾ ഇരട്ടിയോളം വരുന്നതായി അമേരിക്കൻ വൈറ്റ് ഹൗസിലെ കൊറോണ വൈറസ് കോർഡിനേറ്റർ ഡോക്ടർ ഡെബോറ ബ്രിക്‌സിനെ ഉദ്ധരിച്ചു പ്രമുഖ ചാനലായ എൻ ബി സി റിപ്പോർട്ട് ചെയ്തിരുന്നു.
ചൈനയിൽ അടക്കം വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം കൊവിഡ് 19 രോഗികളിൽ 65 ശതമാനവും പുരുഷൻമാരും 35 ശതമാനത്തോളം മാത്രമാണ് സ്ത്രീകളെന്നുമാണ് പ്രമുഖ ദിനപത്രമായ ഗാർഡിയൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ പുരുഷൻമാരുടെ മരണനിരക്ക് 2.8 രേഖപ്പെടുത്തിയപ്പോൾ സ്ത്രീകളുടേത് 1.7 മാത്രമാണെന്നും ഗാർഡിയൻ റിപ്പോർട്ടിലുണ്ട്. എന്നാൽ ലോകാരോഗ്യ സംഘടന ഇത്തരത്തിൽ ഒരു കണക്ക് ഔദ്യോഗിമായി പുറത്ത് വിട്ടിട്ടില്ല.
ശ്വാസനേന്ദ്രിയങ്ങളെ ആണ് കോവിഡ് 19 ബാധിക്കുന്നത് എന്നതിനാൽ തന്നെ, പുകവലി ഒരു പ്രധാന വില്ലനാകാനുള്ള സാധ്യതയാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം നാൽപത് ശതമാനത്തിൽ അധികം പുരുഷന്മാരും പുകവലിശീലമുള്ളവർ ആണ്. അതേ സമയം സ്ത്രീകളിൽ ഇത് പത്ത് ശതമാനത്തിൽ താഴെയാണ്. പുരുഷന്മാരിലെ ഉയർന്ന തോതിലുള്ള പുകവലി അവരുടെ ശ്വാസനേന്ദ്രിയങ്ങളെ ദുർബ്ബലമാക്കുന്നവെന്നും ഇത് പെട്ടെന്ന് രോഗം പിടിപെടാൻ കരണമാകുന്നുവെന്നും ചൂണ്ടി കാണിക്കുന്നു. പുകവലി കരുതലില്ലാത്ത ഒരു പ്രവൃത്തിയായതിനാൽ ഇത്തരക്കാരിൽ രോഗം പകരാനുള്ള സാധ്യത കൂടുതലാണെന്ന് ലോകാരോഗ്യ സംഘടനയും ശരിവെക്കുന്നുണ്ട്.
സിഗരറ്റുകളും ഹുക്കകളും കൈകൊണ്ട് പിടിച്ച ശേഷം അവ ചുണ്ടുകളിൽ വെക്കുന്നത്, കയ്യിൽനിന്നും വായിലേക്ക് രോഗം പകരാനുള്ള സാധ്യതയെ ബലപ്പെടുത്തുന്നവെന്നാണ് ഈ വിഷയത്തിലുള്ള ചോദ്യത്തിന് ഉത്തരമായി ലോകാരോഗ്യ സംഘടന നൽകിയത്.
സ്ത്രീകൾ പൊതുവെ പുരുഷന്മാരേക്കാൾ ഉയർന്ന പ്രതിരോധശക്തിയുള്ളവരായതിനാലാകും അവരിൽ രോഗ വ്യാപനം കുറവായതെന്നാണ് ന്യൂയോർക്കിലെ നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഹെൽത്തിലെ റിസർച്ച് ഡയറക്ടർ ഡോക്ടർ ജാനിനെ ക്ലയിറ്റോൺ അഭിപ്രായപ്പെട്ടത്. സ്ത്രീകളിലെ സഹജമായ പ്രതിരോധ ശേഷി വൈറസുകളെ പെട്ടെന്ന് തന്നെ പുറം തള്ളുന്നതിനാലും സ്ത്രീകൾക്ക് പുരുഷന്മാരിൽ നിന്നും വിത്യസ്തമായി എക്‌സ് ക്രോമസോം അധികമായതിനാലുമാകണം രോഗ പകർച്ചയിലെ ഈ കുറവെന്നും ചിലർ അഭിപ്രായപ്പെടുന്നു.
പെരുമാറ്റരീതിയിലെ വ്യത്യാസങ്ങൾ കാരണമായി കണ്ടെത്തിയ ചില അഭിപ്രായങ്ങളും ഈ വിഷയത്തിൽ ഉണ്ടായിട്ടുണ്ട്. സ്ത്രീകളെ അപേക്ഷിച്ചു, പുരുഷന്മാരിൽ കൈ കഴുകുന്നതും സോപ്പ് ഉപയോഗിക്കുന്നതുമായ ശീലങ്ങൾ കുറവാണ്.
അതേ സമയം, പൊതു ആരോഗ്യ നിർദേശങ്ങൾ മുഖവിലക്കെടുക്കുന്ന സ്ത്രീകളിൽ ചെറിയ അസ്വസ്ഥതകൾ ഉണ്ടായാൽ പോലും ഡോക്ടർമാരെ കാണുന്ന സ്വഭാവമാണ് കൂടുതലായും കണ്ടുവരുന്നത്. ഇത് രോഗ പ്രതിരോധത്തിന് ആക്കം കൂട്ടും.
എന്തായിരുന്നാലും വിഷയത്തിൽ കൂടുതൽ പഠനങ്ങളും അന്വേഷണങ്ങളും നടക്കേണ്ടതായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."